- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെ ടി ജലീൽ തള്ളിപ്പറയുന്നത് മുഖ്യമന്ത്രി പിണറായിയെ, പിന്നിൽ നിന്നു കുത്തുന്നു; ജസ്റ്റിസ് സിറിയക് ജോസഫിനെ ലോകായുക്തയായി പരിഗണിച്ചത് ജലീലിന്റെ ഗോഡ് ഫാദറായ മുഖ്യമന്ത്രി തന്നെയാണ്; പുറത്തുവിട്ടത് രഹസ്യ രേഖയല്ല; ജലീലിനെ തള്ളി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ലോകായുക്തയ്‌ക്കെതിരായ കെടി ജലീലിന്റെ ആരോപണങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനെ പിന്നിൽ നിന്ന് കുത്തുന്നതാണെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജസ്റ്റിസ് സിറിയക് ജോസഫിനെ ലോകായുക്തയായി പരിഗണിച്ചത് ജലീലിന്റെ ഗോഡ് ഫാദറായ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. പിണറായി വിജയനെയാണ് ജലീൽ തള്ളിപ്പറയുന്നത്.
കനപ്പെട്ട തെളിവായി ജലീൽ പുറത്തുവിട്ട ഹൈക്കോടതി ഉത്തരവ് കണ്ടു. ആ വിധി പ്രസ്താവം നടത്തിയിരിക്കുന്നത് അന്നത്തെ ചീഫ് ജസ്റ്റിസ് ബി സുഭാഷൺ റെഡ്ഡിയാണ്. ഡിവിഷൻ ബെഞ്ചിലെ അംഗം മാത്രമായിരുന്നു ജസ്റ്റിസ് സിറിയക് ജോസഫെന്നും അദ്ദേഹം പറഞ്ഞു. അങ്ങ് പുറത്തുവിട്ട 'രേഖ'യിൽ അതു വ്യക്തവുമാണ്. ഇതൊന്നും ആർക്കും അറിയാത്തതോ കിട്ടാത്തതോ ആയ രഹസ്യ രേഖയല്ല. ഹൈക്കോടതി വിധിയും എംജി സർവകലാശാല വിസിയുടെ നിയമനവുമൊക്കെ പൊതുസമൂഹത്തിന് മുന്നിലുള്ളതാണ്. ഇപ്പോൾ അതിനെ രഹസ്യരേഖയെന്ന പോലെ അവതരിപ്പിക്കുന്നതിൽ അർത്ഥമില്ലെന്നും വിഡി സതീശൻ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തി.
ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:
കെ.ടി ജലീൽ ഒരു കാര്യം മനസിലാക്കാനുള്ളത് ജസ്റ്റിസ് സിറിയക് ജോസഫിനെ ലോകായുക്തയായി പരിഗണിച്ചത് അങ്ങയുടെ ഗോഡ് ഫാദറായ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. ആ നിയമനത്തെ ചോദ്യം ചെയ്യുന്ന നിങ്ങൾ പിണറായി വിജയനെയാണ് തള്ളിപ്പറയുന്നത്. കനപ്പെട്ട തെളിവായി ജലീൽ പുറത്തുവിട്ട ഹൈക്കോടതി ഉത്തരവ് കണ്ടു. ആ വിധി പ്രസ്താവം നടത്തിയിരിക്കുന്നത് അന്നത്തെ ചീഫ് ജസ്റ്റിസ് ബി സുഭാഷൺ റെഡ്ഡിയാണ്. ഡിവിഷൻ ബെഞ്ചിലെ അംഗം മാത്രമായിരുന്നു ജസ്റ്റിസ് സിറിയക് ജോസഫ്. അങ്ങ് പുറത്തുവിട്ട 'രേഖ'യിൽ അതു വ്യക്തവുമാണ്. ഇതൊന്നും ആർക്കും അറിയാത്തതോ കിട്ടാത്തതോ ആയ രഹസ്യ രേഖയല്ല. ഹൈക്കോടതി വിധിയും എം.ജി വി സിയുടെ നിയമനവുമൊക്കെ പൊതുസമൂഹത്തിന് മുന്നിലുള്ളതാണ്. ഇപ്പോൾ അതിനെ രഹസ്യരേഖയെന്ന പോലെ അവതരിപ്പിക്കുന്നതിൽ അർത്ഥമില്ല.
2005 ജനുവരി 25-ന് പുറത്തുവന്ന വിധിയും 2004 നവംബർ 15-ന് ഡോ. ജാൻസി ജെയിംസ് എം.ജി സർവകലാശാല വൈസ് ചാൻസലർ ആയതും തമ്മിൽ എന്തു ബന്ധമാണുള്ളത്? ഇപ്പോൾ കണ്ണൂർ വി സിയുടെ നിയമനത്തെച്ചൊല്ലി നടക്കുന്നതു പോലെ വഴിവിട്ടുള്ളതാണെന്നോ നിയമം മറികടന്നുള്ളതാണെന്നോ തുടങ്ങി ഒരു ആക്ഷേപവും ഡോ. ജാൻസി ജെയിംസിന്റെ നിയമനത്തിൽ അന്നുണ്ടായിരുന്നില്ല. കേരളത്തിലെ ആദ്യ വനിതാ വൈസ് ചാൻസലറായ ജാൻസി ജെയിംസിന്റെ കാലയളവിൽ ജലീലിന്റെ ഭരണകാലത്തുണ്ടായതു പോലെ മാർക്ക് ദാന വിവാദവുമുണ്ടായിട്ടില്ല. 2008-ൽ എം.ജി വി സി സ്ഥാനം ഒഴിഞ്ഞ ശേഷം കേന്ദ്ര സർവകലാശാലയുടെ സ്ഥാപക വൈസ് ചാൻസലറായതും ജാൻസി ജെയിംസായിരുന്നു.
ബന്ധു നിയമനത്തിന്റെ പേരിലാണ് ജലീലിനെതിരെ ലോകായുക്ത വിധിയുണ്ടായത്. ബന്ധു നിയമനം ജലീൽ തന്നെ സമ്മതിച്ചതുമാണ്. ആ ഉത്തരവിന്റെ പേരിൽ നീതി പീഠത്തെയും വിധി പറഞ്ഞ ജഡ്ജിയുടെ ബന്ധുക്കളെയും ജനമധ്യത്തിൽ ആക്ഷേപിക്കുന്നത് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ കസേരയിലിരുന്നയാൾക്ക് ഭൂഷണമാണോയെന്ന് ജലീൽ തന്നെ ചിന്തിച്ചാൽ മതി. പിണറായി വിജയൻ നിർദ്ദേശിച്ച ലോകായുക്തയെ പരസ്യമായി ആക്ഷേപിക്കുന്ന ജലീൽ മുഖ്യമന്ത്രിയെ പിന്നിൽ നിന്നും കുത്തുകയാണ് ചെയ്യുന്നത്. പി.കെ കുഞ്ഞാലിക്കുട്ടിയെ കുടുക്കാൻ ഇ.ഡിയുടെ പിന്നാലെ നടന്നതിന്റെ പേരിൽ പിണറായി വിജയന്റെ കയ്യിൽ നിന്നും പരസ്യമായി കിട്ടിയ ശകാരവും പരിഹാസവും ജലീൽ മറന്നു കാണില്ല. പിണറായിയെ ഇപ്പോൾ പിന്നിൽ നിന്ന് കുത്താൻ ജലീലിനെ പ്രേരിപ്പിച്ചത് മുഖ്യമന്ത്രിയിൽ നിന്നും കിട്ടിയ ശകാരവും പരിഹാസവുമാകാം.
മറുനാടന് മലയാളി ബ്യൂറോ