തിരുവനന്തപുരം: കേരളത്തിലെ മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും വി എം സുധീരനുമെതിരെ കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശൻ രംഗത്ത്. ഹൈക്കമാൻഡ് എല്ലാ സ്വാതന്ത്ര്യങ്ങളും നൽകിയിട്ടും ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ ഇവർ പരാജയപ്പെട്ടെന്ന് അദ്ദേഹം വിമർശിച്ചു. യോജിച്ചു നിൽക്കാത്തതിനാലാണ് വീഴ്ച സംഭവിച്ചത്. തെരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ സുധീരനെ മാത്രം മാറ്റുന്നത് ശരിയല്ലെന്ന ഹൈക്കമാൻഡ് അഭിപ്രായത്തോട് തനിക്കും യോജിപ്പാണെന്നും സതീശൻ മനോരമ ന്യൂസ് പരിപാടിയായ നേരേ ചൊവ്വേയിൽ പറഞ്ഞു.

സ്വാശ്രയ പ്രശ്‌നത്തിൽ അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള അവസരം നിഷേധിച്ചതിൽ രമേശ് ചെന്നിത്തലയോടുള്ള നീരസവും വിഡി സതീശൻ പ്രകടിപ്പിച്ചു. ഒരാഴ്ച മുമ്പ് തന്നെ ഏൽപിച്ച ഉത്തരവാദിത്തം തൊട്ടുതലേന്ന് മാറ്റിയത് എന്തിനാണെന്ന് അറിയില്ല. അക്കാര്യത്തിൽ വിഷമവും ദുഃഖവുമുണ്ടെങ്കിലും ഈ ഘട്ടത്തിൽ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സ്വശ്രയ കോളേജിന്റെ അടിയന്തിര പ്രമേയ ചർച്ചയിൽ ഒരു മണിക്കൂർ മുമ്പെ വി.ഡി സതീശനെ മാറ്റി പകരം മുൻ മന്ത്രിയായ ശിവകുമാറിനെ ഏൽപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഓഫീസിൽ നിന്നും സന്ദേശം എത്തുകയായിരുന്നു.

നിയമസഭാ സമ്മേളനത്തിൽ തനിക്ക് ലഭിക്കേണ്ട അത്യപൂർവ്വമായ റെക്കോഡ് സ്വന്തം പാർട്ടി തന്നെ നിഷേധിച്ചതിനെ തുടർന്ന് നിയമസഭാ കക്ഷി യോഗം ബഹിഷ്‌കരിച്ച് സതീശൻ പ്രതിഷേധിച്ചിരുന്നു. മുൻ നിശ്ചയിച്ച പ്രകാരം വി.ഡി സതീശൻ തന്നെ അടിയന്തര പ്രമേയം അവതരിപ്പിച്ചിരുന്നെങ്കിൽ ഒരു ദിവസം തന്നെ ആറു ചർച്ചകളിൽ പങ്കാളിയായി എന്ന അത്യപൂർവ റെക്കോഡ് ലഭിക്കുമായിരുന്നു. ഇതെക്കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ സതീശൻ വിവരം അറിയിച്ചിരുന്നതുമാണ്.

എന്നാൽ വർഷങ്ങളായി സ്വാശ്രയ പ്രശ്‌നം ഉന്നയിച്ച് സംസാരിക്കുന്ന സതീശനെ അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതിൽ നിന്നും ഒഴിവാക്കുകയായിരുന്നു. ചോദ്യോത്തരം, ശ്രദ്ധക്ഷണിക്കൽ, ഉപക്ഷേപം എന്നിവക്കുപുറമേ സഭയിൽ അവതരിപ്പിച്ച മൂന്ന് ബില്ലുകളിലും സതീശൻ സാന്നിധ്യമറിയിച്ചു. അടിയന്തരപ്രമേയം അവതരിപ്പിക്കാൻ അനുവദിച്ചിരുന്നെങ്കിൽ ഒറ്റദിവസം സഭയിലെ എല്ലാനടപടികളിലും പങ്കെടുത്തെന്ന അപൂർവ റെക്കോഡായിരുന്നു ലഭിക്കേണ്ടിയിരുന്നത്. മുൻ ആരോഗ്യവകുപ്പ് മന്ത്രിയും എംഎൽഎയുമായ വി എസ് ശിവകുമാറിനാണ് അടിയന്തരപ്രമേയം അവതരിപ്പിക്കാനുള്ള ചുമതല പ്രതിപക്ഷം നൽകിയത്.

തലസ്ഥാനത്തെ യുഡിഎഫ് ഹർത്താൽ സ്വാശ്രയ സമരത്തിന്റെ പ്രഭ കെടുത്തി. ഹർത്താൽ നിലപാടിൽ നിന്നും താൻ ഒരിഞ്ച് മാറില്ലെന്നും നിലപാടിൽ ഉറച്ച് തന്നെയെന്ന് അദ്ദേഹം പറഞ്ഞു. ഹർത്താൽ നിലപാടിന്റെ പേരിൽ താനും എം.എം.ഹസ്സനും പാർട്ടിയിൽ പരിഹസിക്കപ്പെട്ടു. എങ്കിലും നിലപാടിൽ മാറ്റമില്ല. ഇതിന്റെ പേരിൽ പാർട്ടി എന്ത് നടപടിയെടുത്താലും അത് നേരിടാൻ തയാറാണെന്നും സതീശൻ പറഞ്ഞു.