- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ കോൺഗ്രസ് ഒരുമിച്ച് നിൽക്കും; ശശി തരൂർ നമ്മുടെ ശത്രുവല്ല. അദ്ദേഹം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന കോൺഗ്രസ്സിന്റെ നേതാവാണ്; മൂന്ന് പ്രാവശ്യം കേരള തലസ്ഥാനത്ത് ഫാസിസ്റ്റ് ശക്തികളെ കെട്ടുകെട്ടിച്ച നമ്മുടെ പ്രിയപ്പെട്ട എംപി; നമ്മുടെ ശത്രുക്കൾ സിപിഎമ്മും ബിജെപിയുമാണ്; തരൂരിന് പിന്തുണയുമായി വി ഡി സതീശൻ
തിരുവനന്തപുരം: സോണിയാ ഗാന്ധിക്ക് കത്തെഴുതി എന്നതിന്റെ പേരിൽ തിരുവനന്തപുരം എംപി ശശി തരൂരിനെ ആക്രമിക്കുന്ന കോൺഗ്രസ് നേതാക്കളെ തള്ളി വി ഡി സതീശൻ എംഎൽഎ. ശശി തരൂരിന് പിന്തുണ നല്കി കൊണ്ട് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റിട്ടു. കേരളത്തിൽ കോൺഗ്രസ് ഒരുമിച്ചു നിൽക്കുമെന്നാണ് സതീശൻ രംഗത്തെത്തിയത്. ശശി തരൂർ നമ്മുടെ ശത്രുവല്ല. അദ്ദേഹം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന കോൺഗ്രസ്സിന്റെ നേതാവാണെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് പ്രാവശ്യം കേരള തലസ്ഥാനത്ത് ഫാസിസ്റ്റ് ശക്തികളെ കെട്ടുകെട്ടിച്ച നമ്മുടെ പ്രിയപ്പെട്ട എംപി. നമ്മുടെ ശത്രുക്കൾ സി പി എമ്മും ബിജെപിയുമാണെന്നും സതീശൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അടിവരയിടുന്നു.
വിഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
കേരളത്തിൽ കോൺഗ്രസ് ഒരുമിച്ച് നിൽക്കും. രാഷ്ട്രീയ കാര്യസമിതി യോഗം ചേർന്ന് കോൺഗ്രസ്സ് പ്രവർത്തക സമിതി എടുത്ത തീരുമാനത്തെ പിന്തുണക്കാൻ ഏകകണ്ഠമായി തീരുമാനിച്ചിട്ടുണ്ട്. കത്തിൽ ഒപ്പിട്ട ശശി തരൂരും പി.ജെ.കുരിയനും ആ തീരുമാനത്തിന്റെ കൂടെ നിൽക്കും. ശശി തരൂർ നമ്മുടെ ശത്രുവല്ല. അദ്ദേഹം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന കോൺഗ്രസ്സിന്റെ നേതാവാണ്. മൂന്ന് പ്രാവശ്യം കേരള തലസ്ഥാനത്ത് ഫാസിസ്റ്റ് ശക്തികളെ കെട്ടുകെട്ടിച്ച നമ്മുടെ പ്രിയപ്പെട്ട എംപി. നമ്മുടെ ശത്രുക്കൾ സി പി എമ്മും ബിജെപിയുമാണ്.
നേരത്തെ ശശി തരൂരിനെതിരെ ആഞ്ഞടിച്ച് കൊടിക്കുന്നിൽ സുരേഷ് എംപിയാണ് രംഗത്തെത്തിയിരുന്നത്. ശശി തരൂർ വെറും ഗസ്റ്റ് ആർട്ടിസ്റ്റാണെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ കത്തെഴുതിയ നേതാക്കളുടെ കൂട്ടത്തിൽ ശശി തരൂർ ഉൾപ്പെട്ടത് രാഷ്ട്രീയ പക്വത കുറവാണെന്നും കൊടിക്കുന്നിൽ സുരേഷ് കൂട്ടിച്ചേർത്തു. ദേശീയ നേതൃത്വത്തിൽ മാറ്റം വേണമെന്ന ആവശ്യം നേരത്തെ തന്നെ തള്ളിയതാണെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
'' പാർട്ടിയുടെ അതിർവരമ്പിനുള്ളിൽ നിന്നുകൊണ്ടുള്ള പാർട്ടി പ്രവർത്തനം ശശി തരൂരിന് ഇതുവരെ മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. അദ്ദേഹം വിശ്വ പൗരനായിരിക്കും. പക്ഷേ രാഷ്ട്രീയപരമായി അദ്ദേഹം അപക്വമായാണ് പ്രവർത്തിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ ഓരോ പ്രവർത്തനങ്ങളും വ്യക്തമാക്കുന്നത്. കോൺഗ്രസിന്റെ എംപിയായി നിൽക്കുമ്പോൾ പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കണം. അതല്ലാതെ താൻ വിശ്വപൗരനായതുകൊണ്ട് തനിക്ക് എന്തും ആകാമെന്ന് കരുതുന്നത് ശരിയല്ല. അദ്ദേഹം ഒരു ഗസ്റ്റ് ആർട്ടിസ്റ്റായാണ് കോൺഗ്രസിലേക്ക് വന്നത് ഇപ്പോഴും അങ്ങിനെ തന്നെ തുടരുന്നു'', കൊടിക്കുന്നിൽ സുരേഷ് പറഞ്ഞിരുന്നു.
എന്നാൽ, കെ എസ് ശബരിനാഥൻ എംഎൽഎ അടക്കമുള്ളവർ വിഷയത്തിൽ തരൂരിനെ പിന്തുണച്ചു കൊണ്ട് രംഗത്തുവരികയുണ്ടായി.
മറുനാടന് മലയാളി ബ്യൂറോ