കൊച്ചി: വി ഡി സതീശനെ തറപറ്റിക്കുമെന്ന് വീമ്പിളക്കിയ ബിജെപി- സംഘപരിവാറുകാർ മത്സരിക്കാൻ സ്ഥാനാർത്ഥിയില്ലാതെ നെട്ടോട്ടത്തിൽ. പറവൂരിൽ ബി ഡി ജെ എസിനാണു സീറ്റ് നൽകിയിരിക്കുന്നത്. ഇതിൽ ബിജെപിയിൽ ശക്തമായ പ്രതിഷേധമുണ്ട്. ഇത്തവണ വി.ഡി.സതീശൻ എംഎൽഎയെ നിയമസഭ കാണിക്കില്ലെന്ന് നിരവധി തവണ പൊതുസമ്മേളനങ്ങളിലും ഹിന്ദുമഹാസമ്മേളനങ്ങളിലും ആണയിട്ടു പറഞ്ഞ സംഘപരിവാർ ഇപ്പോൾ പറവൂരിൽ പിന്നാക്കം പോയിരിക്കുകയാണ്. കൊടുങ്ങല്ലൂർ, പറവുർ, വൈപ്പിൻ, കളമശ്ശേരി സിറ്റുകൾ ബി ഡി ജെ എസിനു വിട്ടുനൽകിയതിനെതിരേ ബിജെപി യിലെ ജില്ലാനേതൃത്വം ശക്തമായ പ്രതിഷേധത്തിലാണ്. പറവൂരിൽ വി.ഡി സതീശനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച സംഘപരിവാർ ഇതോടെ മുട്ടുമടക്കി തുടങ്ങി.

ബി ഡി ജെ എസിന്റ സ്ഥാനാർത്ഥിയായി പറവൂരിൽ മത്സരിക്കാൻ തയ്യാറെടുത്തിട്ടുള്ളയാൾ മണൽകടത്തും ക്രിമിനൽ കേസ്സടക്കം നിരവധി കേസ്സിലെ പ്രതിയാണത്രേ. ഒരു കോടി രുപയുടെ റവന്യു റിക്കവറിയും മുൻ എസ് എൻ.ഡിപി യൂണിയൻ നൽകിയ മാനനഷ്ടക്കേസടക്കം നിരവധി കേസ്സുകളുള്ള എസ് എൻ ഡി പി യൂണിയൻ ഭാരവാഹി കൂടിയായ വ്യക്തി മത്സരിക്കാൻ കുപ്പായം തുന്നിയത് ബിജെപി പ്രദേശിക നേതൃത്വത്തിൽ ശക്തമായ പ്രതിഷേധത്തിലാണ്.

അതിനിടെ 20 ഓളം എസ് എൻ ഡി പി ശാഖായുണിയൻ ഭാരവാഹികൾ രഹസ്യയോഗം ചേർന്നു. ഇയാൾക്കെതിരേ ശക്തമായി നിലപാട് കൈക്കൊള്ളാൻ യോഗത്തിൽ തീരുമാനമായി. വരും ദിവസങ്ങളിൽ നിരവധി ശാഖായുണിറ്റുകൾ പ്രതിഷേധം മറനീക്കി പുറത്തു വരും. തനിക്കെതിരെ നിലപാടെടുത്ത നിരവധി ശാഖാംഗങ്ങളെ ഇതിനൊടകം ഇയാൾ പുറത്താക്കിക്കഴിഞ്ഞു.

വി ഡി സതീശൻ എംഎൽഎയെ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പിള്ളി നടേശൻ മാതപിതാക്കളെ അവഹേളിച്ച് നടത്തിയ പ്രസംഗം വിവിധ എസ് എൻ ഡി പി ശാഖാംഗങ്ങളിൽ കടുത്ത അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. തുടക്കം മുതൽ ബിജെപി -ആർ എസ്സ് എസ്സ് കേന്ദ്രങ്ങൾ സതീശനെതിരെ ശക്തമായ നിലപാടുകൾ എടുത്തിരുന്നില്ല. ഹിന്ദു ഐക്യവേദിയും എസ്എൻഡിപിയുമാണ് സതീശനെതിരെ ശക്തമായ നിലപാട് എടുത്തതും വ്യക്തിഹത്യ നടത്തിയതും.

അതേസമയം എൽ ഡി എഫിൽ സതീശനെതിരെ മത്സരിക്കാനുള്ള ഇടതുപക്ഷസ്ഥാനാർത്ഥിയെക്കുറിച്ചു വ്യക്തതയായിട്ടില്ല. സിപിഐ യുടെ സീറ്റായ പറവൂരിൽ സിപിഐ നേതാവ് കുടിയായ പന്ന്യൻ രവീന്ദ്രൻ 11, 000 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. പറവൂരിലെ മുൻ എംഎൽഎയും സിപിഐ ജില്ലാ സെക്രട്ടറിയുമായ പി രാജുവിനെ വീണ്ടും മത്സരംഗത്ത് ഇറക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ ആലോചന. എന്നാൽ സിപിഐ ജില്ലാ സെക്രട്ടറി സ്ഥാനം നഷ്ടപ്പെടുത്തി രാജു ഒരു മത്സരത്തിന് ഇറങ്ങുമോ എന്നും എൽ ഡി എഫ് ക്യാമ്പിൽ തന്നെ സംശയമുണ്ട്.