- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെ റെയിലിൽ മുഖ്യമന്ത്രിക്ക് ഉത്തരമില്ല; പകരം വർഗീയത കുത്തി നിറയ്ക്കാനാണ് സിപിഎമ്മും പിണറായി വിജയനും ശ്രമിക്കുന്നത്; ശാസ്ത്ര സാഹിത്യ പരിക്ഷത്തും സിപിഐയും വർഗ്ഗീയ സംഘടനകൾ ആണോ? ഉത്തരം പറയാതെ പദ്ധതി നടത്തില്ലെന്നാണ് മറുപടി എന്ന് വി ഡി സതീശൻ
തിരുവനന്തപുരം: കെ- റെയിൽ സംബന്ധിച്ച് യു.ഡി.എഫ് വിശദമായ പഠനം നടത്തിയ ശേഷം സർക്കാരിനോട് ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാൻ മുഖ്യമന്ത്രി ഇതുവരെ തയാറായിട്ടില്ല എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഉത്തരം നൽകുന്നതിനു പകരം വർഗീയത കുത്തിനിറയ്ക്കാനാണ് സിപിഎമ്മും മുഖ്യമന്ത്രിയും ശ്രമിക്കുന്നത്.
യു.ഡി.എഫ് ബിജെപിയും ജമാഅത്ത് ഇസ്ലാമിയുമായി കൂട്ടുകൂടി റെയിലിനെ തകർക്കാൻ ശ്രമിക്കുന്നെന്നാണ് വീടുകളിൽ സിപിഎം വിതരണം ചെയ്യുന്ന ലഘുലേഖയിൽ ആരോപിക്കുന്നത്. യു.ഡി.എഫ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ യു.ഡി.എഫാണ് കെ- റെയിലിനെതിരെ സമരം ചെയ്തത്. സമരം ചെയ്യാൻ ആരുമായും കൂട്ടുകൂടിയിട്ടില്ല. ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്തതിനാലാണ് വർഗീയത ആരോപിക്കുന്നത്.
രണ്ടു ലക്ഷം കോടിയിലധികം ചെലവ് വരുന്ന ഒരു പദ്ധതിയെ കുറിച്ച് നിയമസഭയിൽ രണ്ടു മണിക്കൂർ ചർച്ച ചെയ്യാൻ തയാറാകാത്ത ആളാണ് ഇപ്പോൾ ലഘുലേഖ വിതരണം ചെയ്യുന്നത്. തട്ടിക്കൂട്ടിയ പദ്ധതി ആയതിനാലാണ് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്തത്. സർവെ നടത്തിയ സിസ്ട്ര എന്ന കമ്പനി പ്രതിനിധി തന്നെ തട്ടിക്കൂട്ട് സർവെ റിപ്പോർട്ടാണെന്നു പറഞ്ഞിട്ടുണ്ട്. കെ- റെയിലിന്റെ പേരിൽ വീടുകളിൽ കല്ലിടരുതെന്നു പറഞ്ഞ ഹൈക്കോടതിയെ വരെ സർക്കാർ പരിഹസിക്കുകയാണ്.
എല്ലാ ദിവസവും വൈകുന്നേരം പത്ര സമ്മേളനം നടത്തുന്ന മുഖ്യമന്ത്രിക്ക് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടി എഴുതി വായിക്കുകയെങ്കിലും ചെയ്യാമായിരുന്നു. ഉത്തരം പറയില്ലെന്ന വാശിയിലാണ്. ഞങ്ങൾ ഒരു പദ്ധതിക്കും എതിരല്ല. വ്യക്തമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് യു.ഡി.എഫ് കെ- റെയിലിനെതിരെ ചോദ്യം ഉന്നയിച്ചത്.
അഹമ്മദാബാദ്- മുംബൈ ബുള്ളറ്റ് ട്രെയിനിനെതിരെ സമരം ചെയ്തവരാണ് സിപിഎം. അങ്ങനെയുള്ളവരാണ് കേരളത്തിൽ യു.ഡി.എഫിനെ വികസന വിരുദ്ധരെന്നു വിളിക്കുന്നത്. കെ- റെയിൽ കടന്നു പോകുന്ന എല്ലാ വില്ലേജുകളിൽ ജനകീയ സമിതികൾ രൂപീകരിക്കുന്ന പ്രവർത്തനം നടക്കുകയാണ്. അവരെക്കൂടി ഉൾപ്പെടുത്തിയാകും യു.ഡി.എഫ് ഇനിയുള്ള സമരം ആസൂത്രണം ചെയ്യുക.
നിയമസഭയിൽ ചർച്ച ചെയ്യാത്ത പദ്ധതി നടപ്പിലാക്കാൻ കൂട്ടുനിന്നാൽ ജനം പ്രതിപക്ഷത്തെയും വിചാരണ ചെയ്യും. കെ- റെയിലിനെതിരെ ശാസ്ത്ര സാഹിത്യ പരിക്ഷത്തും സിപിഐയും രംഗത്തുവന്നിട്ടുണ്ട്. ഈ രണ്ടു സംഘടനകളും വർഗീയ സംഘടനകളാണോ? കെ- റെയിലിനെ വിമർശിക്കുന്നവർ രാജ്യദ്രോഹികളും വർഗീയ വാദികളും വികസന വിരുദ്ധരുമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇതു തന്നെയാണ് മോദിയുടെയും രീതി. മോദിയുടെ മറ്റൊരു പതിപ്പാണ് കേരളത്തിന്റെ മുഖ്യമന്ത്രിയും. ഇത് ഏകാധിപതികളുടെ പൊതു സ്വഭാവമാണ്. ചർച്ച ചെയ്യാതെ തീരുമാനങ്ങൾ എടുക്കുന്നത് സ്വന്തം പാർട്ടിയിൽ മതി, കേരളത്തിൽ വേണ്ട.
പഠിച്ച ശേഷം കെ- റെയിലിനെ കുറിച്ച് പ്രതികരിക്കാമെന്നാണ് ശശി തരൂർ പറഞ്ഞത്. കെ- റെയിലുമായി ബന്ധപ്പെട്ട യു.ഡി.എഫിന്റെ പഠന റിപ്പോർട്ട് തരൂരിന് കൈമാറിയിരുന്നു. യു.ഡി.എഫ് ഉയർത്തിയ ചോദ്യങ്ങൾക്കെല്ലാം പ്രസക്തിയുണ്ടെന്നും അതുതന്നെയാണ് താനും ചോദിക്കാൻ ഉദ്ദേശിക്കുന്നതെന്ന മറുപടിയാണ് തരൂർ നൽകിയത്. തരൂരിന്റെ നിലപാട് സംബന്ധിച്ച് ഇനി ആർക്കും ഒരു സംശയവും വേണ്ട. യു.ഡി.എഫിന്റെ അതേ നിലപാട് തന്നെയാണ് തരൂരിനും ഇപ്പോഴുള്ളത്.
പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ കെ- റെയിലുമായി മുന്നോട്ടു പോകാൻ അനുവദിക്കില്ല. മുഖ്യമന്ത്രി അത് നടത്തുമെന്നാണ് പറയുന്നതെങ്കിൽ നടത്തില്ലെന്നതു തന്നെയാണ് ഞങ്ങളുടെ മറുപടി. 45 മീറ്റർ ദേശീയ പാതയ്ക്കെതിരെയും ഗ്യാസ് ലൈനിനെതിരെയും സമരം ചെയ്തവരാണ് സിപിഎം. പാർട്ടി സെക്രട്ടറിയായിരിക്കുമ്പോൾ വിഴിഞ്ഞം പദ്ധതിയുടെ മറവിൽ 6000 കോടിയുടെ റിയൽ എസ്റ്റേറ്റാണെന്നു പറഞ്ഞയാൾ മുഖ്യമന്ത്രിയായപ്പോൾ അദാനിയുടെ വക്താവായി. തുറമുഖം പൂർത്തിയാക്കുന്നത് വൈകിയിട്ടും അദാനിയിൽ നിന്നും പിഴ ഈടാക്കാൻ പോലും തയാറാകാതെ സമയം നീട്ടിക്കൊടുക്കുകയാണ്. പിണറായി വിജയനാണ് വികസന വിരുദ്ധതയുടെ തൊപ്പി കേരളത്തിൽ ഏറ്റവും നന്നായി ചേരുന്നത്. മറ്റാർക്ക് നൽകിയാലും അത് പാകമാകില്ല.
മറുനാടന് മലയാളി ബ്യൂറോ