- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വട്ടിയൂർക്കാവിലെയും കോന്നിയിലെയും പാലയിലെയും തോൽവികൾ പാഠമാക്കി; തൃക്കാക്കരയിൽ കളി മുറുകിയപ്പോൾ കയറി കളിച്ച് അണികളെ ആവേശഭരിതരാക്കി; പി ടിയേക്കാൾ ഉമ തോമസ് ഭൂരിപക്ഷം നേടുമ്പോൾ വി.ഡി.സതീശൻ യുഡിഎഫിന്റെ ക്യാപ്റ്റൻ ഒറിജിനൽ
കൊച്ചി: തൃക്കാക്കരയിൽ, എൽഡിഎഫിന് വേണ്ടി മുഖ്യമന്ത്രി അടക്കമുള്ളവരുടെ കാടിളക്കിയുള്ള പ്രചാരണം കണ്ട് യുഡിഎഫ് ക്യാമ്പിന് ഇടയ്ക്ക് തെല്ലൊരു ആശങ്ക തോന്നി. കോട്ട പൊളിയുമോ, ജയിച്ചാലും പി ടിയേക്കാൾ ഭൂരിപക്ഷം കുറവായിരിക്കുമോ? എന്നാൽ, ഒന്നിനെയും കൂസാതെ, ഇളകാതെ നിന്ന് പട നയിച്ചത് യുഡിഎഫിന്റെ ക്യാപ്റ്റനായിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെ സുധാകരൻ ചികിത്സയിൽ ആയിരുന്നതിനാൽ സതീശനായിരുന്നു ഇത്തവണ പ്രചാരണത്തിന്റെ കുന്തമുന. എതിർക്യാമ്പിലേക്ക് പട നയിക്കുന്ന സതീശന്റെ ആക്രമണ തന്ത്രം പാളിയതേയില്ല. യുഡിഎഫിന് ക്യാമ്പിന് അത് എന്തെന്നില്ലാത്ത ആത്മവിശ്വാസം നൽകി. തന്റെ സ്വന്തം ജില്ലയിൽ, സതീശൻ കയറി കളിച്ചതോടെ ആവേശം കുതിച്ചുയർന്നു.
പി.ടിക്ക് ലഭിച്ചതിലും കൂടുതൽ ഭൂരിപക്ഷം ലഭിക്കുമെന്ന് പറഞ്ഞതല്ലേയെന്നാണ് സതീശൻ മാധ്യമങ്ങളോട് പറഞ്ഞത്. ഈ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ താൻ നേതൃത്വമൊഴിയുമെന്നാണ് സതീശൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ പറഞ്ഞത്. തിരഞ്ഞെടുപ്പ് ഫലത്തെ സതീശൻ വിലയിരുത്തുന്നതും തന്റേതായ പക്വമായ ശൈലിയിലാണ്.
പ്രതിപക്ഷ നേതൃപദവിയിൽ എത്തിയ ശേഷം സതീശൻ നേരിടുന്ന ആദ്യ ഉപതിരഞ്ഞെടുപ്പായിരുന്നു ഇത്. കെ.സുധാകരന്റെ അഭാവത്തിൽ തന്ത്രങ്ങൾ മെനയാനും അണികളിൽ ആവേശം പകരാനും മുന്നിട്ടിറങ്ങിയത് സതീശൻ തന്നെ. വോട്ടെണ്ണലിൽ യുഡിഎഫ് മുന്നേറിയതോടെ, ഹൈബി ഈഡൻ ഉൾപ്പെടെയുള്ളവർ ക്യാപ്റ്റൻ (ഒറിജിനൽ) എന്ന് സതീശനെ വിശേഷിപ്പിച്ചതും അതുകൊണ്ടുതന്നെയാണ്.
ചിട്ടയായ പ്രവർത്തനത്തിന് മുന്നിൽ നിന്നു
ഒന്നാം പിണറായി സർക്കാരിന്റെ കാലത്തുനടന്ന ഉപതിരഞ്ഞെടുപ്പുകളിൽ യുഡിഎഫിന്റെ കുത്തക മണ്ഡലങ്ങളായ വട്ടിയൂർക്കാവ്, കോന്നി, പാല എന്നിവ എൽഡിഎഫ് പിടിച്ചെടുത്തിരുന്നു. കെ.എം മാണിയുടെ മരണത്തിന് ശേഷം പാലായിൽ സഹതാപതരംഗം ഉണ്ടാകാതിരുന്നതും എൽഡിഎഫിന് പ്രതീക്ഷയായി. എന്നാൽ, തൃക്കാക്കരയിൽ ഉമാ തോമസിന് അനുകൂല വികാരം ഉണ്ടാകില്ലെന്ന എൽഡിഎഫ് കണക്കുകൂട്ടൽ തെറ്റിയത് വെറും സഹതാപ തരംഗം കൊണ്ടുമാത്രമല്ല, കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ചിട്ടയായ പ്രവർത്തനഫലം കൂടിയാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇല്ലാതെ പോയ കൂട്ടായ്മ ഇത്തവണ ഉണ്ടാകണമെന്ന് സതീശന് നിർബന്ധമായിരുന്നു. എൽഡിഎഫിന്റെ ചിട്ടയായ പ്രചാരണ മുറകളെ അതേ നാണയത്തിൽ തന്നെ നേരിടാൻ തന്ത്രങ്ങൾ ഒരുക്കി. മുന്നണികളെ മാറി മാറി അനുഗ്രഹിക്കുന്ന പതിവ്, നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് അനുകൂലമാകുമെന്ന് കരുതിയതാണ് യുഡിഎഫിന് വിനയായത്. എന്നാൽ, തൃക്കാക്കരയിൽ അതിൽ നിന്ന് പാഠം പഠിച്ചുള്ള നീക്കങ്ങളാണ് ഉണ്ടായത്. വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിൽ തൊട്ട് തിരഞ്ഞെടുപ്പ് സ്ലിപ് വിതരണം ചെയ്യുന്നതിൽ വരെ അവർ മുന്നിൽ നിന്നു. എല്ലാ ബൂത്തിലും കോൺഗ്രസിന് സംഘടനാ സ്വാധീനം ഉണ്ടായിരുന്നതും മുതൽകൂട്ടായി.
തോറ്റാലും ജയിച്ചാലും ഒരു പോക്കെന്ന പരിപാടി ഇനിയില്ല
'സ്ഥാനാർത്ഥിയുടെ സ്വീകാര്യത, ടീം വർക്ക്, പി ടി തോമസിന്റെ ഓർമ്മ എന്നീ ഘടകങ്ങളാണ് വിജയത്തിന് കാരണമായത്. വിജയത്തിൽ നിന്നും ഞങ്ങൾ പഠിക്കും. സാധാരണ രീതിയിൽ തോറ്റാലും ജയിച്ചാലും ഒരു പോക്കാണ്. എന്നാൽ ഇത്തവണ വിജയത്തിൽ നിന്ന് പഠിച്ച് മുന്നോട്ട് പോകും. നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്ന് പഠിച്ച പാഠങ്ങളാണ് ഈ തെരഞ്ഞെടുപ്പിൽ ഗുണമായത്. തൃക്കാക്കര യുഡിഎഫിന്റെ ഉറച്ച സീറ്റാണെന്ന് മാധ്യമങ്ങൾ പറഞ്ഞിരുന്നു. വട്ടിയൂർകാവും കോന്നിയും അതുപോലെ തന്നെയായിരുന്നു. അവിടെ തോറ്റു. കൃത്യമായ പ്രവർത്തിച്ചില്ലായിരുന്നെങ്കിൽ വട്ടിയൂർക്കാവും കോന്നിയും തൃക്കാക്കരയിൽ ആവർത്തിച്ചേനെ. അതിൽ നിന്നും നല്ലമുന്നൊരുക്കങ്ങൾ നടത്തി,' വി ഡി സതീശൻ പറഞ്ഞു.
ചിട്ടയോടുകൂടിയ പ്രവർത്തനമാണ് തൃക്കാക്കരയിൽ യുഡിഎഫ് ക്യാമ്പ് നടത്തിയിരിക്കുന്നതെന്നും വിജയമുറപ്പാണെന്നും പ്രതിപക്ഷ നേതാവ് നേരത്തെ പറഞ്ഞിരുന്നു. യുഡിഎഫിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ വിജയമാകും തൃക്കാക്കരയിലെന്ന് സതീശൻ ആത്മവിശ്വാസം കൊള്ളുന്നു. ഹൈബി ഈഡൻ അടക്കമുള്ള യുവ നേതാക്കൾ പറഞ്ഞതുപോലെ യുഡിഎഫിന്റെ ക്യാപ്ടനായി സതീശൻ മാറുകയാണെന്ന് കാര്യത്തിൽ സംശയം വേണ്ട.
ഭരണവിരുദ്ധ വോട്ടുകൾ ഒരിക്കലും ഭിന്നിക്കില്ലെന്ന് ഒരാഴ്ച മുൻപ് വളരെ സതീശൻ ഉറപ്പിച്ചു പറഞ്ഞു. പ്രചാരണ സമയത്ത് വിവാദങ്ങളാണ് ഏറിയ സമയവും കൈയടക്കിയത്. ഓരോ പ്രദേശങ്ങളിലും ജാതി-മത അടിസ്ഥാനത്തിൽ മന്ത്രിമാർ വോട്ട് ചോദിക്കുകയാണെന്ന് യുഡിഎഫ് ആരോപിച്ചിരുന്നു. സിപിഎം സ്ഥാനാർത്ഥി ജോ ജോസഫിനെതിരായി വ്യാജ അശ്‌ളീല വീഡിയോ പ്രചരിച്ചത് മറ്റൊരു പ്രശ്നമായി. ഇതിന് പിന്നിൽ യുഡിഎഫാണെന്ന് എൽഡിഎഫ് ക്യാമ്പ് ആരോപിച്ചിരുന്നു. എന്നാൽ അറസ്റ്റിലായവർ ഇടത് പ്രവർത്തകരാണെന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു.
തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ വൈകാരികമായ ഒരു വിഷയം ഉണ്ടാക്കാൻ വേണ്ടി മനഃപൂർവം സൃഷ്ടിച്ചെടുത്ത സംഭവമാണിതെന്നാണ് സതീശൻ പറഞ്ഞത്. തൃക്കാക്കരയിൽ അപവാദ പ്രചരണം നടത്തി വോട്ട് നേടേണ്ട കാര്യമില്ല. അല്ലാതെ തന്നെ നല്ല ഭൂരിപക്ഷത്തോടെ യുഡിഎഫ് ജയിക്കും. സിപിഎം സ്ഥാനാർത്ഥിക്ക് മാത്രമല്ല കുടുംബം. ഞങ്ങൾക്കും കുടുംബമുണ്ടെന്ന് ഓർക്കണം. വീഡിയോ പ്രചരിപ്പിച്ചവരെ ന്യായീകരിക്കുന്നില്ല എന്നും സതീശൻ കൃത്യമായി കാര്യം പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണം ദുർബലപ്പെടുന്നു എന്ന വിവാദവും കെറെയിൽ പ്രശ്നവും തിരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ ശക്തമായി വി.ഡി സതീശന്റെ നേതൃത്വത്തിൽ പ്രതിപക്ഷം ആരോപിച്ചു. തിരഞ്ഞെടുപ്പ് ദിവസം നടന്ന കള്ളവോട്ട് വിവാദങ്ങളും ജനം ശ്രദ്ധിച്ചു.
സമീപകാലത്ത് എറണാകുളം ജില്ലയിൽ എൽഡിഎഫിന് സ്വാധീനം കൂടി വരുന്നത് തൃക്കാക്കരയെ ബാധിക്കുമോ എന്ന് യുഡിഎഫ് ക്യാമ്പിന് ആശങ്ക ഉണ്ടായിരുന്നു. കെ സുധാകരനും, വി ഡി സതീശനും ഇതൊരു 'ഡു ഓർ ഡൈ' സിറ്റ്‌വേഷനായിരുന്നു. ജയിച്ചാൽ മാത്രം പോരാ, പി ടിയേക്കാൾ ഭൂരിപക്ഷം ഉമ നേടണം. ഏതായാലും സതീശൻ പറഞ്ഞത് അച്ചട്ടായി സംഭവിച്ചു. പ്രതിപക്ഷ നേതാവിന് ഈ ജയം ആശ്വാസം മാത്രമല്ല, തന്റെ രാഷ്ട്രീയ ജീവിതത്തിലെ പൊൻതൂവൽ കൂടിയാണ്. അത് പാർട്ടിയിലും സതീശനെ കൂടുതൽ കരുത്തനാക്കും.
മറുനാടന് മലയാളി ബ്യൂറോ