ന്യൂഡൽഹി: പ്രതിപക്ഷ നേതൃസ്ഥാനത്ത് മാറ്റം കൊണ്ടുവരാൻ ഒരുങ്ങി കോൺഗ്രസ് ഹൈക്കമാൻഡ്. വി.ഡി സതീശൻ പ്രതിപക്ഷ നേതാവായി എത്തിയേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഇന്നോ നാളയോ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി വി.ഡി സതീശന്റെ പേര് ഹൈക്കമാൻഡ് അംഗീകരിച്ചതായാണ് റിപ്പോർട്ട്.

പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടായേക്കും. ഹൈക്കമാൻഡ് നിരീക്ഷകരായി എത്തിയ മല്ലികാർജുന ഖാർഗെയുടേയും വൈദ്യലിംഗത്തിന്റേയും റിപ്പോർട്ട് സതീശന് അനുകൂലമായതോടെയാണ് ചെന്നിത്തലയെ മാറ്റാൻ തീരുമാനിച്ചത്. സർക്കാരിനെതിരായ ഓരോ വിഷയവും കൃത്യമായി ഉന്നയിക്കുകയും പ്രതിപക്ഷ നേതാവിന്റെ റോൾ ഭംഗിയായി നിർവഹിച്ചു. അതിനാൽ ചെന്നിത്തല തന്നെ തുടരട്ടെ എന്ന നിലപാടിലായിരുന്നു അദ്ദേഹത്തെ അനുകൂലിച്ചവർ.

കോൺഗ്രസിന്റെ 21 എംഎ‍ൽഎമാരെ ഒറ്റയ്‌ക്കൊറ്റയ്ക്ക് നിരീക്ഷകർ കണ്ട് അഭിപ്രായം ചോദിച്ചിരുന്നു. രണ്ട് ഗ്രൂപ്പും ചെന്നിത്തല തുടരട്ടെ എന്ന നിലപാടിലായിരുന്നു. എന്നാൽ യുവ എംഎ‍ൽഎമാരും കെ. സുധാകരനെ പിന്തുണക്കുന്നവരും പ്രതിപക്ഷ നേതാവ് മാറണം എന്ന അഭിപ്രായം ശക്തമായി ഉന്നയിച്ചു. കേരളത്തിലെ എംപിമാരുടെ ഭൂരിപക്ഷ അഭിപ്രായവും സതീശന് അനുകൂലമായി. രാഷ്ട്രീയ കാര്യസമിതി അംഗങ്ങളിൽ നല്ലൊരു പങ്കും ചെന്നിത്തലയ്ക്ക് എതിരായി. രാഹുൽ ഗാന്ധിയുടെ താത്പര്യവും സതീശന്റെ സാധ്യത കൂട്ടി. സിപിഎം. പുതുനിരയുമായി കൂടുതൽ കരുത്തോടെ തുടർഭരണത്തിലേക്ക് കടക്കുമ്പോൾ ചെന്നിത്തലയുടെ നേതൃത്വത്തിൽ മുന്നോട്ട് പോയാൽ തിരിച്ചുവരവ് സാധ്യമാകുമോ എന്ന ആശങ്കയും ഈ തീരുമാനത്തിന് പിന്നിലുണ്ട്.

കെപിസിസി അധ്യക്ഷനായി കെ. സുധാകരനെയും വൈകാതെ പ്രഖ്യാപിക്കുമെന്നാണ് സൂചനകൾ. ഇതോടൊപ്പം മുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് എം.എം. ഹസ്സനേയും ഉടൻ മാറ്റും. പി.ടി. തോമസ് ഈ സ്ഥാനത്ത് എത്താനാണ് കൂടുതൽ സാധ്യത. ഇതോടെ തലമുറ മാറ്റം തലപ്പത്ത് പൂർണമാകും. നിയമസഭയിലെ പാർട്ടി വിപ്പ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആകാനാണ് സാധ്യത.

ഗ്രൂപ്പുകൾക്ക് പരിഗണന നൽകാതെ അണികളുടെ വികാരത്തിനൊപ്പം നിലകൊള്ളാനാണ് കോൺഗ്രസ് ഹൈക്കമാൻഡ് ഒരങ്ങുന്നത്. അതുകൊണ്ട് കൂടിയാണ് ഗ്രൂപ്പു പരിഗണിക്കാതെ നേതാക്കളെ തിരഞ്ഞെടുക്കാൻ തീരുമാനിക്കുന്നതും.