കൊച്ചി: താനാരൊ തെയ്യാന്തരൊ എന്ന കലാഭവൻ മണിയുടെ നാടൻപാട്ടുമായി കോട്ടുവള്ളിയിലെ ബ്ലോക്ക് പഞ്ചായത്തംഗം ഹരി കണ്ടൻ മുറി. ഹരിയുടെ പാട്ടിനു മുന്നിൽ കൈയടിച്ച് കോൺഗ്രസുകാരും കുടുംബവും. ഹരിയുടെ നാടൻ പാട്ടിനിടയിൽ കെ.എസ് യു താലുക്ക് പ്രസിഡന്റ് ഷാരോൺ പനക്കലിന്റെ ഹിന്ദി ഗാനവും. ഗാനം പൂർത്തിയായി കഴിഞ്ഞപ്പോൾ തന്നെ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി വി ഡി സതീശൻ എത്തി.

കോട്ടുവള്ളിയിലെ കൈതാരത്ത് നടന്ന കടുംബസംഗമത്തിൽ ചുക്കാൻ പിടിക്കുന്ന മണ്ഡലം പ്രസിഡന്റ് എൻ.ഇ. സോമസുന്ദരനും ഡിസിസി സെക്രട്ടറി കെ.എ അഗസ്റ്റിനും വേദിയിൽ തന്നെ. വി.ഡി സതീശൻ താൻ നിയോജകമണ്ഡലത്തിൽ നടപ്പിലാക്കിയ പദ്ധതികൾ ഒരിക്കൽ കൂടി വിശദീകരിച്ചു. .... 20 കൊല്ലം കൊണ്ട് നടത്തേണ്ട വികസന പദ്ധതികൾ 5 കൊല്ലം കൊണ്ടു നടത്തി. ഞാൻ സ്‌കുളിൽ പഠിച്ചിരുന്ന സമയത്ത് ക്ലാസ്സ് ടീച്ചർ ഒരു ചോക്കു കഷണം കയ്യിൽ പിടിച്ച് ഇത് ടെസ്റ്റ് ട്യൂബ് എന്ന് കാണിച്ചിരുന്നു. എന്നാൽ ഇപ്പോൾ പറവൂർ നിയോജകമണ്‌ലത്തിലെ എല്ലാ സ്‌കൂളുകളിലും ഒറിജിനൽ ടെസ്റ്റ് ട്യൂബ് ഉള്ള ലബോറട്ടറികൾ ഉണ്ടാക്കാൻ കഴിഞ്ഞത് ഏറ്റവും സന്തോഷകരമാണ്...

മുമ്പ് സ്‌കൂൾ വാർഷികദിനത്തിൽ മാത്രം പങ്കെടുത്തിരുന്ന എം എൽ എ യണോ ഞാൻ. സ്‌കൂൾ കുട്ടികൾക്ക് വേറിട്ട ഭക്ഷണശൈലി ആദ്യമായി സംസ്ഥാനത്ത് നടപ്പിലാക്കിയത് പറവൂർ നിയോജകമണ്ഡലത്തിലെ സ്‌കൂളുകളിലാണെന്ന് സതീശൻ ഓർമ്മിപ്പിച്ചു. പറവൂർ ലോകടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു. മുസിരിസ് പൈതൃക പദ്ധതി രാജ്യശ്രദ്ധ ആകർഷിച്ചുവരുന്നു. പറവൂർ, വൈപ്പിൻ, കൊടുങ്ങല്ലുർ, കയ്പമംഗലം തുടങ്ങിയ 4 നിയോജകമണ്ഡലത്തിലാണ് നടപ്പിലാക്കുന്നത്. ഒന്നാം ഘട്ടം രാഷ്ട്രപതി ഉദ്ഘാടനം ചെയ്തപ്പോൾ 15 പദ്ധതികളിൽ ഒമ്പതും പറവൂരിൽ തന്നെ.

ഏഷ്യയിലെ ഏറ്റവും വലിയ മാരിടൈം മ്യുസിയത്തിന് പട്ടണത്ത് 50 എക്കർ സ്ഥലം ഏറ്റെടുക്കുന്ന പദ്ധതി പൂർത്തിയാകുന്നുവെന്ന് സതീശൻ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു് ശേഷം എൽ.ഡി.എഫുകാർ മണ്ഡലത്തിലുടനീളം റീത്ത് വയ്ക്കുകയാണിപ്പോൾ. എന്താണെന്ന് അറിയില്ല, സി.പിഐക്കാർ അരിവാൾക്കതിർ മാറ്റി റീത്ത് ചിഹ്നമാക്കിയോ എന്ന് സതീശൻ പരിഹസിച്ചു. പുത്തൻവേലിക്കര പാലം പണിയും കടമുക്കടി പാലം പണിയും തീരാത്തതിലാണ് റീത്ത് സമർപ്പണം. ഞാൻ ഏതുപദ്ധതിയും പറവുരിൽ കൊണ്ടുവന്നാൽ ഇവർ എതിർക്കും. കച്ചേരി മൈതാനം പുനരുദ്ധരിച്ചപ്പോഴും, അംബേദ്കർ പാർക്ക് ഉണ്ടാക്കിയപ്പോഴും ആദ്യം എതിർക്കുകയും എന്റെ വീട്ടിലേക്ക് മാർച്ച് നടത്തുകയും ചെയ്തിരുന്നു...

ഇത്രയും പറഞ്ഞു തീർത്തതും നിയോജകമണ്ഡത്തിലെ അടുത്ത സ്ഥലങ്ങളിൽനിന്നും നിരവധി ഫോൺ വിളികൾ എത്തി. ദിവസം അഞ്ചു കുടുംബസംഗമമാണ് നടന്നുവരുന്നത്. വൈകീട്ട് 6 മുതലാണ് സമയം കണ്ടെത്തിയിരിക്കുന്നത്. ഇതിനിടെ എല്ലാവർക്കും മാസലദോശയുമായി കോൺഗ്രസ് പ്രവർത്തകരായ സലാവുദ്ദീനും ശ്യാമും എത്തി. ഏവർക്കും മസാല ദോശയും ഐസ്‌ക്രീമും നൽകി. ഇതിനിടയിൽ വിഡി സതീശനു വേണ്ടി ബൂത്ത് പ്രസിഡന്റ് ലാലു തയ്യാറാക്കിയ തെരഞ്ഞെടുപ്പ് ഗാനത്തിന്റെ സി.ഡിയുടെ പ്രകാശനവും വിഡി സതീശൻ നടത്തി. അപ്പോഴേക്കും ഡ്രൈവർ ഷാജി വണ്ടി സ്റ്റാർട്ട് ചെയ്തു സതീശൻ വീണ്ടും അടുത്ത സ്ഥലമായ പുത്തൻവേലിക്കരയിലേക്ക്.