തിരുവനന്തപുരം: ലോകായുക്ത ഉൾപ്പെടെയുള്ള അഴിമതി വിരുദ്ധ സംവിധാനങ്ങളെ ദുർബലപ്പെടുത്തുന്ന സർക്കാർ നടപടിയെ തുടർന്നുണ്ടായിരിക്കുന്ന ഗുരുതര സാഹചര്യം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സണ്ണി ജോസഫ് എംഎ‍ൽഎ നൽകിയ അടിയന്തിര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചിരുന്നു. ഇതേ തുടർന്ന് പ്രതിപക്ഷം വാക്കൗട്ട് നടത്തി. വാക്കൗട്ടിന് മുന്നോടിയായി നിയമസഭയിൽ പ്രതിപക്ഷ നേതാവ് പ്രസംഗം നടത്തി. സർക്കാറിനെയും മുഖ്യമന്ത്രിയെയും കടുത്ത ഭാഷയിൽ വിമർശിച്ചു കൊണ്ടാണ് പ്രതിപക്ഷ നേതാവ് സംസാരിച്ചത്.

വി ഡി സതീശന്റെ പ്രസംഗത്തിന്റെ പൂർണരൂപം:

ലോകായുക്ത ഓർഡിനൻസ് നിലവിൽ വന്നതോടെ സംസ്ഥാനത്തെ അഴിമതി നിരോധന സംവിധാനങ്ങൾ പാടെ ഇല്ലാതായതാണ് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിലൂടെ നിയമസഭയിൽ ചൂണ്ടിക്കാട്ടിയത്. ഏത് അഴിമതി കാണിച്ചാലും നിങ്ങൾ ഭയപ്പെടേണ്ടെന്ന സന്ദേശമാണ് സർക്കാർ നൽകുന്നത്. അഴിമതിക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള ഫലപ്രദമായ സംവിധാനങ്ങളൊന്നും നിലവിലില്ല. ഞങ്ങളോട് ചേർന്ന് നിന്നാൽ അഴിമതിക്ക് കുടപിടിച്ചു തരാമെന്നാണ് സർക്കാർ പറയുന്നത്. എല്ലാ അഴിമതി നിരോധന സംവിധാനങ്ങളും സർക്കാരിന്റെ നിയന്ത്രണത്തിലാണ്. നിയമ മന്ത്രി വിചിത്രമായ വാദങ്ങളാണ് ഉയർത്തുന്നത്. മറ്റേതെങ്കിലും സംസ്ഥാനത്ത് ഇതുപോലുള്ള വ്യവസ്ഥകൾ ഉണ്ടോയെന്നാണ് അദ്ദേഹം ചോദിക്കുന്നത്.

22 വർഷം മുൻപ് നായനാർ മുഖ്യമന്ത്രിയും ഇ ചന്ദ്രശേഖരൻ നായർ നിയമ മന്ത്രിയുമായി ഇരിക്കുന്ന കാലത്ത് ഗൗരവകരമായി ചർച്ച ചെയ്ത് രൂപപ്പെടുത്തിയെടുത്ത നിയമത്തെയാണ് ഈ സർക്കാർ ഇപ്പോൾ കഴുത്ത് ഞെരിച്ചു കൊന്നത്. മറ്റു സംസ്ഥാനങ്ങളിൽ ഇല്ലാത്തതൊന്നും ഇവിടെ വേണ്ടെന്നാണ് തീരുമാനിക്കുന്നതെങ്കിൽ 59 വർഷം മുൻപ് നിയമസഭ പാസാക്കിയ ഭൂപരിഷ്‌ക്കരണ നിയമം ഇല്ലാതാക്കുമോ? ആർ. ശങ്കർ മുഖ്യമന്ത്രിയായിരിക്കുമ്പോൾ പാസാക്കിയ ഭൂ പരിഷ്‌ക്കരണ നിയമം ഉൾപ്പെടെ അഭിമാനകരമായ നിയമങ്ങൾ കേരള നിയമസഭ പാസാക്കിയിട്ടുണ്ട്. ഓംബുഡ്സ്മാൻ കുരയ്ക്കുകയേയുള്ളൂ ഇവിടെ കടിക്കുന്ന നായയുണ്ട് അതാണ് ലോകായുക്ത എന്ന് 2019-ൽ പറഞ്ഞ മുഖ്യമന്ത്രി 2022 ആയപ്പോൾ ലോകായുക്തയുടെ കടിക്കുന്ന പല്ല് പറിച്ചെടുക്കാൻ തീരുമാനിച്ചത് എന്തുകൊണ്ടാണ്?

നിയമസഭ കൂടാൻ തീരുമാനിക്കുന്നതിന്റെ തൊട്ടു തലേദിവസം ഗവർണറെക്കൊണ്ട് ഓർഡിനൻഡസ് ഒപ്പുവയ്‌പ്പിക്കാനുള്ള അടിയന്തിര സാഹചര്യം എന്തായിരുന്നെന്ന് നിയമ മന്ത്രി വ്യക്തമാക്കണം. 22 വർഷമായി ഒരു ദ്രോഹവും ചെയ്യാതിരുന്ന ഈ നിയമം ഭേദഗതി ചെയ്യാൻ ഇപ്പോൾ ഓർഡിനൻസ് കൊണ്ടു വന്നത് മുഖ്യമന്ത്രിക്കെതിരായി നാല് കേസുകൾ ലോകായുക്തയിൽ നിൽക്കുന്നുവെന്ന ഭയം കാരണമാണ്. ആർട്ടിക്കിൾ 213 അനുസരിച്ച് ഓർഡിനൻസ് കൊണ്ടു വരേണ്ട അടിയന്തിര സാഹചര്യം എന്തെന്ന ചോദ്യത്തിന് സർക്കാർ ഉത്തരം പറയുന്നില്ല.

മുന്നണിയിലോ പാർട്ടിയിലോ മന്ത്രിസഭയിലോ ചർച്ച ചെയ്തില്ല. ഇടതു മുന്നണിയുടെ അഴിമതി വിരുദ്ധ മുഖത്തിനു നേരെ ഈ ഓർഡിൻസ് തുറിച്ചു നോക്കുമെന്നും പ്രതിപക്ഷത്തിന്റെ വാദമുഖങ്ങൾക്ക് ജനങ്ങൾക്കിടയിൽ വിശ്വാസ്യതയേറുന്നു എന്നുമാണ് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞത്. അതുകൊണ്ട് നിയമ മന്ത്രി ആദ്യം ബോധ്യപ്പെടുത്തേണ്ടത് കാനത്തെയും സിപിഐ മന്ത്രിമാരെയുമാണ്.

ആർട്ടിക്കിൾ 164 അനുസരിച്ച് ഗവർണറുടെ പ്ലഷറിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിമാർ നിലനിൽക്കുന്നതെന്നാണ് നിയമ മന്ത്രിയുടെ വാദം. ജനപ്രാതിനിധ്യ നിയമത്തിന്റെ എട്ടാം വകുപ്പനുസരിച്ച് ഒരാളെ അയോഗ്യനാക്കിയാൽ ആ മന്ത്രി മാറിയേ പറ്റൂ. അവിടെ ഗവർണറുടെ പ്ലഷർ ബാധകമല്ല. കോവാറണ്ടോ റിട്ട് കോടതി അനുവദിച്ചാലും മന്ത്രിക്ക് തുടരാനാകില്ല. ജയലളിതയ്ക്ക് എതിരായ കേസിൽ ആർട്ടിക്കിൾ 164 ന് മേൽ കോ വാറണ്ടോ നിൽക്കുമെന്ന് കോടതി വിധിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ജയലളിതയ്ക്ക് രാജിവയ്ക്കേണ്ടി വന്നത്.

നാട്ടിലെ നിയമത്തെയും ഭരണഘടനയെയും അനുസരിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത നിയമ മന്ത്രിയാണ് ലോകായുക്ത നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞത്. നിയമസഭ പാസാക്കിയ ഒരു നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് മന്ത്രി പറയുന്നത് ആ നിയമം അനുസരിക്കേണ്ടതില്ലെന്ന സന്ദേശമാണ് നൽകുന്നത്. നിയമസഭ പാസാക്കിയ നിയമം ഭരണഘടനാ വിരുദ്ധമാണെന്നു പറയാനുള്ള അധികാരം കോടതിക്കു മാത്രമേയുള്ളൂ. നിയമസഭയ്ക്കോ പാർലമെന്റിനോ പോലും അധികാരമില്ല. ലോകായുക്ത നിയമം ഭരണഘടനാ വിരുദ്ധമാണെന്നു നിയമ മന്ത്രി പറഞ്ഞത് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്.

ലോകായുക്ത ജുഡീഷ്യൽ പ്രക്രിയയിലൂടെ ഒരാൾ അഴിമതിക്കാരനാണെന്ന് തീരുമാനമെടുത്താൽ നിലവിലെ ഓർഡിൻസ് അനുസരിച്ച് സർക്കാരിന് ആ തീരുമാനം തള്ളിക്കളയാം. മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും എതിരെ ഒരു ജുഡീഷ്യൽ തീരുമാനം വന്നാൽ സർക്കാർ ഉദ്യോഗസ്ഥനായ ഒരു അഡീഷണൽ സെക്രട്ടറിക്ക് അത് തള്ളാം. അങ്ങനെയെങ്കിൽ ലോകായുക്തയെന്ന സംവിധാനം എന്തിനാണ്? ഇഷ്ടക്കാരെ രക്ഷിക്കാനാണ് ലോകായുക്തയെ ദുർബലപ്പെടുത്തിയത്.

രാജ്യസഭയിൽ സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരി ലോകായുക്തയെ കുറിച്ച് നടത്തിയ പ്രസംഗത്തിന് വിരുദ്ധമായാണ് കേരളത്തെ സർക്കാർ പ്രവർത്തിക്കുന്നത്. കേന്ദ്രത്തേക്കാൾ വലിയ സംസ്ഥാന കമ്മിറ്റിയാകുമ്പോൾ ഇങ്ങനെയുള്ള തീരുമാനങ്ങളൊക്കെ നിങ്ങൾക്കെടുക്കാം. സർക്കാരന് ഇന്ത്യ ടുഡേയുടെ അവാർഡ് കിട്ടിയതിനെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞു. 2002-ൽ ഏറ്റവും നല്ല ക്രമസമാധാനത്തിനുള്ള അവാർഡ് ഇന്ത്യ ടുഡേ കൊടുത്തത് മോദി മുഖ്യമന്ത്രിയായ ഗുജറാത്തിനാണ്. അതേ വർഷം തന്നെയാണ് ഗുജറാത്ത് കലാപമുണ്ടായത്.

മുഖ്യമന്ത്രി എന്തിനാണ് ഇങ്ങനെ ഭയപ്പെടുന്നത്. കേസ് വന്നപ്പോൾ ഓർഡിനൻസ് കൊണ്ടു വന്ന് ലോകായുക്തയുടെ പല്ല് പറിച്ചെടുക്കുന്നു. ഇത് കൂടാതെ മുൻ മന്ത്രി കെ.ടി ജലീലിനെ വിട്ട് ലോകായുക്തയ്ക്കെതിരെ ആരോപണമുന്നയിക്കുന്നു. അതേക്കുറിച്ച് ചോദിക്കുമ്പോൾ ജലീൽ പാർട്ടി അംഗമല്ലെന്നു പറയുന്നു. ഇടത് സർക്കാർ തന്നെ നിയമിച്ച ലോകായുക്തയ്ക്കെതിരെയാണ് ജലീൽ വ്യക്തിപരമായ അധിക്ഷേപം ഉന്നയിച്ചത്. അത് പാർട്ടിയുടെയും മുഖ്യമന്ത്രിയുടെയും അനുമതിയോടെയായിരുന്നു. മുഖ്യമന്ത്രിയെ ഭരിക്കുന്നത് ഭയമാണ്. നമ്മുടെ നാട്ടിൽ ഇപ്പോഴും ഭയം തന്നെയാണോ ഭരിക്കുന്നതെന്ന് മലയാളിയെ വിദേശത്ത് വച്ച് കാണുമ്പോൾ ആരും ചോദിക്കരുത്. മുഖ്യമന്ത്രിക്കെതിരായ കേസുകൾ ഇരിക്കുന്നതുകൊണ്ടു മാത്രമാണ് ലോകായുക്തയെ ദുർബലപ്പെടുത്തിയത്.