തിരുവനന്തപുരം: ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളും കൃഷിനാശവും നിലനിൽക്കുന്ന കുട്ടനാട്ടിൽ നിന്നും ജനങ്ങൾ പലായനം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കുട്ടികൾക്കും വയോധികർക്കും വീടിനു പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയാണ്. പുറത്തിറങ്ങിയാൽ ചെളിയിൽ താഴ്ന്നു പോകും. എ.സി കാനാൽ വഴിയുള്ള നീരൊഴുക്ക് തടസപ്പെട്ടതിനു പിന്നാലെ സർക്കാരിന്റെ വാഗ്ദാനപ്പെരുമഴ കൊണ്ടുള്ള വെള്ളവും കുട്ടനാട്ടിൽ കെട്ടിക്കിടക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കുട്ടനാടിനെ സഹായിക്കാനെന്ന പേരിൽ തോട്ടപ്പള്ളി സ്പിൽ വേയിൽ മണ്ണുനീക്കലല്ല കരിമണൽ ഖനനമാണ് നടക്കുന്നത്. അഞ്ചു വർഷത്തിനിടെ കുട്ടനാടിനു വേണ്ടിയുള്ള 500 കോടിയുടെ പദ്ധതികൾ പ്രഖ്യാപനത്തിൽ ഒതുങ്ങിയെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കുട്ടനാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതാവസ്ഥ നിയമസഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.സി വിഷ്ണുനാഥ് നൽകിയ അടിയന്തിര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രസംഗിക്കുകയായിരുന്നു വി.ഡി സതീശൻ.

വെള്ളത്തിന്റെ ആഗമന നിർഗമനം തടസപ്പെട്ടതാണ് കുട്ടനാടിനെ പാരിസ്ഥിതികമായി തകർത്തത്. പാടശേഖരങ്ങളിൽ മട വീണ് വ്യാപക കൃഷിനാശമുണ്ടാകുകയാണ്. എ.സി കനാലിലെ മണ്ണ് നീക്കം ചെയ്യാത്തതും സ്ഥിതി ദുസഹമാക്കിയിട്ടുണ്ട്. സർവത്ര വെള്ളം എന്നാൽ കുടിക്കാൻ ഒരു തുള്ളി പോലുമില്ലെന്ന അവസ്ഥായിലാണ് കുട്ടനാട്ടുകാർ. പ്രദേശത്ത് ഒരു ആരോഗ്യ സ്ഥാപനം പോലുമില്ല. കുട്ടനാട്ടുകാരുടെ പ്രശ്നങ്ങൾക്കൊന്നും പരിഹാരമല്ല ആലപ്പുഴ- ചങ്ങനാശേരി എഏലിവേറ്റഡ് ഹൈവെ. എല്ലാ വകുപ്പുകളും സംയുക്തമായി വേണം പ്രശ്നങ്ങൾക്കു പരിഹാരം കാണോണ്ടത്.

പ്രതിപക്ഷം അത്തരമൊരു നീക്കത്തോട് പൂർണമായും സഹകരിക്കും. കുട്ടനാട്ടിൽ എല്ലാം നടക്കുന്നുണ്ടെന്നാണ് സ്ഥലം എംഎ‍ൽഎയും മന്ത്രിയും പറയുന്നത്. രണ്ടര വർഷം കഴിയുമ്പോൾ മന്ത്രിക്കസേര കിട്ടാൻ വേണ്ടിയാണ് കുട്ടനാട് എംഎ‍ൽഎ മുഖ്യമന്ത്രിയെ സുഖിപ്പിക്കുന്നത്. അതിനു വേണ്ടി പ്രതിപക്ഷത്തിന്റെ തോളിൽ കയറേണ്ടെന്നും പ്രതിപക്ഷ നേതാവ് മുന്നിയിപ്പു നൽകി.

ജനകീയ പ്രശ്നങ്ങൾ സഭയിൽ അവതരിപ്പിക്കുന്ന പുതിയൊരു രീതിയാണ് പ്രതിപക്ഷം അവലംബിക്കുന്നത്. നിയമസഭയിൽ നടക്കുന്ന ചർച്ചകൾ ജനോപകാരപ്രദമാകണം. അങ്ങനെയെങ്കിൽ മാത്രമെ ജനങ്ങൾക്ക് സർക്കാരിനോടും രാഷ്ട്രീയ പാർട്ടികളോടും ബഹുമാനം തോന്നൂ. ഈ കെട്ടകാലത്തും ദുർബലരായ മനുഷ്യർക്കു മേൽ പൊലീസും ഉദ്യോഗസ്ഥരും മെക്കിട്ടു കയറുകയാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചിട്ടും അന്വേഷിക്കും എന്നു പറയാനുള്ള സാമാന്യ മര്യാദ പോലും സർക്കാരിനോ മുഖ്യമന്ത്രിക്കോ ഇല്ല. മൂന്നു മാസം കൊണ്ട് 125 കോടി രൂപയാണ് ജനങ്ങളിൽ നിന്നും പിഴയായി കുത്തിപ്പിഴിഞ്ഞെടുത്തത്. ശക്തമായ ചെറുത്ത് നിൽപ് ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.