കൽപ്പറ്റ: ഹൈക്കമാൻഡ് അനുമതിയോടെയാണ് പാർട്ടി പുനഃസംഘടന നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നടപടികൾ ഇതുവരെ മരവിപ്പിച്ചിട്ടില്ല. ഉമ്മൻ ചാണ്ടി ഡൽഹിയിലേക്ക് പോയതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും പ്രതിപക്ഷ നേതാവ് കൽപ്പറ്റയിൽ പറഞ്ഞു.

കെ പി സി സി പുനഃസംഘടനയുമായി ബന്ധപ്പെട്ട അതൃപ്തി ഹൈക്കമാൻഡിനെ അറിയിക്കാനായി ഉമ്മൻ ചാണ്ടി ഡൽഹിയിൽ ആണുള്ളത്. ഇനിയുള്ള പുനഃസംഘടന നടപടികൾ നിർത്തിവയ്ക്കാൻ ഉമ്മൻ ചാണ്ടി ഹൈക്കമാണ്ടിനോട് ആവശ്യപ്പെടും. നാളെ അദ്ദേഹം സോണിയ ഗാന്ധിയേയും കാണുന്നുണ്ട്.

സംഘടന തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ സംസ്ഥാന കോൺഗ്രസിൽ പുനഃസംഘടന പാടില്ലെന്നാണ് എ ഐ ഗ്രൂപ്പുകളുടെ നിലപാട്. സംഘടന തെരഞ്ഞെടുപ്പെന്ന സമ്പൂർണ്ണ നേതൃ യോഗ തീരുമാനം കെ പി സി സി നിർവഹക സമിതി ചർച്ച വഴി മറി കടക്കാൻ ആകില്ലെന്നും ഗ്രൂപ്പുകൾ പറയുന്നു. പാർട്ടിയിലെ ഭൂരിഭാഗവും ഈ ആവശ്യം ഉന്നയിക്കുന്നവരാണെന്നും ഗ്രൂപ്പുകൾ പറയുന്നു . ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാനും പ്രതിഷേധം രേഖപ്പെടുത്താനുമാണ് ഉമ്മൻ ചാണ്ടി ഡൽഹിയിലെത്തിയത്.