- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെ. സുരേന്ദ്രൻ സർവ്വഗുണ സമ്പന്നൻ; ആ ഗുണങ്ങൾ എനിക്കുണ്ടാകരുതേയെന്നാണ് പ്രാർത്ഥന; രാത്രിയാകുമ്പോൾ കേസ് ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രിയുമായി ചർച്ച നടത്തുന്നവർ പ്രതിപക്ഷത്തെ പഠിപ്പിക്കാൻ വരേണ്ട; ബിജെപി അധ്യക്ഷന് മറുപടിയുമായി വി ഡി സതീശൻ
ആലപ്പുഴ: നിർഗുണപ്രതിപക്ഷ നേതാവെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ ആക്ഷേപത്തിന് മറുപടിയുമായി വി ഡി സതീശൻ. കെ സുരേന്ദ്രൻ സർവഗുണ സമ്പന്നനാണ്. അദ്ദേഹത്തിനുള്ള ഒരു ഗുണവും തനിക്ക് ഉണ്ടാകരുതേയെന്ന പ്രാർത്ഥനയാണ് ഉള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആലപ്പുഴയിൽ പറഞ്ഞു. വായ പോയ കോടാലി പോലെ വായും തലയുമില്ലാതെ സുരേന്ദ്രൻ പറയുന്നത് ഏറ്റുപിടിക്കുന്ന മെഗാഫോൺ അല്ല കേരളത്തിലെ പ്രതിപക്ഷവും പ്രതിപക്ഷ നേതാവുമെന്ന് വി ഡി സതീശൻ പറഞ്ഞു.
കേരളത്തിലെ ബിജെപിയെ എടുക്കാചരക്കാക്കി മാറ്റിയ രണ്ടു നേതാക്കളാണ് കേന്ദ്രമന്ത്രി വി മുരളീധരനും കെ സുരേന്ദ്രനും. പകൽ മുഴുവൻ പിണറായി വിരോധം പറയുകയും രാത്രി കേന്ദ്ര ഏജൻസികൾ സംസ്ഥാന സർക്കാരിനെതിരായ നടത്തിയ അന്വേഷണവും കേരളത്തിലെ പൊലീസ് ബിജെപി നേതാക്കൾക്കെതിരായി നടത്തിയ അന്വേഷണവും തമ്മിൽ ഒത്തുതീർപ്പാക്കാൻ ഇടനിലക്കാരനായി പിണറായിയോട് ചർച്ച ചെയ്ത ആളാണ് കേന്ദ്രമന്ത്രി വി മുരളീധരൻ. അദ്ദേഹം പ്രതിപക്ഷത്തെ പിണറായി വിരോധം പഠിപ്പിക്കേണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.
ഗവർണർക്കെതിരായ വിമർശനത്തിൽ സർക്കാരിന് അനുകൂലമായ സമീപനം പ്രതിപക്ഷം സ്വീകരിച്ചെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണ്. നിയമവിരുദ്ധമായ കണ്ണൂർ വി സി നിയമനത്തിന് ഗവർണർ ആദ്യം കൂട്ടുനിന്നു. പിന്നീട് നിയമനം തെറ്റാണെന്നു പറഞ്ഞു. തെറ്റാണെന്നു പറഞ്ഞ സ്ഥിതിക്ക് വി സിയോട് രാജിവയ്ക്കാൻ ആവശ്യപ്പെടണമായിരുന്നു. രാജിവച്ചില്ലെങ്കിൽ പുറത്താക്കാൻ ഗവർണർ തയാറാകണം. ഇതു രണ്ടും ചെയ്യാതെ ചാൻസലർ പദവി ഏറ്റെടുക്കില്ലെന്നു ഗവർണർ പറഞ്ഞത് നിയമവിരുദ്ധമാണെന്നു പ്രതിപക്ഷം പറഞ്ഞത് സർക്കാരിനെ സഹിയിക്കാനാണെന്നു പറയാൻ തലതിരിഞ്ഞ ബിജെപി നേതാക്കൾക്ക് മാത്രമെ സാധിക്കൂ.
പിണറായി ഉൾപ്പെടെ ഒരാളോടും വ്യക്തി വിരോധമല്ല യുഡിഎഫിന്റെ സമീപനം. അത് വിഷയാധിഷ്ഠിതവും സർഗാത്മകവുമാണ്. കേരളത്തിൽ നഷ്ടപ്പെട്ട ഇടം നേടിയെടുക്കാനാണ് വർഗീയതയും കൊലപാതകവുമായി സംഘപരിവാർ ശക്തികൾ വരുന്നത്. ഇവർ തെരഞ്ഞെടുപ്പിന് മുൻപ് സിപിഎമ്മുമായി ധാരണയുണ്ടാക്കി അവർക്ക് വേട്ടു ചെയ്ത ആളുകളാണ്. സിപിഎമ്മാകാട്ടെ എസ്.ഡി.പി.ഐയുമായും ബിജെപിയുമായും കൂട്ടുകൂടും. എന്നാൽ ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളെ അകറ്റി നിർത്തുന്ന സമീപനമാണ് യു.ഡി.എഫ് സ്വീകരിച്ചിട്ടുള്ളതെന്നും സതീശൻ പറഞ്ഞു.
സിൽവർ ലൈൻ: പൗരപ്രമുഖരുമായല്ല നിയമസഭയിലാണ് ചർച്ച ചെയ്യേണ്ടത്
സിൽവർ ലൈനുമായി ബന്ധപ്പെട്ട് നിയമസഭയിൽ രണ്ടു മണിക്കൂർ ചർച്ചയ്ക്ക് പോലും തയാറാകാതിരുന്ന മുഖ്യമന്ത്രി ഇപ്പോൾ പൗരപ്രമുഖന്മാരെ കാണാൻ നടക്കുകയാണെന്നും സതീശൻ പറഞ്ഞു. പണ്ടുകാലങ്ങളിൽ വോട്ടവകാശമുണ്ടായിരുന്നത് പൗരപ്രമുഖർക്കും ഭൂവുടമകൾക്കും സമ്പന്നർക്കും മാത്രമായിരുന്നു. ജനപ്രതിനിധികളുമായി ചർച്ച ചെയ്യാൻ തയാറാകാത്ത മുഖ്യമന്ത്രി വരേണ്യ വർഗക്കാരുമായി മാത്രം സംസാരിക്കാൻ ഇറങ്ങിയിരിക്കുന്നത് പദ്ധതിയെ കുറിച്ചുള്ള ദുരൂഹത വർധിപ്പിക്കുന്നതാണ്. ഡി.പി.ആർ പോലും പുറത്തിറക്കാതെ ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടു പോയാൽ പ്രതിപക്ഷം അതിനെ എതിർക്കും.
ജനപ്രതിനിധികളുമായോ രാഷ്ട്രീയ കക്ഷി നേതാക്കളുമായോ സംസാരിക്കാൻ താൽപര്യമില്ലാത്ത മുഖ്യമന്ത്രി പൗരപ്രമുഖന്മാർക്ക് മുന്നിൽ വിശദീകരിച്ചാൽ അതിനെ അംഗീകരിക്കില്ല. കേരളത്തിലെ ജനങ്ങൾക്ക് മുന്നിലാണ് മുഖ്യമന്ത്രി പദ്ധതിയെ കുറിച്ച് വിശദീകരിക്കേണ്ടത്. സിൽവർ ലൈനുമായി ബന്ധപ്പെട്ട ആറു ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂ. രണ്ടു ലക്ഷം കോടിയോളം രൂപ ചെലവുള്ള പദ്ധതി രഹസ്യമായും ദുരൂഹമായും നടപ്പാക്കാൻ അനുവദിക്കില്ല. പൗരപ്രമുഖർക്കും കോർപറേറ്റുകൾക്കും ഒപ്പമല്ല രാഷ്ട്രീയ പാർട്ടി നേതാക്കളെ വിളിക്കേണ്ടത്. മുഖ്യമന്ത്രി പറയുന്നതിന് യെസ് പറയുന്നവരെയാണ് വിളിച്ചുകൂട്ടിയിരിക്കുന്നത്. പദ്ധതിയെ കുറിച്ച് നിയമസഭയിലാണ് ചർച്ച ചെയ്യേണ്ടത്. അല്ലാതെ പൗരപ്രമുഖർക്ക് പിന്നാലെ നടക്കുകയല്ല വേണ്ടത്- പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേരളത്തിൽ പൊലീസും വർഗീയവാദികളും ഗുണ്ടകളും അഴിഞ്ഞാടുകയാണ്. പൊലീസിനെ പാർട്ടി നേതാക്കൾ നിയന്ത്രിക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ പൊലീസ് പരാജയപ്പെട്ടു. എന്തു സംഭവം ഉണ്ടായാലും ഒറ്റപ്പെട്ടതാണെന്നു പറഞ്ഞ് മുഖ്യമന്ത്രി പൊലീസിനെ ന്യായീകിരിക്കുകയാണ്. ഗവർണർ വിഷയത്തിൽ കോൺഗ്രസിൽ രണ്ടഭിപ്രായമില്ല. ഉന്നതവിദ്യാഭ്യാസ മന്ത്രി നിയമവിരുദ്ധമായി പ്രവർത്തിച്ചെന്നും ഗവർണർ നിയമവിരുദ്ധതയ്ക്ക് കൂട്ടുനിന്നെന്നുമാണ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും പറഞ്ഞത്. ഇതു സംബന്ധിച്ച് കോൺഗ്രസിലും യു.ഡി.എഫിലും ഒറ്റ അഭിപ്രായമേയുള്ളൂ. ഭിന്നതയുണ്ടെന്നു വരുത്തി അത് ആഘോഷിക്കാൻ ആരും വരേണ്ടതില്ലെന്നും സതീശൻ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ