തിരുവനന്തപുരം: സംസ്ഥാന സർക്കാർ കലക്കവെള്ളത്തിൽ മീൻ പിടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അക്രമം ചെറുക്കാൻ പറ്റില്ലെങ്കിൽ രാജിവച്ച് പുറത്ത് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭൂരിപക്ഷ വർഗീയതയാണ് ന്യൂനപക്ഷ വർഗീയതയക്ക് കാരണമെന്ന് മന്ത്രി എം വി ഗോവിന്ദൻ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സതീശൻ.

തീക്കൊള്ളികൊണ്ട് തല ചൊറിയുന്നതിന് തുല്യമാണ് സർക്കാരിന്റെയും മന്ത്രിമാരുടെയും പ്രതികരണങ്ങളെന്ന് സതീശൻ ആരോപിച്ചു. കൊലയാളി സംഘത്തിന് നേതൃത്വം നൽകുന്നവരെ ചോദ്യം ചെയ്യാൻ മുഖ്യമന്ത്രിയുടെ മുട്ട് വിറക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കെഎസ്ഇബിയിൽ സിഐടിയുവിനെ ഉപയോഗിച്ച് ഘടകകക്ഷി മന്ത്രിയെ വിരട്ടുകയാണെന്നും വി ഡി സതീശൻ ആരോപിച്ചു. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതയെ കോൺഗ്രസ് ഒരുപോലെ എതിർക്കുമെന്നും സതീശൻ പറഞ്ഞു.

ഭൂരിപക്ഷ വർഗീയതയാണ് രാജ്യത്ത് ഹിന്ദു രാഷ്ട്രം ഉണ്ടാക്കാൻ ശ്രമിക്കുന്നത്. ഹിന്ദു രാഷ്ട്രം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് ന്യൂനപക്ഷ വിരോധം ഉടലെടുക്കുന്നത്. സ്വാഭാവികമായും ഭൂരിപക്ഷ വർഗീയതയാണ് ഏറ്റവും അപകടകാരിയായ വർഗീയതയെന്നായിരുന്നു എം വി ഗോവിന്ദൻ മാസ്റററുടെ പ്രതികരണം.