തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വികസനം ചർച്ചയാക്കുമെന്ന് പറഞ്ഞ് വീമ്പിളക്കിയ സിപിഎം നേതാക്കൾ കെ റെയിൽ കുറ്റിയും കൊണ്ട് കണ്ടം വഴി ഓടി. ജനരോഷം ഭയന്ന് തൃക്കാക്കര തെരഞ്ഞെടുപ്പു കഴിയുന്നത് വരെ കല്ലിടൽ ഒഴിവാക്കിയ സർക്കാർ ഇനി കല്ലിടാതെ ജിപിഎസ് സർവേ നടത്തുമെന്ന് അറിയിച്ചിരിക്കായാണ്. അതേസമയം സർക്കാർ തീരുമാനം യുഡിഎഫിന്റെ വിജയമായാണ് പ്രതിപക്ഷം കണക്കു കൂട്ടുന്നത്.

കെ റെയിൽ കല്ലിടൽ നിർത്തിവച്ചത് യുഡിഎഫും സമരസമിതിയും നടത്തിയ ഐതിഹാസിക സമരത്തിന്റെ ഒന്നാംഘട്ട വിജയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അവകാശപ്പെട്ടു. പ്രതിഷേധക്കാർക്ക് എതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു. കല്ലിടലിനെ യുഡിഎഫ് അതിശക്തിയായി എതിർത്തതാണ്. കല്ലിടൽ നടത്താതെ തന്നെ സാമൂഹികാഘാത പഠനം നടത്താമെന്ന യുഡിഎഫിന്റെ അഭിപ്രായം ചെവികൊള്ളാൻ സർക്കാർ തയ്യാറായിരുന്നില്ല. ഇപ്പോൾ എവിടെനിന്നാണ് ഈ ബോധോദയമുണ്ടായത്? അതുകൊണ്ട് സർക്കാർ തെറ്റ് സമ്മതിക്കണം. പാവപ്പെട്ടവരായ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കെ റെയിൽ കല്ലിടൽ നിർത്തി, ജിപിഎസ് സർവെ നടത്താൻ റവന്യു വകുപ്പ് ഉത്തരവിട്ടിരുന്നു. സർവെകൾക്ക് ഇനി ജിയോ ടാഗ് ഉപയോഗിക്കണം. അല്ലെങ്കിൽ കെട്ടിടങ്ങളിൽ മാർക്ക് ചെയ്യണമെന്ന് ഉത്തരവിൽ പറയുന്നു.കെ റെയിൽ നൽകിയ അപേക്ഷയെ തുടർന്നാണ് നടപടി. സർവെ നടത്താൻ സ്ഥാപിച്ച കല്ലുകൾ പ്രതിഷേധക്കാർ പിഴുതുമാറ്റുന്നത് പതിവായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമഠത്ത് ഉൾപ്പെടെ പ്രതിഷേധങ്ങൾ അരങ്ങേറി. ഇതേത്തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി കെ റെയിൽ കല്ലിടൽ താത്ക്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു.

കുറച്ചുദിവസങ്ങളിലായി കല്ലിടലും സർവേയും നിറുത്തിവച്ചിരിക്കുയായിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പായതിനാലാണ് ഇതെന്നാണ് പ്രതിപക്ഷം പരിഹസിച്ചിരുന്നത്. നേരത്തേ സി പി എം പാർട്ടി കോൺഗ്രസ് നടക്കുന്ന സമയത്തും കല്ലിടൽ നിറുത്തിവച്ചിരുന്നു. അതിർത്തിക്കല്ലിടലിന് ചെലവാക്കിയത് എൺപത്തിരണ്ട് ലക്ഷത്തോളം രൂപയാണെന്നുള്ള വിവരാവകാശ രേഖ നേരത്തേ പുറത്തുവന്നിരുന്നു. ഉദ്യോഗസ്ഥരുടെ ചെലവും ഓരോ പ്രദേശത്തും കല്ല് എത്തിച്ച് സ്ഥാപിക്കാനായി കഴിഞ്ഞ ഫെബ്രുവരി വരെ 81.60 ലക്ഷം രൂപയാണ് കെ റെയിൽ ചെലവാക്കിയത്. ഈ തുക സർക്കാർ തീരുമാനത്തോടെ വെള്ളത്തിലായി.

കൊച്ചിയിലെ വിവരാവകാശ പ്രവർത്തകൻ കെ ഗോവിന്ദൻ നമ്പൂതിരിക്ക് കെ റെയിൽ നൽകിയ മറുപടിയിലാണ് കെ റെയിൽ കല്ലിടലിന് ചെലവായ പണത്തിന്റെ കണക്കു പുറത്തുവന്നത്. വിവിധ സർവേകൾക്കായി ഇതുവരെ 3.23 കോടി രൂപ ചെലവാക്കി. അലൈന്മെന്റ് തയാറാക്കാനുള്ള ലിഡാർ ആകാശ സർവേയ്ക്ക് 2.08 കോടി രൂപ, ട്രാഫിക്, ട്രാൻസ്പോർട്ടേഷനായി 23.75 ലക്ഷം രൂപ, ഭൂപ്രകൃതിയെ കുറിച്ചു കൃത്യമായി മനസിലാക്കാനുള്ള ടോപോഗ്രഫിക്കൽ സർവേയ്ക്കായി 8.27 ലക്ഷം രൂപയും ചെലവായി.

ഡി പി ആർ തയാറാക്കാൻ മാത്രം 22 കോടി രൂപ ചെലവു വന്നു. എന്നാൽ ഈ ഡി പി ആർ പൂർണമല്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. കെ റെയിലിന്റെ പ്രതിച്ഛായ കൂട്ടാനായി 59.47 ലക്ഷം രൂപ ചെലവാക്കി. സിൽവർ ലൈനിനെതിരെ ഹൈക്കോടതിയിൽ എത്തിയ 12 കേസുകൾ വാദിക്കാനായി അഭിഭാഷകർക്ക് 6.11 ലക്ഷം രൂപയാണ് നൽകിയത്.

ഇത് കൂടാതെ കെ റെയിൽ പ്രചരണത്തിന് വീണ്ടും കൈപുസ്തകമിറക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. കെ റെയിലിനോട് അടുപ്പിക്കുകയാണ് സർക്കാറിന്റെ ലക്ഷ്യം. ഇത് മുന്നിൽ കണ്ടാണ് രണ്ടാമതും കൈപുസ്തകം പുറത്തിറക്കാൻ സർക്കാർ തീരുമാനിച്ചത്. അഞ്ച് ലക്ഷം കൈപുസ്തകങ്ങളാണ് സർക്കാർ അച്ചടിച്ച് ഇറക്കുന്നത്.ഇതിനായി ഏഴലക്ഷം രൂപ അനുവദിച്ച് ഉത്തരവിറങ്ങി. നേരത്തെ നാലരക്കോടി ചെലവിൽ 50 ലക്ഷം കൈപുസ്തകം അച്ചടിച്ച് ഇറക്കിയിരുന്നു.

പൗര പ്രമുഖരുമായുള്ള ചർച്ചയ്ക്കും പൊതു യോഗങ്ങൾക്കും ശേഷമാണ് ഇത്തരത്തിലുള്ള പ്രചാരണ പരിപാടിക്ക് തയ്യാറെടുക്കുന്നത്. ഇതിനായി സർക്കാർ നേരത്തെ ടെണ്ടർ വിളിക്കുകയും ചെയ്തിരുന്നു. ബോധവത്കരണത്തിന് ആയി ലഘുലേഖകളും തയാറാക്കുമെന്നാണ് വിവരം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സിൽവർലൈൻ എൽഡിഎഫിനറെ മുഖ്യവിഷയമാണെങ്കിലും പ്രതിഷേധം ഭയന്ന് സംസ്ഥാനത്താകെ സർക്കാർ പിന്മാറ്റപാതയിലാണ്.