തിരുവനന്തപുരം: കുഞ്ചാക്കോ ബോബൻ നായകനായ 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിനെതിരെയുള്ള സൈബർ ആക്രമണത്തോടെ കേരളത്തിലെ റോഡുകൾ വീണ്ടും സജീവചർച്ചയിൽ ആയിരിക്കയാണ്. ദേശാഭിമാനിയിൽ അടക്കം സിനിമയുടെ പരസ്യം എത്തിയിട്ടുണ്ട്. ഇതോടെ ഇത് മന്ത്രി മുഹമ്മദ് റിയാസിനെ ട്രോളിയതാണോ എന്ന് വിധത്തിൽ പോലുമാണ് ചർച്ചകൾ മുന്നോട്ടു പോകുന്നത്. ഇതിനെ പരിഹസിച്ചു കൊണ്ട് ദേശീയപാതയിലെ കുഴികളെ കുറിച്ച് മാത്രമാണോ ഉദ്ദേശിച്ചതെന്ന വിധത്തിലും വിമർശനം കടുക്കുന്നുണ്ട്.

അതേസമയം സിനിമാ വിഷയം പ്രതിപക്ഷവും ഏറ്റെടുത്തു. വിഷയത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തുവന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി പുരപ്പുറത്ത് കയറി വാദിക്കുന്നവരാണ് സിനിമക്കെതിരെ സൈബർ ആക്രമണം നടത്തുന്നത്. സൈബർ ആക്രമണം ഉണ്ടായാൽ സിനിമ കൂടുതൽ പേർ കാണുമെന്നും അദ്ദേഹം പറഞ്ഞു.

റോഡിൽ കുഴിയുണ്ടെന്ന് പറയുമ്പോൾ ഇല്ലെന്ന് പൊതുമരാമത്ത് മന്ത്രി പറയുന്നു. റോഡിലെ കുഴിയെക്കുറിച്ച് പറയുമ്പോൾ കൊതുകു കടി കൊള്ളണമെന്നുള്ള വിചിത്രമായ പരാമർശങ്ങളാണ് നടത്തിയിരിക്കുന്നത്. ഇന്നിപ്പോൾ ദേശാഭിമാനി പത്രത്തിന്റെ മുൻപേജിൽ വന്ന ഒരു സിനിമയുടെ പരസ്യത്തിലുമുണ്ട് 'തിയറ്ററിലേക്ക് വരുമ്പോൾ കുഴിയുണ്ട് എന്നാലും വരാതിരിക്കരുത്' എന്ന്. പൊതുധാരണയാണത്. ജനങ്ങൾ മുഴുവൻ ചർച്ച ചെയ്യുന്നുണ്ട്. നിങ്ങൾ സമൂഹമാധ്യമങ്ങൾ നോക്കൂ. വിവിധ സ്ഥലങ്ങളിലെ റോഡുകളിലെ കുഴികളുടെ ചിത്രങ്ങൾ ആളുകൾ പുറത്തുവിടുകയാണ്. അതിലെന്തു രാഷ്ട്രീയമാണുള്ളത്. അപകടങ്ങൾ ഉണ്ടാവരുത്. മനുഷ്യന്റെ ജീവൻ പൊലിയരുത്. കയ്യും കാലുമൊടിഞ്ഞ് ആളുകൾ ആശുപത്രിയിൽ കിടക്കുകയാണ്. നമ്മളൊക്കെ യാത്ര ചെയ്യുന്ന ആളുകളല്ലേ? എന്നും സതീശൻ ചോദിച്ചു.

അതേസമയം പോസ്റ്റർ വിവാദത്തിൽ പരിഹാസവുമായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാമും രംഗത്തുവന്നു. കേരളത്തിലെ മുഴുവൻ ജനങ്ങളും അനുഭവിക്കുന്ന ഒരു ദുരിതം ഫലിത രൂപേണ പരസ്യവാചകത്തിലുൾപ്പെടുത്തി എന്നതിന്റെ പേരിൽ ഒരു സിനിമയെ ബഹിഷ്‌ക്കരിക്കാനാവശ്യപ്പെടുന്നുവെന്നും, ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ വക്താക്കളായ മാർക്സിസ്റ്റ് വെട്ടുകിളികൾ, ഇവന്മാർക്ക് പ്രാന്താണെന്നും വി.ടി. ബൽറാം തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പങ്കുവെച്ച പോസ്റ്റിലൂടെ പറയുന്നു.

കുഞ്ചാക്കോ ബോബൻ നായകനായ ന്നാ താൻ കേസ് കൊട് എന്ന പുതിയ ചിത്രത്തിന്റെ പോസ്റ്ററിലെ ക്യാപ്ഷനാണ് വിവാദത്തിലായത്. വ്യാഴാഴ്ച ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് പുറത്ത് വന്ന പോസ്റ്ററിനെതിരെയാണ് സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നത്. കുഞ്ചാക്കോ ബോബൻ തന്നെയാണ് പോസ്റ്റർ തന്റെ സോഷ്യൽ മീഡിയാ പ്രൊഫൈലുകളിലൂടെ പങ്കുവെച്ചിരിക്കുന്നത്. 'തിയേറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ,' എന്നാണ് പോസ്റ്ററിലെ ക്യാപ്ഷൻ. ഇതിനെതിരെയാണ് ഇടത് പ്രൊഫൈലുകളിൽ നിന്നും വിമർശനമുയരുന്നത്.

അങ്കമാലിയിൽ ദേശീയപാതയിലെ കുഴിയിൽ വീണ് സ്‌കൂട്ടർ യാത്രികൻ മരിച്ചതിന് പിന്നാലെ റോഡിലെ പാതയിലെ കുഴികൾ സമീപകാലത്ത് വലിയ ചർച്ചയായിരുന്നു. വിഷയത്തിൽ സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള പോര് രൂക്ഷമാകവെയാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ പോസ്റ്ററിൽ റോഡിലെ കുഴിയെ പറ്റിയുള്ള പരാമർശമുണ്ടായത്.