- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രസംഗ മത്സരങ്ങളിലൂടെ സമ്മാനങ്ങൾ വാരിക്കൂട്ടിയ വിദ്യാർത്ഥി ജീവിതം; നിയമസഭയിൽ വടക്കൻ പറവൂരിന്റെ ശബ്ദമായത് 1996 ലെ തോൽവിയിൽ നിന്നും പഠിച്ച പാഠം; മൂർച്ചയുള്ള നാവും തേച്ചുമിനുക്കിയ ചിന്തയും എന്നും കൈമുതൽ; 'ശബരിമല' കാലത്ത് സ്ത്രീസമത്വം തുറന്നുപറഞ്ഞ നേതാവ്; എരിഞ്ഞമർന്ന പ്രതിപക്ഷത്തെ ഇനി നയിക്കുക വി ഡി സതീശൻ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ സംസ്ഥാന കോൺഗ്രസിലെ തലമുറ മാറ്റത്തിനു കൂടി തുടക്കമിടുകയാണ് പ്രതിപക്ഷ നേതൃപദവിയിലേക്ക് വി ഡി സതീശനെ നിയമിച്ചതിലൂടെ ഹൈക്കമാൻഡ്. ഉമ്മൻ ചാണ്ടി അടക്കമുള്ള തലമുതിർന്ന നേതാക്കൾ ഒന്നടങ്കം രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി ശക്തമായി വാദിച്ചപ്പോഴും അനിവാര്യമായ മാറ്റത്തിന് വേണ്ടി ഉറച്ച തീരുമാനം എടുക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വത്തെ പ്രേരിപ്പിച്ചതും കനത്ത തോൽവി നൽകിയ പാഠമാണ്.
എന്നാൽ ഭരണത്തുടർച്ചയുമായി രാഷ്ട്രീയ വിജയത്തിന്റെ അത്യുന്നതിയിൽ നിൽക്കുന്ന പിണറായിയെ നേരിടുന്നതിനൊപ്പം സ്വന്തം പാർട്ടിയിലെ അതൃപ്തരെ അനുനയിപ്പിക്കലും പുതിയ പ്രതിപക്ഷ നേതാവിന് മുന്നിലെ വെല്ലുവിളിയാണ്. പ്രത്യേകിച്ച് കഴിഞ്ഞ തവണ പിണറായി വിജയൻ സർക്കാരിനെ പലപ്പോഴും പ്രതിരോധത്തിലാക്കിയ, പ്രതിപക്ഷ നേതാവിന്റെ ചുമതല നിറവേറ്റാൻ പരമാവധി ശ്രമിച്ച രമേശ് ചെന്നിത്തലയെ മാറ്റിനിർത്തേണ്ടി വരുന്ന സാഹചര്യത്തിൽ.
മൂർച്ചയുള്ള നാവും തേച്ചു മിനുക്കിയ ചിന്തയുമാണ് സമകാലികരായ കോൺഗ്രസുകാർക്കിടയിൽ വി ഡി സതീശനെ എന്നും വേറിട്ടു നിർത്തിയത്. സംസ്ഥാനമെമ്പാടും ഓടിനടന്ന് പ്രസംഗ മൽസരങ്ങളിലും ഡിബേറ്റുകളിലുമെല്ലാം സമ്മാനങ്ങൾ വാരിക്കൂട്ടിയൊരു വിദ്യാർത്ഥി ജീവിതകാലത്തിന്റെ തുടർച്ചയാണ് കൊച്ചി നെട്ടൂർ സ്വദേശിയായ ഈ നേതാവിന്റെ രാഷ്ട്രീയ ജീവിതം.
1996-ൽ വടക്കൻ പറവൂരിൽ തോറ്റു കൊണ്ടായിരുന്നു തെരഞ്ഞെടുപ്പ് ജീവിതത്തിന്റെ തുടക്കം. പക്ഷേ ഒരിക്കൽ തോൽപ്പിച്ച നാടിന്റെയാകെ ഹൃദയം കവർന്ന സതീശൻ 2001 മുതലിങ്ങോട്ട് വടക്കൻ പറവൂരിന്റെ പര്യായമായി. കോൺഗ്രസിന്റെയെന്നല്ല, മുന്നണിക്ക് അതീതമായി തലയെടുപ്പുള്ള നേതാക്കൾ ഏറെ പേർ സഭയിലുണ്ടായിരുന്ന കാലത്തും ആഴത്തിലുള്ള അറിവു കൊണ്ടും അളന്നു കുറിച്ച വാക്കുകൾ കൊണ്ടും സഭയിലെ ഐക്യമുന്നണിയുടെ മുഖമായി സതീശൻ. സതീശന്റെ നാവിന്റെ മൂർച്ചയറിഞ്ഞ എതിരാളികളുടെ പട്ടിക വി എസ് അച്യുതാനന്ദൻ മുതൽ എം സ്വരാജ് വരെ നീളും.
ആശയ സമ്പന്നനായ കോൺഗ്രസുകാരനായിരിക്കുമ്പോഴും പാർട്ടിയിലെ തെറ്റുകൾക്കെതിരെ ശബ്ദമുയർത്താനും ഒരിക്കലും മടിച്ചിട്ടില്ല സതീശൻ. ഹരിത രാഷ്ട്രീയം പറഞ്ഞും, സമുദായ സംഘടനകളോടു അമിത വിധേയത്വം പുലർത്തുന്ന നേതൃത്വത്തിനെതിരെ വിരൽ ചൂണ്ടിയുമെല്ലാം കോൺഗ്രസിനു പുറത്തും ആരാധകവൃന്ദത്തെ രൂപപ്പെടുത്താൻ കുറഞ്ഞ കാലം കൊണ്ട് സതീശനായി.
ശബരിമല വിഷയം കത്തിനിൽക്കുന്ന കാലയളവിൽ ബിജെപി നടത്തുന്നത് പോലെ നാമജപ ഘോഷയാത്ര നടത്തേണ്ട പാർട്ടിയല്ല കോൺഗ്രസെന്നും ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പാർട്ടി നിലപാടല്ല തന്റെതെന്ന് വ്യക്തമാക്കി രംഗത്ത് വന്ന വി ഡി സതീശനെ കേരളം മറന്നിട്ടില്ല.
ശബരിമല വിഷയത്തിൽ കോൺഗ്രസ് ആൾക്കൂട്ടത്തിന് പിന്നാലെ പോകരുതെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും വി.ഡി സതീശൻ പിന്നീട് തുറന്നുപറഞ്ഞു. പാർട്ടിക്കുള്ളിൽ ഈ അഭിപ്രായമുള്ള ഒരുപാട് പേർ ഉണ്ടെന്നും അഭിമുഖത്തിൽ സതീശൻ തുറന്നടിച്ചു.
പൊതുസമൂഹത്തിൽ നിലനിൽക്കുന്ന സ്ത്രീ വിരുദ്ധ നിലപാട് മാറണമെന്നാണ് എന്റെ അഭിപ്രായം. എന്റേതിന് സമാനമായ അഭിപ്രായമുള്ള ഒരുപാട് പേർ പാർട്ടിക്കുള്ളിലുണ്ട്. ശബരിമല വിഷയത്തിലെ തന്റെ നിലപാട് പാർട്ടിക്കുള്ളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും സതീശൻ പറയുന്നു.ബിജെപി നടത്തുന്നത് പോലെ നാമജപ ഘോഷയാത്ര നടത്തേണ്ട പാർട്ടിയല്ല കോൺഗ്രസ്. കോൺഗ്രസിന് അതിന്റേതായ പാരമ്പര്യവും വഴികളുമുണ്ടെന്നും സതീശൻ പറയുന്നു.
ശബരിമല വിഷയം കോൺഗ്രസ് നേതൃത്വം ഏറെ ചർച്ച ചെയ്തശേഷമാണ് വിശ്വാസി സമൂഹത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചത്. കോടതി വിധിക്ക് അനുകൂലമായ പ്രതികരണമാണ് ആദ്യം പ്രതിപക്ഷ നേതാവിൽ നിന്നും കെപിസിസി അധ്യക്ഷനിൽ നിന്നുമെല്ലാം ഉണ്ടായത്. പാർട്ടിക്കുള്ളിൽ തന്നെ ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട് എന്നും സതീശൻ പറഞ്ഞിരുന്നു.
നിലപാടുകളിലെ ഈ സ്ഥൈര്യം തന്നെയാണ് വമ്പൻ പരാജയത്തിനു പിന്നാലെ ഗ്രൂപ്പുവ്യത്യാസങ്ങൾ മറന്ന് സതീശനായി മുറവിളി ഉയർത്താൻ കോൺഗ്രസുകാരെ പ്രേരിപ്പിച്ചതും.
രാഷ്ട്രീയ ശൈശവം മുതൽ സംരക്ഷണമൊരുക്കിയ രമേശ് ചെന്നിത്തലയെ മാറ്റി നിർത്തിയാണ് സതീശനെ പാർട്ടി നേതൃത്വം പുതിയ ചുമതലയേൽപ്പിക്കുന്നതെന്നതും ശ്രദ്ധേയം. കൂടുതൽ കരുത്തനായ പിണറായിയെ നേരിടുന്നതിനൊപ്പം സ്വന്തം പാളയത്തിലെ പടയെ കൂടി പ്രതിരോധിക്കാനാവുന്നിടത്താകും വി ഡി സതീശൻ എന്ന പ്രതിപക്ഷ നേതാവിന്റെ വിജയം.
ന്യൂസ് ഡെസ്ക്