സുള്ള്യ: താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കാണപ്പെട്ട കാസർഗോഡ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് വി.കെ. ഉണ്ണികൃഷ്ണൻ സുള്ള്യയിലെത്തിയത് എങ്ങിനെ? അബോധാവസ്ഥയിലാണോ അല്ലെങ്കിൽ തെറ്റിദ്ധരിക്കപ്പെട്ട് എത്തിയതോ? അന്യ സംസ്ഥാനത്ത് പോകുമ്പോൾ മേലധികാരികളിൽ നിന്നും അനുമതി വാങ്ങണമെന്ന് മജിസ്‌ട്രേറ്റിനും അദ്ദേഹത്തിനോടൊപ്പം പോയ അഭിഭാഷകർക്കും അറിയാവുന്നതായിരുന്നു. നേരത്തെ സ്വന്തം നാടായ തൃശ്ശൂരിൽ പോകാൻ പോലും അനുമതി വാങ്ങിക്കാറുണ്ടായിരുന്നു മജിസ്‌ട്രേറ്റ് ഉണ്ണികൃഷ്ണൻ. കാസർഗോഡിന്റെ കിഴക്കൻ മലയോര അതിർത്തിയിൽ നിന്നും മജിസ്‌ട്രേറ്റിനെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടു പോകാനാണ് സാധ്യത. അല്ലെങ്കിൽ അദ്ദേഹത്തെ ബോധം കെടുത്തി കൊണ്ടു പോയതാകാനേ തരമുള്ളൂവെന്നാണ് ദളിത് സംഘടനാ കൂട്ടായ്മ ആരോപിക്കുന്നത്.

കാസർഗോട്ടെ പകൽ മാന്യന്മാരായ മദ്യപാനികളുടെ പറുദീസയാണ് കർണ്ണാടകത്തിലെ സുള്ള്യ. ജില്ലാ കേന്ദ്രത്തിൽ നിന്നും ഒന്നര മണിക്കൂർ സഞ്ചരിച്ചാൽ സുള്ള്യയിലെത്തിച്ചേരാം. അതുകൊണ്ടു തന്നെ കാസർഗോഡും സുള്ള്യയും കേന്ദ്രീകരിച്ചുള്ള ഒട്ടുമിക്ക അനധികൃത ഇടപാടുകൾക്കും വേദിയാകുന്നത് സുള്ള്യയിലെ ബാറുകളാണ്. ജീവനൊടുക്കപ്പെട്ട മജിസ്‌ട്രേറ്റിനെ മൂന്ന് അഭിഭാഷകരാണ് സുള്ള്യയിലെത്തിച്ചത്. സുള്ള്യയിലെ ബാറിൽ മദ്യപിച്ചശേഷം മജിസ്‌ട്രേറ്റ് ലക്കുകെട്ടന്നായിരുന്നു പ്രചാരണം. അതിനാൽ കാസർഗോഡു നിന്നും പോയ കാറിൽ അഭിഭാഷകർ മജിസ്‌ട്രേറ്റിനെ ഇരുത്തിയശേഷം ഭക്ഷണം കഴിക്കാൻ പോവുകയും ചെയ്തു. ഒരാൾ പോലും മജിസ്‌ട്രേറ്റിന് കൂട്ടു നിൽക്കാതെ പോയതിലും ദുരൂഹത ഉണർത്തുന്നു. അതിനുശേഷം കാറിൽ നിന്നിറങ്ങിയ മജിസ്‌ട്രേറ്റ് സുള്ള്യ ടൗണിൽ കുറേ ദൂരം നടന്നു പോയെന്നും വഴിയറിയാതെ തിരിച്ചു വരാൻ ഓട്ടോ യാത്രക്കാരന്റെ സഹായം തേടുകയും ചെയ്തു. അയാളുമായി കശപിശ നടന്നെന്നും അയാളെ മർദ്ദിച്ചെന്നുമാണ് കൂട്ടാളികളും പൊലീസും പ്രചരിപ്പിക്കുന്നത്.

കൂട്ടുകാരായ അഭിഭാഷകർക്കൊപ്പം മദ്യപിച്ച ഉണ്ണികൃഷ്ണന് സ്വബോധം നഷ്ടപ്പെട്ടതാണെങ്കിൽ അദ്ദേഹത്തെ സുരക്ഷിതമായി നിർത്തേണ്ട ചുമതല അവർക്കല്ലേയെന്ന ചോദ്യവും ഉയരുന്നുണ്ട്. കന്നട അറിയാത്ത മജിസ്‌ട്രേറ്റിനെ കന്നട അറിയുന്ന കാസർഗോട്ടെ അഭിഭാഷകർ എന്തിന് ഒറ്റപ്പെടുത്തി. ഹോംഗാർഡ് ഓട്ടോ ഡ്രൈവർ, പോലൂസുകാർ, എന്നിവരെ ഒറ്റക്ക് മജിസ്‌ട്രേറ്റ് മർദ്ദിച്ച് ആശുപത്രിയിലാകാൻ കാരണമായി എന്നത് എങ്ങിനെയാണ് വിശ്വസിക്കുക. ഇതെല്ലാം മജിസ്‌ട്രേറ്റിനെതിരെ മറ്റെന്തോ ഗൂഢാലോചന നടന്നതായി കരുതേണ്ട സംഭവങ്ങളാണ്. അഭിഭാഷകർക്കൊപ്പം കൂട്ടുകൂടാൻ കാസർഗോഡ് ജില്ലക്കാരനായ ഒരു ബിസിനസ്സ്‌കാരനും ഉണ്ടായതായി വിവരമുണ്ട്. ഇക്കാര്യം കൂടി സ്ഥിരീകരിച്ചാലേ ഈ സംഭവത്തിലെ ദുരൂഹത നീങ്ങുകയുള്ളൂ.

കേസുകൾ പെട്ടന്ന് തന്നെ തീർപ്പ് കൽപ്പിക്കുന്ന സ്വഭാവക്കാരനായിരുന്നു മജിസ്‌ട്രേറ്റ് ഉണ്ണികൃഷ്ണൻ. കക്ഷികൾക്ക് ഈ നടപടി ഹിതമാണെങ്കിലും ചിലർക്ക് ഈ നടപടി അസ്വസ്ഥതകൾ സൃഷ്ടിച്ചതായും പറയുന്നു. ജോലിയിലെ കാര്യക്ഷമത പരിഗണിച്ച് നേരത്തെ ഗുഡ്‌സ് സർവ്വീസ് എൻട്രി ലഭിച്ചിരുന്നു. മജിസ്‌ട്രേറ്റിനൊപ്പം സുള്ള്യയിലെത്തിയ അഭിഭാഷകർ ആരൊക്കെയാണെന്നുള്ള ഏകദേശ വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഉടൻ തന്നെ അവരുടെ മൊഴിയെടുത്തേക്കും. കാഞ്ഞങ്ങാട്ടു നിന്ന് കാറിലാണ് ഈ മാസം ആറിന് ഇവർ സുള്ള്യയിലേക്ക് പോയത്. അവിടത്തെ സി.സി.ടി.വി. ദൃശ്യങ്ങളിൽ മജിസ്‌ട്രേറ്റിനെ കാറിലിരുത്തിയശേഷം മൂന്ന് പേർ മറ്റൊരു ഹോട്ടലിലേക്ക് പോകുന്നത് പതിഞ്ഞിട്ടുണ്ടെന്നാണ് വിവരം.

മദ്യപിച്ച് ബഹളമുണ്ടാക്കിയതിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത മജിസ്‌ട്രേറ്റിനെ മൂന്നാം മുറയുപയോഗിച്ച് പീഡിപ്പിച്ചിരുന്നതായും രണ്ടു കാലുകളിലും മുഖത്തും മർദ്ദനമേറ്റ് നീര് വന്നിരുന്നതായും കണ്ടിരുന്നു. അരക്കെട്ട് ചലിപ്പിക്കാൻ പോലുമായിരുന്നില്ല. മജിസ്‌ട്രേറ്റിന്റെ ഫോൺ പിടിച്ചെടുത്തതിനാൽ ബന്ധുവായ സഹായിയുടെ ഫോണായിരുന്നു മരിക്കുന്നതിന്റെ തലേ ദിവസം വരെ ഉപയോഗിച്ചിരുന്നത്. തൊട്ടു മുമ്പ് ഈ ഫോണിൽ മൂന്ന് കോളുകൾ വന്നിരുന്നു. ഇതേ തുടർന്നാണോ അദ്ദേഹം ജീവനൊടുക്കാൻ ഒരുമ്പെട്ടത് എന്ന സംശയവും ബലപ്പെടുന്നു.