- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആൾക്കൂട്ടത്തിൽ തനിയെ; പയ്യന്നൂർ ഫണ്ട് വിവാദം കത്തിനിൽക്കവെ വെള്ളൂർ ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിൽ മുൻ ഏരിയാസെക്രട്ടറി വി.കുഞ്ഞികൃഷ്ണൻ; പതാക ഉയർത്തിയത് ടി. ഐ മധുസൂദനൻ; പാർട്ടി ആർക്കൊപ്പമെന്ന സംശയം തീർന്നെന്ന് പ്രവർത്തകർ

കണ്ണൂർ: സി.പി. എം വെള്ളൂർ ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിൽ ടി. ഐ മധുസൂദനൻ എംഎൽഎയ്ക്കെതിരെ ആരോപണമുന്നയിച്ചതിന് തൽസ്ഥാനത്തു നിന്നും അച്ചടക്ക നടപടിയുടെ ഭാഗമായി നീക്കം ചെയ്ത ഏരിയാ സെക്രട്ടറി വി.കുഞ്ഞികൃഷ്ണൻ പങ്കെടുത്തു. എന്നാൽ വേദിയിൽ കയറാതെ കുഞ്ഞികൃഷ്ണൻ സദസ്യരിലൊരാളായി ഇരിക്കുകയായിരുന്നു.
ആരോപണ വിധേയനായ ടി. ഐ മധുസൂദനനെ പ്രവർത്തകരുടെ എതിർപ്പിനെ പരിഗണിച്ചു പരിപാടിയിൽ പങ്കെടുപ്പിക്കില്ലെന്ന അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും പരിപാടിയിൽ മുഖ്യാതിഥിയായതും, പതാക ഉയർത്തിയതും മധുസൂദനൻ തന്നെയായിരുന്നു. ഇതോടെ ജില്ലാനേതൃത്വം മധുസൂദനനെ പൂർണമായും സംരക്ഷിച്ചു കൊണ്ടാണ് മുൻപോട്ടു പോകുന്നതെന്ന നിലപാടിൽ തന്നെയാണെന്ന് വ്യക്തമായി.
വി. കുഞ്ഞികൃഷ്ണന്റെ നാടായ വെള്ളൂരിലാണ് ദേശീയ പാതയ്ക്കായി പൊളിച്ചുമാറ്റേണ്ടി വന്ന പഴയ കെട്ടിടത്തിനു പകരം പുതിയ പാർട്ടി ഓഫീസ് സി.കണ്ണൻനായർ സ്മാരകമെന്ന പേരിൽ പണിതത്. പയ്യന്നൂരിൽ കൊടുമ്പിരി കൊള്ളുന്ന പാർട്ടി ഫണ്ട് തിരിമറി വിവാദത്തിനിടെ നടത്താൻ തീരുമാനിച്ച ഉദ്ഘാടനത്തിൽ നിന്നും വി.കുഞ്ഞികൃഷ്ണൻ വിട്ടു നിൽക്കുമെന്ന ആശങ്കയുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം സി.പി. എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗം ടി.വി രാജേഷ് എന്നിവർ നടത്തിയ കൂടിക്കാഴ്‌ച്ചയെ തുടർന്ന് പങ്കെടുക്കാൻ തീരുമാനിക്കുകയായിരുന്നു.
തനിക്ക് ഏറെ വൈകാരികമായി ബന്ധമുള്ള പാർട്ടി ഓഫീസിന്റെ പുതിയ കെട്ടിട ഉദ്ഘാടനത്തിൽ പങ്കെടുക്കുമെന്ന് വി.കുഞ്ഞികൃഷ്ണൻ പിന്നീട് പറഞ്ഞിരുന്നു. പാർട്ടി പ്രവർത്തനം അവസാനിപ്പിച്ചുവെന്നു വി.കുഞ്ഞികൃഷ്ണൻ പറഞ്ഞിരുന്നുവെങ്കിലും അദ്ദേഹത്തെ പാർട്ടിയുടെ ഏരിയാകമ്മിറ്റി അംഗമായി തന്നെയാണ് സ്വാഗതപ്രാസംഗികൻ വിശേഷിപ്പിച്ചത്. എന്നാൽ വേദിയിലിരിക്കാൻ അദ്ദേഹം തയ്യാറായില്ല.സി.പി. എം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവനാണ് പാർട്ടി ഓഫിസ് ഉദ്ഘാടനം ചെയ്തത്. സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ, സെക്രട്ടറിയേറ്റ് അംഗങ്ങളായ വത്സൻ പനോളി, ടി. ഐ മധുസൂദനൻ എംഎൽഎ, ടി.വി രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.


