തിരുവനന്തപുരം: തലശ്ശേരി ധർമ്മടത്ത് സന്തോഷ്‌കുമാറിനെ കൊലചെയ്തത് ബിജെപിക്കാർ തന്നെയാണെന്ന പ്രചാരണം നടത്തിയ സിപിഐ(എം) മാപ്പുപറയണമെന്ന് ബിജെപി നേതാവ് വി മുരളീധരൻ. കുടുംബ പ്രശ്‌നവും സ്വത്തുതർക്കവുമാണ് കൊലയ്ക്കു കാരണമെന്നും രാഷ്ട്രീയ കാരണങ്ങളല്ലെന്നുമാണ് സിപിഐ(എം) സംഭവമുണ്ടായ ഉടൻ പറഞ്ഞുതുടങ്ങിയത്. എന്നാൽ രാഷ്ട്രീയ കാരണങ്ങളാണ് സന്തോഷ് കുമാറിന്റെ കൊലയ്ക്ക് പിന്നിലെന്ന് കണ്ടെത്തിയ പൊലീസ് ആറ് സിപിഐ(എം) പ്രവർത്തകരെ അറസ്റ്റുചെയ്തിരിക്കുകയാണ്. സിപിഎമ്മിന്റെ വാദങ്ങൾ ശുദ്ധ അസംബന്ധമാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണെന്നും മുരളി ഫെയ്‌സ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

തുനിഞ്ഞിറങ്ങിയാൽ തുനിഞ്ഞിറങ്ങിയാൽ സിപിഎമ്മിന്റെ അടിവേര് മാന്തിയേ ഞങ്ങൾ നിർത്തൂവെന്ന് രണ്ടുനാൾ മുമ്പും ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കിയ മുരളീധരൻ കടുത്ത രീതിയിലാണ് സിപിഎമ്മിന്റെ നിലപാടുകളെ വിമർശിച്ചത്. നിത്യവും കഴുത്ത് നീട്ടിത്തരാൻ ഞങ്ങൾ അറവുമാടുകളല്ല. എന്നും സമാധാന ആഹ്വാനം നടത്താമെന്ന് ആർക്കും വാക്കു കൊടുത്തിട്ടുമില്ലെന്നും മുരളീധരൻ വ്യക്തമാക്കിയത് ചർച്ചയാവുകയും ചെയ്തിരുന്നു.

കേരളം ഭരിക്കുന്ന സിപിഎമ്മിന് ആവശ്യമില്ലാത്ത സമാധാന അന്തരീക്ഷം ഞങ്ങൾക്ക് ഏകപക്ഷീയമായി ഉണ്ടാക്കാനാവില്ലെന്നാണ് മുരളീധരൻ അന്ന് പ്രതികരിച്ചത്.
കേന്ദ്രത്തിൽ ബിജെപി ഭരിക്കുമ്പോഴും കേരളത്തിൽ പ്രവർത്തകർക്കു നേരെ അക്രമം നടക്കുന്നു എന്നത് ഗുരുതരമായ സ്ഥിതി തന്നെയാണ്. സിപിഎമ്മിന്റെ അക്രമിപ്പടയെ നിലക്ക് നിർത്താൻ പഴയ വേഷം വീണ്ടും കെട്ടാൻ ഒരു മടിയുമില്ല. ഒന്നും മറന്നിട്ടുമില്ല.

തുനിഞ്ഞിറങ്ങിയാൽ സിപിഎമ്മിന്റ അടിവേര് മാന്തിയേ ഞങ്ങൾ നിർത്തൂ. ഇതിനെ ഭീഷണിയെന്നും മറ്റും വ്യാഖ്യാനിച്ച് മാദ്ധ്യമങ്ങളും മാർക്‌സിസ്റ്റ് പാർട്ടിയും സെലക്ടീവ് പ്രതികരണം നടത്തുന്ന കൂലിയെഴുത്തുകാരും ബഹളം വച്ചാലും എനിക്കൊരു ചുക്കുമില്ല. ഞങ്ങളുടെ പ്രവർത്തകരുടെ ജീവനെടുത്തവർക്കും അതിനായി ഉത്തരവിട്ടവർക്കും ഇനി ഉറക്കമില്ലാത്ത രാവുകളായിരിക്കും. പിണറായിയല്ല അതിലും കൂടിയ ഇനം കേരളം ഭരിച്ചാലും കൊലയാളികളെ രക്ഷിക്കാനാവില്ല . നീതി നടപ്പാവുക തന്നെ ചെയ്യുമെന്നും മുരളീധരൻ പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.

രാഷ്ട്രീയ എതിരാളികളെ വകവരുത്തിയ ശേഷം സിപിഐ(എം). നടത്തുന്ന കള്ളപ്രചാര വേലയുടെ ഭാഗമായാണ് സന്തോഷ് കുമാറിന്റെ കൊലയക്കു ശേഷവും സിപിഐ(എം) നടത്തിയ വ്യാജപ്രചാരണം. കൊലപാതകികളായ സിപിഐ(എം). പ്രവർത്തകരുടെ അറസ്റ്റിനു ശേഷവും സത്യസന്ധമായും നിക്ഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും കൊലയ്ക്കു പിന്നിൽ സിപിഐ(എം). അല്ലെന്നും സിപിഐ(എം). നേതാക്കൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്.

ഈ കൊലപാതകങ്ങളെല്ലാം നടക്കുന്നത് ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രിയുടെ ഒത്താശയോടെയാണ് എന്നതും വിചിത്രമാണ്.സമാധാനത്തിനായി ഉണ്ടാക്കിയ ധാരണകൾപോലും ലംഘിച്ച് അധികാരത്തിന്റെ തണലിൽ കൂടുതൽ ബിജെപി. പ്രവർത്തകരെ കൊന്നുതള്ളാമെന്ന സിപിഎമ്മിന്റെ മോഹത്തിന് വലിയ വില നൽകേണ്ടിവരും- മുരളീധരൻ പുതിയ പോസ്റ്റിൽ പറഞ്ഞു.