- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോമസ് ഐസക്ക് പിടിവീഴുമെന്നുള്ള ഭയംമൂലം ഒരുമുഴം മുൻകൂട്ടി എറിയുന്നു; ഇ.ഡിയുടെ പേരും കേന്ദ്രസർക്കാരിന്റെ പേരും വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നത് ഒരു മുതിർന്ന രാഷ്ട്രീയ പ്രവർത്തകനിൽനിന്ന് പ്രതീക്ഷിക്കുന്നതല്ലെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി; എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രാഷ്ട്രീയ ഉപകരണമായി അധപതിച്ചെന്ന തോമസ് ഐസക്കിന്റെ ആരോപണത്തോട് പ്രതികരിച്ച് വി. മുരളീധരൻ
പത്തനംതിട്ട: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രാഷ്ട്രീയ ഉപകരണമായി അധപതിച്ചു എന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ ആരോപണത്തോട് പ്രതികരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. പിടി വീഴുമെന്നുള്ള ഭയം കാരണം ഒരുമുഴം മുന്നേ എറിയുകയാണ് സംസ്ഥാന സർക്കാർ എന്നായിരുന്നു മുരളീധരന്റെ ആരോപണം. കേരളത്തിലെ സർക്കാരിനെ ഇപ്പോൾ വീഴ്ത്തിയിട്ട് ബിജെപിക്ക് അധികാരത്തിൽ വരാനാണോ എന്നായിരുന്നു ഐസക്കിന്റെ ആരോപണത്തിന് മുരളീധരന്റെ മറുചോദ്യം. അത്ര ബുദ്ധിയില്ലാത്തവരാണോ കേന്ദ്രത്തിൽ ഭരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. സ്വർണക്കടത്തു കേസിൽ ഉൾപ്പെട്ട യഥാർഥ പ്രതികളെയും പങ്കാളികളായ മുഴുവൻ പേരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
അന്വേഷണം എവിടേക്ക് ഒക്കെ പോകാൻ സാധ്യതയുണ്ടെന്ന് മറ്റാരെക്കാളും നന്നായി അറിയുന്നത് ഭരണത്തിലിരിക്കുന്നവർക്കാണ്. കാരണം ഭരണത്തിൽ എന്തൊക്കെ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും എന്തൊക്കെ നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും അത് ചെയ്തവർക്കാണ് മറ്റുള്ളവരെക്കാൾ നന്നായി അറിയുക. അങ്ങനെ ചെയ്തവർക്ക് പിടിവീഴുമെന്നുള്ള ഭയമാണ് ഇത്തരത്തിൽ ഒരുമുഴം മുൻകൂട്ടി എറിയാൻ അവരെ പ്രേരിപ്പിക്കുന്നത്- മുരളീധരൻ പറഞ്ഞു. അതുകൊണ്ട് സർക്കാരിന് എതിരായിട്ട് ഒരു ടാർഗറ്റഡ് അറ്റാക്ക് നടക്കുന്നു എന്ന് കേന്ദ്രസർക്കാരിനെതിരെ ഉയർത്തുന്ന ആരോപണം ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്നേ എറിയാനുള്ള ഉദ്ദേശ്യത്തോടെ മാത്രമാണ്. അതിനപ്പുറം ആ ആരോപണത്തിൽ ഒരുതരത്തിലുള്ള സാംഗത്യവും പ്രസക്തിയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇ.ഡിയുടെ പേരും കേന്ദ്രസർക്കാരിന്റെ പേരും വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നത് ധനകാര്യമന്ത്രി എന്ന തലത്തിൽ പ്രവർത്തിക്കുന്ന ഒരു മുതിർന്ന രാഷ്ട്രീയ പ്രവർത്തകനിൽനിന്ന് പ്രതീക്ഷിക്കുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. താൻ ചട്ടം ലംഘിച്ചു. നിയമസഭ വരട്ടെ, നോക്കട്ടെ എന്നാണ് ധനമന്ത്രി പറഞ്ഞത്. ഇതാണോ ഒരു ധനമന്ത്രി പറയേണ്ട മറുപടി. ഇത്തരത്തിൽ മറുപടി പറയുന്നവർ ആദ്യം അവരുടെ കാര്യമാണ് വിശദീകരിക്കേണ്ടത്. എന്ത് അടിസ്ഥാനത്തിലാണ് നിയമസഭയിൽ വെക്കേണ്ട സി.എ.ജി. റിപ്പോർട്ട് അതിനു മുൻപ് പുറത്തുവിട്ടു എന്നതിന് തൃപ്തികരമായ മറുപടി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു പോലും ധനമന്ത്രി കൊടുത്തിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.
കിഫ്ബി അന്വേഷണത്തിൽ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് ബിജെപിയുടെ രാഷ്ട്രീയ ഉപകരണമായി അധഃപതിച്ചിരിക്കുന്നുവെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ ആരോപണം. ആദ്യം ഇ.ഡി. ആർ.ബി.ഐ.യിൽ അന്വേഷിക്കുക, എന്നിട്ട് വേണം പത്രങ്ങൾക്ക് മെസേജ് കൊടുക്കുകയും വിവാദമുണ്ടാക്കുകയും ചെയ്യേണ്ടത്. മസാലബോണ്ടിന് ആർ.ബി.ഐ അനുവാദമുണ്ടെന്ന് എത്രയോ വട്ടം പറഞ്ഞിട്ടുള്ളതാണ്. വേണമെങ്കിൽ രേഖകൊടുക്കാം. ഇ.ഡി.യുടേത് രാഷ്ട്രീയക്കളിയാണ് എന്ന് തെളിഞ്ഞിരിക്കുകയാണ്. ആർ.ബി.ഐ.യുടെ എല്ലാ അനുമതിയും കിഫ്ബിക്ക് കിട്ടിയിട്ടുള്ളതാണ്. എന്തിനാണ് കിഫ്ബി ആൾസോ അണ്ടർ ദ റഡാർ എന്ന് തലക്കെട്ട് കൊടുക്കണമെന്ന് പറഞ്ഞ് എന്തിനാണ് ഇ.ഡി. മാധ്യമങ്ങൾക്ക് മെസേജ് അയച്ചത്. ഇതുവരെ അങ്ങനെ ഒരു മെസേജ് അയച്ചിട്ടില്ലെന്ന് ഇഡിയും മാധ്യമങ്ങളും നിഷേധിച്ചിട്ടില്ല. രാഷ്ട്രീയക്കളിയാണ് ഇഡിയുടേതെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ഐസക് പറഞ്ഞു.
ആർ.ബി.ഐ.യുടെ എല്ലാ അനുമതിയും കിഫ്ബിക്ക് കിട്ടിയിട്ടുള്ളതാണ്.ആർ.ബി.ഐ.ക്ക് അപേക്ഷിച്ചു അവർ എൻഒസി തന്നു. എന്നാൽ ഇപ്പോൾ വേണ്ട അടുത്ത വർഷം മതി ബോണ്ടിറക്കൽ എന്ന് തോന്നിയപ്പോൾ വീണ്ടും അപേക്ഷിക്കുകയും ആർ.ബി.ഐ അത് നീട്ടിത്തരികയും ചെയ്തു. എൻഒസി ലഭിച്ചിട്ടുണ്ട് വായ്പയുടെ നമ്പർ തരണം എന്ന് പറഞ്ഞപ്പോൾ ആർ.ബി.ഐ. അതും തന്നു. വായ്പ എടുത്തതിന് ശേഷം വായ്പ ചെലവഴിക്കുന്നത് സംബന്ധിച്ച് ആർ.ബി.ഐ.ക്ക് റിപ്പോർട്ട് അയക്കുന്നുണ്ട്. ഏഴോ, എട്ടോ തവണ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഒരു ഘട്ടത്തിലും ആർ.ബി.ഐ. നിങ്ങൾക്കിതിന് അവകാശമില്ലെന്ന് പറഞ്ഞിട്ടില്ല.
സിഎജിക്കാണ് പെട്ടെന്ന് ഇതിൽ സംശയം വന്നിരിക്കുന്നത്. 99 മുതൽ കിഫ്ബിയെ ഓഡിറ്റ് ചെയ്ത് വരുന്ന,9 വട്ടം കിഫ്ബിയിൽ പരിശോധന നടത്തിയിട്ടുള്ള എജിക്ക് ഇപ്പോൾ പെട്ടെന്ന് വീണ്ടുവിചാരം വരികയാണ്. സംസ്ഥാന സർക്കാരിനോട് ഒരു വിശദീകരണം പോലും ചോദിക്കാതെ തോന്ന്യവാസം എഴുതിപ്പിടിപ്പിക്കുന്നു. കാര്യങ്ങൾ ആദ്യം സർക്കാരിനെ അറിയിക്കണം. സർക്കാരിന്റെ അഭിപ്രായം വ്യത്യസ്തമാണെങ്കിൽ അത് കഴിയുന്നത്ര റിപ്പോർട്ടിൽ ഉൾക്കൊള്ളിക്കണമെന്നാണ് സിഎജി മാർഗ നിർദ്ദേശങ്ങളിൽ പറയുന്നത്. ആ സമയത്താണ് ഒരിക്കൽ പോലും ഉന്നയിക്കാത്ത പ്രശ്നങ്ങൾ റിപ്പോർട്ടായി ചമയ്ക്കുന്നത്. ഇതൊന്നും ആ ഭരണഘടനാപദവിക്ക് അനുയോജ്യമല്ല. ഇഡി, എജി ഇവരൊക്കെ കൂടി കേരളത്തിന്റെ വികസനത്തിനെതിരെ വലിയ ഗൂഢാലോചന നടത്തുകയാണെന്നും തോമസ് ഐസക്ക് ആരോപിച്ചു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി വി മുരളീധരൻ ഐസക്കിനെതിരെ രംഗത്തെത്തിയത്.
മറുനാടന് ഡെസ്ക്