തിരുവനന്തപുരം: ഇരവാദം ഉയർത്തി സഹതാപം പിടിച്ചുപറ്റാനുള്ള സർക്കാരിന്റെ ശ്രമം കോടതി പരിപൂർണമായും തള്ളിക്കളഞ്ഞെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിച്ചുവെന്ന് ആരോപിച്ച് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ട് എഫ്.ഐ.ആറുകളും അന്വേഷണവും ഹൈക്കോടതി റദ്ദാക്കിയതിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

രാജ്യദ്രോഹ പ്രവർത്തനങ്ങളും സ്വർണക്കള്ളക്കടത്തും ഉൾപ്പെടെ നടത്തുകയും അതിന് കൂട്ടുനിൽക്കുകയും ചെയ്ത ശേഷം അന്വേഷണം നടക്കുമ്പോൾ അത് രാഷ്ട്രീയ പ്രേരിതമാണെന്ന് വ്യാഖ്യാനിച്ചുകൊണ്ട് ഇരവാദം ഉയർത്തി സഹതാപം പിടിച്ചുപറ്റനുള്ള ശ്രമം കോടതി പരിപൂർണമായും തള്ളിക്കളഞ്ഞിരിക്കുന്നുവെന്ന് മുരളീധരൻ പറഞ്ഞു.

സിപിഎമ്മും പിണറായി വിജയനും ഇതിൽ നിന്നെങ്കിലും പാഠം ഉൾക്കൊള്ളണം. സ്വർണ്ണക്കള്ളക്കടത്തിന്റെ പേരിലാണെങ്കിലും കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന്റെ പേരിലാണെങ്കിലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

കേന്ദ്രമന്ത്രിയുടെ പ്രസ്താവന കാര്യങ്ങൾ മനസിലാക്കാതെയാണെന്ന ആരോഗ്യമന്ത്രിയുടെ പരാമർശത്തിന്റെ അർത്ഥം മന്ത്രി ഐ.സി.എം.ആറിന്റെ ഗൈഡ് ലൈൻസ് വായിച്ചിട്ടില്ലെന്നാണെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് നാലാം തീയതി തന്നെ രോഗബാധയുണ്ടെന്ന് കാര്യം ആരോഗ്യ മന്ത്രി മനസിലാക്കിയിട്ടില്ല.

ടെസ്റ്റ് നടത്തിയ ശേഷം തിരിച്ചുപോകുന്ന ആളുടെ കൂടെ പോസിറ്റീവായ ആളും കയറിപ്പോകുന്നത് ആരോഗ്യ മന്ത്രിക്ക് അറിയാഞ്ഞിട്ടാണെങ്കിൽ ആരോഗ്യമന്ത്രിക്ക് ആ സ്ഥാനത്ത് ഇരിക്കാൻ അർഹതയില്ലെന്നാണ് അർത്ഥമെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങളെക്കുറിച്ച് ധാരണയില്ലാത്ത ആരോഗ്യമന്ത്രി ആ സ്ഥാനത്തിരിക്കാൻ യോഗ്യതയില്ലാത്ത ആളാണെന്ന് അവർ സ്വയം തെളിയിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.