- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിക്കെതിരായ 'കോവിഡിയറ്റ്' പരാമർശത്തെ ന്യായീകരിച്ച് വി മുരളീധരൻ; മുഖ്യമന്ത്രി കളിച്ചത് ജനങ്ങളുടെ ജീവൻ വെച്ചെന്ന് വിമർശനം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ 'കോവിഡിയറ്റ്' പരാമർശത്തിൽ ഉറച്ച് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രിക്കെതിരായ കോവിഡ് പരാമർശത്തിൽ തെറ്റില്ല. ജനങ്ങളുടെ ജീവൻ വച്ചാണ് മുഖ്യമന്ത്രി കളിച്ചത്. കേരളത്തിനായി ചെയ്ത കാര്യങ്ങൾ എകെജി സെന്ററിൽ ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നും മുരളീധരൻ പറഞ്ഞു.
കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച കേരള മുഖ്യമന്ത്രി 'കോവിഡിയറ്റ്' ആണെന്നായിരുന്നു വി.മുരളീധരന്റെ പരാമർശം. കോവിഡ് ചട്ടം ലംഘിച്ചുവെന്ന വിവാദത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരെ കെ. മുരളീധരൻ കോവിഡിയറ്റ് പരാമർശം നടത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച മുഖ്യമന്ത്രിക്കെതിരെ പൊലീസ് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
മുരളീധരനെതിരെ കോൺഗ്രസ് നേതാവ് പി. ചിദംബരം അടക്കമുള്ളവരും രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ പരാമർശം ഞെട്ടിക്കുന്നതാണ്. അസ്വീകാര്യമായ പദപ്രയോഗം നടത്തിയ മുരളീധരനെ നിയന്ത്രിക്കാൻ ബിജെപി നേതൃത്വത്തിൽ ആരുമില്ലേയെന്നും ചിദംബരം ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു ചിദംബരത്തിന്റെ വിമർശനം.
കേന്ദ്രസഹമന്ത്രി വി.മുരളീധരൻ മുഖ്യമന്ത്രിക്കെതിരെ നിരന്തരം ആക്ഷേപം ഉന്നയിക്കുന്നത് പരിഹാസ്യമെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവനും പ്രതികരിച്ചിരുന്നു. കേരളത്തിനുവേണ്ടി ഒന്നും ചെയ്യാത്ത കേന്ദ്രമന്ത്രിയാണ് വി.മുരളീധരനെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി. കേന്ദ്രം സഹായം നിഷേധിച്ചപ്പോൾ ഇടപെടാത്തയാൾ ഗീർവാണപ്രസംഗം നടത്തുകയാണ്. മുരളീധരനെ പ്രധാനമന്ത്രിയും ബിജെപി കേന്ദ്രനേതൃത്വവും അടിയന്തരമായി തിരുത്തണമെന്നും വിജയരാഘവൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു.