അഹമ്മദാബാദ്: ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ ചീഫ് മിനിസ്റ്റേഴ്‌സ് ഡാഷ് ബോർഡ് സംവിധാനത്തെക്കുറിച്ച് പഠിക്കാൻ ചീഫ് സെക്രട്ടിറിയെയും സംഘത്തെയും മുഖ്യമന്ത്രി അയച്ചത് വിവാദമായിരുന്നു. പ്രതിപക്ഷം ഇതിനെ ശക്തമായി വിമർശിച്ച് രംഗത്തെത്തുകയും ചെയ്തു. എന്നാൽ, ഏറെ കാര്യക്ഷമമാണ് ഗുജറാത്തിലെ ഡാഷ്‌ബോർഡ് സംവിധാനമെന്ന് ചീഫ് സെക്രട്ടറി വി.പി.ജോയി പ്രതികരിച്ചു.

പദ്ധതികളുടെ പുരോഗതിയും ഉദ്യോഗസ്ഥരുടെ സേവനവും ഡാഷ്‌ബോർഡിൽ കൃത്യമായി വിലയിരുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. വൻകിട പദ്ധതികളുടെയും മറ്റും പുരോഗതിയുമായി ബന്ധപ്പെട്ട വിവരശേഖരണം ഒറ്റ ക്ലിക്കിലൂടെ മുഖ്യമന്ത്രിക്കു സാധ്യമാക്കുന്ന ഡാഷ്‌ബോർഡ് സംവിധാനത്തെപ്പറ്റി പഠിക്കാൻ ഗുജറാത്തിൽ എത്തിയതായിരുന്നു ചീഫ് സെക്രട്ടറി. അദ്ദേഹത്തെ കൂടാതെ സ്റ്റാഫ് ഓഫീസർ എൻ.എസ്.കെ. ഉമേഷും ഗുജറാത്തിലെത്തിയിട്ടുണ്ട്. അഹമ്മദാബാദിലെത്തിയ ഇവരെ ഉദ്യോഗസ്ഥർ ചേർന്നു സ്വീകരിച്ചു.

അദ്ഭുതകരമായ ഒരു സംവിധാനമാണ് ഇതെന്നും ചീഫ് സെക്രട്ടറി പ്രതികരിച്ചു. പദ്ധതി നടത്തിപ്പിന്റെ പുരോഗതി, എത്രത്തോളം ആളുകൾ പങ്കാളികളാകുന്നു, ഉദ്യോഗസ്ഥർ എങ്ങനെ പ്രവർത്തിക്കുന്നു എന്നിവ ഉൾപ്പെടെ ഇതിലൂടെ നേരിട്ട് അറിയാൻ സാധിക്കും. പ്രാഥമികമായ വിലയിരുത്തലാണ് ഇപ്പോൾ കഴിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സംഘം എത്തിയത്. ഏകദേശം ഒന്നര മണിക്കൂറോളം ഡാഷ്ബോർഡ് സംവിധാനത്തെ കുറിച്ച് വിശദമായ പഠനം നടത്തി. ഇതിനുശേഷം മാധ്യമങ്ങളെ കണ്ടായിരുന്നു ചീഫ് സെക്രട്ടറിയുടെ പ്രതികരണം. ജനങ്ങളെ സംബന്ധിച്ച് വിവരങ്ങൾ ലഭിക്കാനും അവരുടെ പ്രതികരണം ലഭിക്കാനും വലിയ ഗുണം നൽകുന്ന സംവിധാനമാണിതെന്നും വി.പി ജോയ് പറഞ്ഞു.

ഇ-ഗവേണൻസിന്റെ ഭാഗമായി സർക്കാർ പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കാൻ 2019-ൽ വിജയ് രൂപാണി മുഖ്യമന്ത്രി ആയിരിക്കെയാണ് ഗുജറാത്തിൽ ഇത്തരമൊരു ഡാഷ്ബോർഡ് സംവിധാനം ഏർപ്പെടുത്തിയത്. പദ്ധതി നടത്തിപ്പ് നേരിട്ടറിയുന്നതിലൂടെ മുഖ്യമന്ത്രിക്ക് ആവശ്യമെങ്കിൽ ഇടപെടാനും സാധിക്കും. ഡാഷ് ബോർഡ് വഴി സർക്കാർ പ്രവർത്തനങ്ങളുടെ തത്സമയ നിരീക്ഷണം അവിടെ പദ്ധതികളുടെ വേഗം വർധിപ്പിച്ചു. അതു സംസ്ഥാനത്തിനു നേട്ടമായെന്നാണു വിലയിരുത്തൽ. വകുപ്പുകളുടെ പ്രവർത്തനം നിരീക്ഷിക്കാനും ആവശ്യമായ മാറ്റങ്ങൾ വരുത്താനുമള്ള സൗകര്യവും ഇതിലുണ്ട്. ഈ സംവിധാനം ഗുണപരമാണോ, ഇത് കേരളത്തിലേക്ക് പകർത്താൻ പറ്റുമോ എന്ന് പരിശോധിക്കലാണ് കേരള സംഘത്തിന്റെ ഗുജറാത്ത് യാത്രയുടെ പ്രധാന ലക്ഷ്യം.