തിരുവനന്തപുരം: ആർഎസ്‌പി നേതാവ് വി പി രാമകൃഷ്ണപിള്ള അന്തരിച്ചു. 84 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

നാളെ രാവിലെ ഒമ്പതു മുതൽ ആർഎസ്‌പി സംസ്ഥാന കമ്മിറ്റി ഓഫീസിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് അഞ്ചിന് അഷ്ടമുടിയിൽ.

 കഴിഞ്ഞ ഒരു മാസമായി വൃക്കരോഗത്തെ തുടർന്നു ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതോടെ കുറച്ചു നാളായി സജീവ രാഷ്ട്രീയത്തിൽ നിന്ന് അദ്ദേഹം വിട്ടുനിൽക്കുകയായിരുന്നു.

എട്ടും പത്തും കേരള നിയമസഭകളിൽ അംഗമായിരുന്ന വി പി രാമകൃഷ്ണപിള്ള തൊഴിൽ- ജലസേചന മന്ത്രിയുമായിരുന്നു. 1998-2001 കാലത്ത്‌ ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോഴാണു രാമകൃഷ്ണപിള്ള മന്ത്രിയായത്.

ഏറെ നാൾ ആർഎസ്‌പി സംസ്ഥാന സെക്രട്ടറിയായിരുന്നു. മൂന്ന് പതിറ്റാണ്ടുകളോളം ആർഎസ്‌പി കൊല്ലം ജില്ലാസെക്രട്ടറിയായിരുന്ന അദ്ദേഹം ആർഎസ്‌പി കേന്ദ്രസെക്രട്ടറിയേറ്റിലും അംഗമായിട്ടുണ്ട്.

എൽഡിഎഫിൽ നിന്നു മാറി യുഡിഎഫിലേക്ക് ആർഎസ്‌പി പോയതിൽ അതൃപ്തനായിരുന്നു വി പി ആർ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തോടായിരുന്നു അദ്ദേഹം ആഭിമുഖ്യം പുലർത്തിയിരുന്നത്. ആർഎസ്‌പി വിട്ട് പുതിയ പാർട്ടിക്കു രൂപം നൽകി എൽഡിഎഫിനൊപ്പം അണിചേർന്ന കോവൂർ കുഞ്ഞുമോനു തെരഞ്ഞെടുപ്പു വേളയിൽ അദ്ദേഹം പിന്തുണ അറിയിച്ച് എത്തിയിരുന്നു.

ആർഎസ്‌പിയുടെ നിലവിലുള്ള നേതൃത്വം മാറണമെന്നും ഈ നേതാവ് ആവശ്യപ്പെട്ടിരുന്നു. യുഡിഎഫുമായി പാർട്ടിക്കുള്ള ബന്ധം വിടുന്നതിനോ എൽഡിഎഫുമായി യോജിക്കുന്നതിലോ തനിക്ക് എതിർപ്പില്ലെന്നും വ്യക്തമാക്കാൻ അദ്ദേഹം മടിച്ചില്ല.

യുഡിഎഫ് ചേരിയിൽ ചെന്നെത്തിയ ആർഎസ്‌പി നടപടിയിൽ പ്രതിഷേധിച്ചു നേരത്തെ വി പി ആറിന്റെ മകൾ ബി ജയന്തി സിപിഎമ്മിൽ ചേർന്നിരുന്നു. ആർഎസ്‌പി ജില്ലാ സെക്രട്ടറിയറ്റ് അംഗത്വം രാജിവച്ചാണു ജയന്തി സിപിഎമ്മിൽ ചേർന്നത്.