- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിയായി വി.പി. സാനു; വീണ്ടും വിദ്യാർത്ഥി നേതാവിനെ അങ്കത്തിനിറക്കുന്നത് പൗരത്വ പ്രശ്നവും കർഷക സമരവും ചർച്ചയാക്കി വോട്ടു നേടാൻ; ലീഗ് കോട്ട വിറപ്പിക്കാൻ എസ്എഫ്ഐ ദേശീയ അധ്യക്ഷന് കഴിയുമെന്ന പ്രതീക്ഷയിൽ സിപിഎം
മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ ഇടത് മുന്നണി സ്ഥാനാർത്ഥിയായി വി.പി. സാനു മത്സരിക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. 2019-ലെ തിരഞ്ഞെടുപ്പിലും ഇടതുമുന്നണി സ്ഥാനാർത്ഥിയായിരുന്നു എസ്.എഫ്.ഐ ദേശീയ അധ്യക്ഷനായ സാനു. അന്ന് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ 2,60,153 വോട്ടിനാണ് സാനു മലപ്പുറത്ത് പരാജയപ്പെട്ടത്. എന്നാൽ നിയമസഭയിലേക്ക് മത്സരിക്കുന്നതിനായി പി.കെ.കുഞ്ഞാലിക്കുട്ടി ലോക്‌സഭാ അംഗത്വം രാജിവെക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്. മുൻ രാജ്യസഭാ അംഗമായ അബ്ദു സമദ് സമദാനി അടക്കമുള്ളവരെയാണ് മുസ്ലിം ലീഗ് ഇവിടെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്.
ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിൽ വി.പി സാനു സജീവമായി പങ്കെടുക്കുന്നുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ പി.കെ കുഞ്ഞാലിക്കുട്ടിയുടെ എതിരാളിയായിരുന്നു വി.പി സാനു. പൗരത്വ വിഷയത്തിലുൾപ്പെടെ പി.കെ കുഞ്ഞാലിക്കുട്ടി ഗൗരവമായ ഇടപെടൽ നടത്തിയില്ലെന്ന വിമർശനം മുസ്ലിം വിഭാഗത്തിനിടയിലുണ്ട്.വി.പി സാനുവിനെ മത്സരിപ്പിക്കുന്നതിലൂടെ ഈ രണ്ട് വിഷയങ്ങളും തെരഞ്ഞെടുപ്പിൽ ഉയർത്തിക്കൊണ്ടു വരാൻ കഴിയുമെന്നാണ് സിപിഎം കരുതുന്നത്.
ബിജെപി സ്ഥാനാർത്ഥിയായി എ.പി. അബ്ദുള്ളക്കുട്ടിയെ ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം ഉപതിരെഞ്ഞെടുപ്പിൽ ആത്മാഭിമാന സംരക്ഷണ സമിതി തങ്ങളുടെ സ്വതന്ത്ര സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിച്ചിരുന്നു. എ പി സാദിഖലി തങ്ങളാണ് ആത്മാഭിമാന സംരക്ഷണ സമിതി സ്ഥാനാർത്ഥി. അധികാരത്തിന് വേണ്ടിയാണ് പി കെ കുഞ്ഞാലിക്കുട്ടി രാജിവച്ചതെന്നാരോപിച്ച് ഒരു വിഭാഗം യുവാക്കൾ രൂപീകരിച്ചതാണ് ആത്മാഭിമാന സംരക്ഷണ സമിതി.
മറുനാടന് മലയാളി ബ്യൂറോ