കോഴിക്കോട്: പ്രസാധകയുടെ പരാതിയിൽ എഴുത്തുകാരൻ വി ആർ സുധീഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങി വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ്. വ്യക്തിപരമായും തൊഴിൽപരമായും വി ആർ സുധീഷ് ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് കാണിച്ച് കോഴിക്കോട്ടെ പ്രസാധക കഴിഞ്ഞ ദിവസം ഡെപ്യൂട്ടി കമ്മീഷണർക്ക് പരാതി നൽകുകയും പ്രസാധകയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടക്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

ഭീഷണിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകളിൽ ആണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. അഭിമുഖത്തിനായി എഴുത്തുകാരനെ കണ്ടപ്പോൾ എടുത്ത ഫോട്ടോ, തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതായും ഫോണിലൂടെയും മറ്റും ഭീഷണിപ്പെടുത്തുന്നതായും പരാതിയിലുണ്ട്.

എഴുത്തുകാരൻ വി.ആർ. സുധീഷിനെ പ്രതിക്കൂട്ടിൽ നിർത്തി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത് എം എ ഷഹനാസാണ്. നിരന്തരമായി സുധീഷിന്റെ വീട്ടിലേക്ക് ഒറ്റയ്ക്ക് വിളിപ്പിക്കുകയും, അയാളുടെ പതിനായിരത്തെട്ട് കാമുകിമാരിൽ ഒരാളാകാൻ തയാറാകാത്തതുകൊണ്ട് ഉപദ്രവിക്കുകയുമാണെന്നായിരുന്നു ഷഹനാസിന്റെ ആരോപണം.

വിദ്യാർത്ഥികൾ അടക്കം നിരവധി പേരെ സുധീഷ് ഈ രീതിയിൽ പീഡിപ്പിച്ചതായി തനിക്ക് അറിയാമെന്ന് അവർ ആരോപിച്ചിരുന്നു. ഈ പോസ്റ്റ് വൈറലായതോടെയാണ് എഴുത്തുകാരിൽ നിന്ന് സ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങൾ വലിയ ചർച്ചയായത്. ഒരു പുസ്തകത്തിന് അവതാരിക എഴുതിക്കൊടുക്കാനും മറ്റുമായി സ്ത്രീകൾ എഴുത്തുകാർക്ക് കിടന്നുകൊടുക്കേണ്ട സാഹചര്യം ഉണ്ടോ എന്നാണ് ഈ വിവാദത്തിൽ പല വനിതാ ആക്റ്റീവിസറ്റുകളും പച്ചയ്ക്ക് ചോദിച്ചത്.

ഇതിനിടെ ഈ സാഹചര്യത്തിൽ സുധീഷിനെ പരസ്യമായി ന്യായീകരിക്കാനും, സംഭവം ലഘൂകരിക്കാനും, അയാളുടെ സുഹൃത്തുക്കളായ കുറച്ചുപേർ ഇറങ്ങിയിരിക്കയാണ്. അങ്ങനെ ന്യായീകരിച്ച കവി വി ടി ജയദേവന് എട്ടിന്റെ പണി കിട്ടുകയും ചെയ്തു. സുധീഷിന്റേത് കൃഷ്ണ പാരമ്പര്യമാണെന്നൊക്കെ പറഞ്ഞായിരുന്നു ജയദേവന്റെ ന്യായീകരണം.

'പുരുഷവർഗം മുഴുവനുമെടുത്താൽ രണ്ടു പാരമ്പര്യം ആയിരിക്കും. രാമപാരമ്പര്യക്കാരും കൃഷ്ണ പാരമ്പര്യക്കാരും. ഈ പാരമ്പര്യങ്ങളുടെ കലർപ്പുകളും ചിലപ്പോൾ കണ്ടേക്കും.''- എന്ന് എഴുതിയാണ് ജയദേവൻ സുധീഷിനെ ന്യായീകരിക്കാൻ ശ്രമിച്ചത്. ഏകപത്‌നീ വ്രതംപോലെ തന്നെയാണ് ബഹു സ്ത്രീബന്ധവും എന്ന് പരോക്ഷമായി സ്ഥാപിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.

എന്നാൽ ഇവിടെ മറ്റ് സ്ത്രീകളുമായി പ്രണയമല്ല, പീഡനവും, ആണഹങ്കാരവുമാണ് ഉണ്ടായതെന്നുമാണ്, ഉണ്ടായതെന്ന് വ്യാപകമായ വിമർശനം ഉയർന്നു. അപകടം മനസ്സിലാക്കിയ ജയദേവൻ പോസ്റ്റ് ഡിലീറ്റ് ചെയ്ത്, അൽപ്പം ന്യായീകരണങ്ങളോടെ ക്ഷമയും പറഞ്ഞു. പക്ഷേ അപ്പോഴേക്കും ജയദേവ കവിയുടെ തനി ഗുണം പറഞ്ഞുകൊണ്ട് ഒരു സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് കൂടിയായ അശ്വതി വിനോദ് രംഗത്തെത്തി.

ജയദേവൻ സുധീഷിനെ വെളുപ്പിച്ചുകൊണ്ട് എഴുതിയ പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട് സഹിതമാണ് അശ്വതി പോസ്റ്റിട്ടത്. ജയദേവന്റെ പെൺ കവിതകൾ കണ്ട് ആരാധന തോന്നി പരിചയപ്പെട്ടപ്പോൾ, പിതാവിനെപ്പോലെയാണ് സംസാരിച്ചതെന്നും, എന്നാൽ പെട്ടെന്ന് ഒരു ദിവസം കാമുകനായി ലൈംഗികച്ചുവയോടെ സംസാരിച്ച ദുരനുഭവമാണ് അശ്വതി പങ്കുവെക്കുന്നത്.

അശ്വതി വിനോദിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്.

'ഇത് കണ്ടപ്പോൾ വലിയ അത്ഭുതമൊന്നും തോന്നിയില്ല. കാരണം കവിയുടെ കൃഷ്ണ പാരമ്പര്യം അടുത്തറിഞ്ഞ ഒരാളാണ് ഞാൻ. കൃത്യമായി പറഞ്ഞാൽ നാലുവർഷം മുന്നേ ജീവിതത്തിലെ ഏറ്റവും മോശം സമയത്താണ് കവിയെ പരിചയപ്പെടുന്നത്. ഇവിടെ എഴുതിയിരുന്ന ചില പെൺ കവിതകൾ കണ്ട് ഇങ്ങേരോട് ആരാധന തോന്നിയ ഒരുത്തിയായിരുന്നു ഞാനും. അങ്ങനെ കവിയുമായി സൗഹൃദത്തിലാവുകയും ഫോണിൽ സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു. കവിയുടെ സ്‌നേഹവും വാത്സല്യവും ആദ്യമൊക്കെ മകളോടെന്നത് പോലെ ആയിരുന്നു. ഇത്രയൊക്കെ സ്‌നേഹത്തോടെ ആളുകൾക്ക് സംസാരിക്കാൻ കഴിയുമോ എന്നുവരെ തോന്നിപ്പോയിരുന്നു. വീട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വന്ന സമയത്തൊക്കെ ഒരാൾ ഇത്രയേറെ വാത്സല്യത്തോടെ സംസാരിക്കുന്നത് വലിയ ആശ്വാസമായിരുന്നു. അതുകൊണ്ട് തന്നെ പല വിഷമങ്ങളും പറഞ്ഞിരുന്നു താനും.

പക്ഷെ പെട്ടെന്നൊരു ദിവസം അച്ഛന്റെ സംസാരം കാമുകനിലേക്ക് മാറി. അപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ ഞാൻ കോൾ കട്ട് ചെയ്തു. ശേഷം അയാൾ നിരന്തരം വിളിച്ചുകൊണ്ടിരുന്നു. അങ്ങനെ പറ്റിപ്പോയെന്നും ഇനി ആവർത്തിക്കില്ലെന്നും, അയാൾ എന്നോട് മാപ്പ് പറഞ്ഞു. എന്നാൽ കുറച്ചു ദിവസം കഴിഞ്ഞു അയാൾ വിളിച്ചു ഇതിനേക്കാൾ മോശമായി ലൈംഗിക ചുവയോടെ സംസാരിച്ചു. അന്ന് കോൾ കട്ട് ചെയ്ത് ബ്ലോക്ക് ചെയ്തതാണ് ഇയാളെ.

ഇനി ഇതുവരെ എന്തുകൊണ്ട് പറഞ്ഞില്ല എന്നു ചോദിച്ചാൽ, ഇതിനേക്കാൾ വലിയ പ്രശ്‌നങ്ങൾ അന്നെനിക്ക് ഉണ്ടായിരുന്നു. പിന്നെ അത്രമേൽ സാത്വികൻ ആണെന്ന് വിചാരിച്ച ഇയാളിൽ നിന്നും ഉണ്ടായ ഷോക്ക് ഭീകരമായിരുന്നു.

പിന്നീട് പലപ്പോഴും പറയണം എന്ന് വിചാരിച്ചതാണ് എന്നാൽ ഇതൊക്കെ ഇവിടെ പറഞ്ഞാൽ ആരും വിശ്വസിക്കില്ല എന്ന തോന്നൽ ആയിരുന്നു. ഇന്നിപ്പോ ഇയാളുടെ എഴുത്ത് കാരണം തന്നെ ചിലരെങ്കിലും വിശ്വസിച്ചേക്കാം എന്നു കരുതി മാത്രമാണ് പറയുന്നത്.''- ഇങ്ങനെയാണ് അശ്വതി തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഇതോടെ സുധീഷും ജയദേവനും ഒരേ തൂവൽപക്ഷികൾ ആണെന്ന് മനസ്സിലായതായി, പലരും കമന്റ് ചെയ്യുന്നുണ്ട്.