തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തമ്മിലുള്ള വാക് യുദ്ധം വീണ്ടും കൊഴുക്കുന്നു. വെള്ളാപ്പള്ളിയെ എട്ടുകാലി മമ്മൂഞ്ഞെന്ന് വിശേഷിപ്പിച്ചാണ് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ഇന്ന് രംഗത്തെത്തിയത്. ഗൗരിക്കുട്ടിയെന്ന ആന ഗർഭം ധരിച്ചാൽ അതു ഞമ്മളാണെന്ന് വെള്ളാപ്പള്ളി പറയും. എന്തും ഏറ്റെടുക്കുന്ന നിലയിലാണ് അദ്ദേഹമെന്നും വി എസ് കൂട്ടിച്ചേർത്തു.

തനിക്കെതിരെയുള്ള വി എസ്. അച്യുതാനന്ദന്റെ പരാമർശങ്ങൾ കാലുപൊള്ളിയ കുരങ്ങന്റെ ചാട്ടം പോലെയാണെന്ന് വെള്ളാപ്പള്ളി നടേശൻ ഇന്നലെ പറഞ്ഞിരുന്നു. സ്വന്തം പാർട്ടിക്കാർ തന്നെ ക്യാപ്പിറ്റൽ പണിഷ്‌മെന്റിനു വിധേയനാക്കിയ ആളാണ് വി എസ്. സമാധിയായിക്കിടന്ന അദ്ദേഹം ഇപ്പോൾ സമത്വ മുന്നേറ്റ ജാഥ എന്നു കേട്ടപ്പോൾ ഉയിർത്തെഴുന്നേൽക്കുകയാണ്. എന്തെങ്കിലുമൊക്കെ പറഞ്ഞ് ശ്രദ്ധനേടുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഭൂരിപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ച് പറയുമ്പോൾ ജാതി, കാവി, നിക്കർ, ബനിയൻ എന്നിങ്ങനെ ബാലിശമായ കാര്യങ്ങളുന്നയിച്ച് അവഗണിക്കാനാണ് ശ്രമമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

ആർഎസ്എസിന്റെ ഷാളുമണിഞ്ഞു നടത്തുന്ന ജാഥ ആറ്റിങ്ങലിൽ എത്തുമ്പോൾ വെള്ളാപ്പള്ളിക്കു നിക്കറും വെള്ള ഉടുപ്പും മാത്രമേ കാണുകയുള്ളൂവെന്നും വിഎസും ഇന്നലെ പറഞ്ഞിരുന്നു. ശംഖുമുഖത്ത് അവസാനിക്കുമ്പോൾ നാണക്കേടിന്റെ അവസാനത്തിൽ നടേശൻ എത്തും. അതോടെ വെള്ളാപ്പള്ളി ശംഖുമുഖത്ത് ജലസമാധിയാകുമെന്നുമായിരുന്നു വിഎസിന്റെ പരാമർശം.