പാലക്കാട്/കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ ചുക്കാൻ പിടിക്കുന്ന രണ്ടു പ്രമുഖ നേതാക്കളും ഇന്നു നാമനിർദേശ പത്രിക സമർപ്പിച്ചു. മലമ്പുഴയിൽ നിന്ന് ജനവിധി തേടുന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ പാലക്കാട് കളക്ടറേറ്റിലും ധർമ്മടം മണ്ഡലത്തിൽ മത്സരിക്കുന്ന സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ കണ്ണൂർ കളക്ടറേറ്റിലുമാണു നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.

വി എസ് അച്യുതാനന്ദൻ എന്ന പേരിൽ ആരംഭിച്ച ആൻഡ്രോയ്ഡ് ആപ്ലിക്കേഷന്റെ ഉദ്ഘാടനം പാലക്കാട് പ്രസ്‌ക്ലബ്ബിൽ നിർവഹിച്ചശേഷമാണു വി എസ് പത്രികാ സമർപ്പണത്തിന് കലക്ടറേറ്റിലെത്തിയത്. നടനും സംവിധായകനുമായ എം ജി ശശിയാണു ആപ്ലിക്കേഷൻ പ്രകാശനം നിർവഹിച്ചത്.

ചെങ്കുട ചൂടിയ പ്രവർത്തകർക്കൊപ്പം പ്രകടനമായി എത്തിയായിരുന്നു പിണറായിയുടെ പത്രികാ സമർപ്പണം. എൽ.ഡി.എഫ് സ്ഥാനാർത്ഥികളായ ഇപി ജയരാജൻ, കടന്നപ്പള്ളി രാമചന്ദ്രൻ, ടി വി രാജേഷ് എന്നിവരും പിണറായിയ്‌ക്കൊപ്പം പത്രിക നൽകി. സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സി.എൻ.ചന്ദ്രൻ, സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം എം വിജയരാജൻ, കെ.കെ.രാഗേഷ് തുടങ്ങിയവർ ഇവരോടോപ്പമുണ്ടായിരുന്നു.

ഇ.കെ.നായനാർ, അഴീക്കോടൻ രാഘവൻ, ചടയൻ ഗോവിന്ദൻ തുടങ്ങിയവരുടെ വസതികൾ സന്ദർശിച്ചശേഷമായിരുന്നു പിണറായിയുടെ പത്രികാസമർപ്പണം. പ്രശസ്ത സാഹിത്യകാരൻ ടി പത്മനാഭനെയും പിണറായി സന്ദർശിച്ചു.