അരുവിക്കര: അരുവിക്കര ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ ഉമ്മൻ ചാണ്ടി സർക്കാറിന് എ പ്ലസ് നൽകിയ കോൺഗ്രസ് നേതാവ് എ കെ ആന്റണിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ. ഉമ്മൻ ചാണ്ടി സർക്കാറിന് നൽകേണ്ടത് എ പ്ലസ് സർട്ടിഫിക്കേറ്റല്ല, എ സർട്ടിഫിക്കേറ്റാണെന്ന് വി എസ് പറഞ്ഞു.

അരുവിക്കരയിൽ എം വിജയകുമാറിന്റെ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു വി എസ്. ആദിവാസി ഊരുകൾ തെരഞ്ഞുപിടിച്ച് ഉമ്മൻ ചാണ്ടി ചെപ്പടിവിദ്യകൾ കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കള്ളന്മാരുടെ കള്ളനു കഞ്ഞിവച്ചവന്മാരുടെയും സർക്കാരാണ് കേരലം ഭരിക്കുന്നത്. അരുവിക്കര തെരഞ്ഞെടുപ്പ് യുഡിഎഫി ദുർഭരണത്തിനെതിരായ വിധിയെഴുത്തായിരിക്കും. അരുവിക്കരയിൽ എൽഡിഎഫ് നടത്തുന്നത് ദുർഭരണത്തിനെതിരായ പോരാട്ടമാണെന്നും വി എസ് പറഞ്ഞു.

കോൺഗ്രസ് സ്ഥാനാർത്ഥിയായ ശബരീനാഥിന് അദ്ദേഹത്തിന്റെ അമ്മ ഒരുപദേശം നൽകി. മോനേ കോൺഗ്രസുകാരും യുഡിഎഫുകാരും അല്ലാത്ത ആരും ഒരു ഗ്ലാസ് വെള്ളം തന്നാൽ പോലും കുടിക്കരുതെന്ന്. വിജയത്തിന്റെ കാര്യത്തിൽ യുഡിഎഫിന് ഒരുറപ്പുമില്ല. അതുകൊണ്ടാണ് സാരിയും പണവും മദ്യവുമൊക്കെ കൊടുത്തു വോട്ടർമാരെ വശത്താക്കാൻ നോക്കുന്നതെന്നും വി എസ് പറഞ്ഞു.