തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജ് വിഷയത്തിൽ സമരം ചെയ്യുന്ന പ്രതിപക്ഷത്തോട് സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിലപാടിനെ വിമർശിച്ച് ഭരണപരിഷ്‌ക്കരണ കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ. വി എസിന്റെ പ്രതികരണത്തിനു പിന്നാലെ അദ്ദേഹത്തെ വിമർശിച്ചു മന്ത്രി ഇ പി ജയരാജനും രംഗത്തെത്തി.

സ്വാശ്രയ മെഡിക്കൽ കോളേജ് വിഷയത്തിൽ സമരം ചെയ്യുന്ന പ്രതിപക്ഷത്തോട് സർക്കാർ സ്വീകരിച്ച സമീപനം തെറ്റാണെന്നാണു വി എസ് പറഞ്ഞത്. സെക്രട്ടേറിയറ്റിന് മുന്നിൽ എസ്.ബി.ടി-എസ്.ബി.ഐ ലയനത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് സർക്കാറിനെ വിമർശിച്ച് വി എസ് അച്യുതാനന്ദൻ തന്നെ രംഗത്തെത്തിയത്. എംഎൽഎമാരുടെ സമരം സർക്കാർ ഒത്തുതീർപ്പാക്കണമെന്നും വി എസ് ആവശ്യപ്പെട്ടു. സമരത്തോടുള്ള സർക്കാർ സമീപനം ശരിയല്ലെന്നും വി എസ് പറഞ്ഞു.

സ്വാശ്രയ കോളജ് ഫീസ് വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ടു സർക്കാരിനെതിരെ നിയമസഭയിൽ നിരാഹാര സമരം നടത്തുന്ന പ്രതിപക്ഷ എംഎൽഎമാരെ കഴിഞ്ഞ ദിവസം വി എസ് കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യവുമായി വി എസ് രംഗത്തെത്തിയത്.

ഇതിനു തൊട്ടു പിന്നാലെയാണു മന്ത്രി ഇ പി ജയരാജൻ വി എസിന്റെ അഭിപ്രായം തള്ളി രംഗത്തെത്തിയത്. കാര്യങ്ങൾ മനസിലാക്കുന്ന ആരും ഇങ്ങനെ പറയില്ലെന്ന് ഇ പി പറഞ്ഞു. സർക്കാർ എടുത്തതു ശരിയായ നിലപാടാണെന്നും ഇ പി വ്യക്തമാക്കി. സ്വാശ്രയ കരാർ റദ്ദാക്കാൻ കഴിയില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയും വ്യക്തമാക്കി. പ്രതിപക്ഷം സമരം അവസാനിപ്പിക്കണമെന്നും ശൈലജ പറഞ്ഞു.

സ്വാശ്രയ സമരം നടത്തി പെട്ടുപോയ യുഡിഎഫിനു രക്ഷയാകുകയാണു വി എസിന്റെ പരാമർശം. കോൺഗ്രസ് നേതാക്കൾ വി എസിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്തു രംഗത്ത് എത്തുകയും ചെയ്തു. നിയമസഭാ കവാടത്തിൽ എംഎൽഎമാരുടെ നിരാഹാരസമരം അഞ്ചാം ദിവസവും തുടരുകയാണ്. ഹൈബി ഈഡൻ, ഷാഫി പറമ്പിൽ എന്നിവരാണ് നിരാഹാരമിരിക്കുന്നത്. ലീഗ് എംഎൽഎമാരായ എൻ.എ.നെല്ലിക്കുന്നും ആബിദ് ഹുസൈൻ തങ്ങളും അനുഭാവ സത്യഗ്രഹവും തുടരുന്നുണ്ട്. അനൂപ് ജേക്കബിനെ ആരോഗ്യനില മോശമായതിനേത്തുടർന്ന് ഇന്നലെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. അതേസമയം, ഫീസ് കുറച്ചുകൊണ്ടുള്ള ഒത്തുതീർപ്പിനില്ലെന്ന നിലപാടിലാണ് സർക്കാർ.

അഞ്ചുദിവസമായി നിയമസഭയിക്ക് മുന്നിൽ തുടരുന്ന പ്രതിപക്ഷ എംഎൽഎമാരുടെ സമരത്തെ പൂർണ്ണമായും അവഗണിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയും സംസ്ഥാന സർക്കാറും സ്വീകരിച്ചത്. വി എസ് അച്യുതാനന്ദൻ വെള്ളിയാഴ്ച സമരം ചെയ്യുന്ന എംഎൽഎമാരെ സന്ദർശിച്ചത് പ്രതിപക്ഷത്തിന് ലഭിച്ച വലിയ ആയുധമായിരുന്നു. ഇതിന് പിന്നാലെയാണ് സമരത്തോട് സർക്കാർ സ്വീകരിച്ച സമീപനം തെറ്റായിപ്പോയെന്ന് വി എസ് പ്രതികരിച്ചത്. നിയമസഭയിൽ സ്വാശ്രയ പ്രശ്നം ഉയർത്തിയ പ്രതിപക്ഷ എംഎൽഎമാരോട് രൂക്ഷമായാണ് മുഖ്യമന്ത്രി നേരത്തെ പ്രതികരിച്ചത്. ഒരുവേള സമരക്കാരെ മാദ്ധ്യമങ്ങളാണ് കൊണ്ടുവരുന്നതെന്നും പിണറായി പറഞ്ഞിരുന്നു.

അതേസമയം സമരം ന്യായമായി തീർക്കണമെന്ന മുൻ മുഖ്യമന്ത്രി വിഎസിന്റെ ആവശ്യം കെപിസിസി പ്രസിഡന്റ് വി എം സുധീരൻ സ്വാഗതം ചെയ്തു. ന്യായമായി ചിന്തിക്കുന്നവർക്ക് മാത്രമെ അങ്ങനെ പറയാനാകൂവെന്നും സുധീരൻ പ്രതികരിച്ചു. വിഎസിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടു. സ്വാശ്രയ കരാർ വിഷയത്തിൽ സർക്കാർ പ്രതിപക്ഷവുമായി ചർച്ചക്ക് തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ സർക്കാർ പിടിവാശി ഒഴിവാക്കണം. കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായാണ്? ഇത്രയും ദിവസം സമരം നീണ്ടു പോകുന്നത്. സർക്കാർ ശത്രുതാ മനോഭാവം വെടിയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സ്വാശ്രയ വിഷയത്തിൽ മുതിർന്ന സിപിഐ(എം) നേതാവ് വി എസ് അന്യുതാനന്ദന്റെ ഉപദേശമെങ്കിലും സർക്കാർ അനുസരിക്കണം. സർക്കാർ നയം തെറ്റാണെന്ന വി.എസിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നു. സമരക്കാരോടുള്ള സർക്കാറിന്റെ നിഷേധാത്മക നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ സ്വാശ്രയ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ഗാന്ധി ജയന്തി ദിനത്തിൽ തിരുവവന്തപുരം ഗാന്ധി ഭവനിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം മടങ്ങുമ്പോഴായിരുന്നു കരിങ്കൊടി കാണിച്ചത്. ഏഴോളം വരുന്ന യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനത്തിന് പിന്നാലെ കരിങ്കൊടിയുമായി ഓടുകയായിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് മുഖ്യമന്ത്രി മറ്റൊരു ഗേറ്റിലൂടെയാണ് പുറത്തേക്ക് പോയത്. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.