കോഴിക്കോട്: എന്തൊക്കെ പറഞ്ഞാലും കേരളം കണ്ട ഏറ്റവും വലിയ ക്രൗഡ് പുള്ളർ ഇപ്പോളും വി എസ് അച്യുതാനന്ദനാണെന്ന് ഒരിക്കൽകൂടി തെളിയിക്കുന്നതായിരന്നു ഇന്നലെ അദ്ദേഹത്തിന്റെ കോഴിക്കോട്ടെ പ്രചാരണം. വളരെയധികം സമയ ഗതാഗതക്കുരുക്ക് ഉണ്ടാവുന്ന രീതിൽ പൂഴിയിട്ടാൽപോലും കാണാത്തത്ര ജനമാണ് കോഴിക്കോട്ടെ മൂന്ന് പ്രചാരണ വേദിയിലും കണ്ടത്.

മണിയൂർ പഞ്ചായത്തിലെ തുറശ്ശേരിമുക്കിലെ ആദ്യ വേദിയിൽ കത്തുന്ന വെയിലും ചൂടുകാറ്റും വകവെക്കാതെ ജനം വി എസ്സിനായി രാവിലെ മുതൽ കാത്തിരിക്കയായിരുന്നു.11.30ന് വി.എസിന്റെ കാർ വേദിക്കരികിലേക്ക് എത്തിയതോടെ പിന്നെ, ആവേശത്തിന്റെ നിമിഷങ്ങളായിരുന്നു. 'കണ്ണേ കരളേ വി.എസേ, കേരള മണ്ണിൻ പോരാളി, പോരാളികളുടെ നേതാവെ... എങ്ങും മുദ്രാവാക്യംവിളി ഉയർന്നു. ഏറെ പണിപ്പെട്ട് വി എസ് വേദിയിലത്തെി. പ്രവർത്തകരുടെ നേരെ കൈയുയർത്തി അഭിവാദ്യം. 11.26ന് ഹാരാർപ്പണം. പിന്നെ,പുതിയ ചില നമ്പറുകളായിരുന്നു. വി എസ് മാന്ത്രികനായി. മജീഷ്യൻ സനീഷ് വടകരയുടെ കൈയിൽനിന്ന് മാന്ത്രിക ദണ്ഡ് ഏറ്റുവാങ്ങി. ഉമ്മൻ ചാണ്ടി സർക്കാറിന്റെ 'അഴിമതി, മതവർഗീയത, ജനവിരുദ്ധനയങ്ങൾ, ഇരുൾ മൂടിയ കാലം' എന്നെഴുതിയ നോട്ടീസ് വി എസ് കത്തിച്ച് ഒരു പാത്രത്തിലിട്ടു. നിമിഷങ്ങൾക്കം അതിൽനിന്നും സമാധാനത്തിന്റെ വെള്ളരിപ്രാവ് പുറത്തുവന്നു. കരഘോഷങ്ങൾക്കിടയിൽ വി എസ് പ്രാവിനെ പറത്തി.

തുടർന്ന് ഉദ്ഘാടന പ്രസംഗം തുടങ്ങിയപ്പോഴും പ്രവർത്തകർക്കിടയിൽനിന്ന് മുദ്രാവാക്യമുയർന്നു. കുറ്റ്യാടി നിയോജകമണ്ഡലം സ്ഥാനാർത്ഥി കെ.കെ. ലതികയെ പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു പ്രസംഗം തുടങ്ങിയത്. ഇതിനിടെ ലതികയുടെ പേര് ലളിത, ലത എന്നിങ്ങനെ മാറി പറഞ്ഞു. നേതാക്കൾ തിരുത്തി. പിന്നെ, ഉമ്മൻ ചാണ്ടി, നരേന്ദ്ര മോദി സർക്കാറുകൾക്കെതിരെ രൂക്ഷവിമർശം ഉന്നയിച്ചുകൊണ്ടുള്ള പ്രസംഗം. 2002ൽ മോദി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഗുജറാത്തിൽ മുസ്ലിംകൾക്കുനേരെ ആക്രമണം നടന്നത്. 3000ത്തോളം പേർ കൊല്ലപ്പെട്ടു. ഗുരുജി ഗോൾവാൾക്കറുടെ വിചാരധാര എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാണ് മോദി സർക്കാർ മുന്നോട്ടുപോകുന്നത്.

വിചാരധാരപ്രകാരം സംഘികൾക്ക് മൂന്നു ശത്രുക്കളാണുള്ളത്. മുസ്ലിംകൾ, ക്രിസ്ത്യാനികൾ, കമ്യൂണിസ്റ്റുകാർ. അതുകൊണ്ട് വർഗീയത വളർത്തുകയാണിവരുടെ ലക്ഷ്യം. കള്ളപ്പണം പിടിച്ചെടുക്കുമെന്ന് പറഞ്ഞ് അധികാരത്തിലത്തെിയ മോദി ഇപ്പോൾ വാ തുറക്കുന്നില്ല. മഹാത്മാഗാന്ധി ഉൾപ്പെടെയുള്ളവരുടെ നിരവധി പോരാട്ടങ്ങൾ നമ്മുടെ നാട്ടിൽ നടന്നിട്ടുണ്ട്. ഇങ്ങനെ നേടിയെടുത്ത സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് മോദി നടത്തിക്കൊണ്ടിരിക്കുന്നത്. ഉമ്മൻ ചാണ്ടി അഴിമതിയിൽ മുങ്ങിയിരിക്കുകയാണ്. വിലക്കയറ്റം നിയന്ത്രിക്കാൻ കഴിയുന്നില്ല.

ഇവിടെയാണ് കഴിഞ്ഞ ഇടതുസർക്കാറിന്റെ ഇടപെടലുകളും യു.ഡി.എഫ് നയങ്ങളും വിലയിരുത്തേണ്ടത്. അപ്പോൾ ഇടതുമുന്നണിക്കൊപ്പം നിലയുറപ്പിക്കേണ്ടത് അനിവാര്യതയായി മനസ്സിലാക്കുമെന്നും വി എസ് പറഞ്ഞു. ഇതേപോലെ തന്നെ വൻജനാവലിയായിരുന്നു പ്രേരാമ്പ്രയിലെയും കോഴിക്കോട് മുതലക്കുളത്തെയും യോഗങ്ങളിൽ കണ്ടത്.ഉമ്മൻ ചാണ്ടി സർക്കാറിന്റെ അഴിമതിക്കഥകൾ അക്കമിട്ടു നിരത്തി രാത്രി വൈകിയും വി എസ് അണികളെ ശരിക്കുംആവേശത്തിലാക്കി.

എൽ.ഡി.എഫ് അധികാരത്തിൽ വന്നാൽ ഉമ്മൻ ചാണ്ടിയെ അന്തസ്സായി വിചാരണചെയ്യുമെന്ന് വി എസ്..പറഞ്ഞത് കൂട്ടകൈയടികളോടെയാണ് ജനം സ്വീകരിച്ചത്. ' തൊട്ടതിലൊക്കെ തുട്ട് കിട്ടണമെന്നതാണ് ഉമ്മൻ ചാണ്ടിയുടെ സിദ്ധാന്തം. ഉമ്മൻ ചാണ്ടിയുടെയും 19 മന്ത്രിമാരുടെയും പേരിലുള്ള അഴിമതിക്കെതിരെയുള്ള തന്റെ പ്രസ്താവനക്ക് മറുപടി പറഞ്ഞതായി കേട്ടു. മിസ്റ്റർ ഉമ്മൻ ചാണ്ടി, താങ്കൾക്കെതിരെ ഉന്നയിച്ചതൊന്നും ആരോപണമല്ല യഥാർഥ വസ്തുതകൾ മാത്രമാണ്. സുപ്രീം കോടതിയിലും വിജിലൻസ് കോടതിയിലുമടക്കം പല കോടതിയിലുമുള്ള കേസിന്റെ അടിസ്ഥാനത്തിലാണ് സംസാരിച്ചത്.

അതുസംബന്ധിച്ച് അദ്ദേഹം ജനങ്ങളോട് വിശദീകരിക്കാൻ ബാധ്യസ്ഥനാണ്. ഉമ്മൻ ചാണ്ടിയുടെ പൊലീസ് തന്നെ എടുത്ത 316ൽപരം കേസുകളെക്കുറിച്ച് അറിയാത്തവരാണോ ജനങ്ങളെന്നും അദ്ദേഹം ചോദിച്ചു. ഈ കേസുകളെല്ലാം അന്തസ്സായി വിചാരണചെയ്യാൻ ഒരു സർക്കാർ ഉദയംചെയ്യാൻ പോകുന്നുണ്ട്. അപ്പോൾ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് പോകേണ്ടത് ആരാണെന്ന് അപ്പോഴറിയാം' വി എസ് കൂട്ടിച്ചേർത്തു.'

ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസിനോട് പാക്കിസ്ഥാനിലേക്ക് പോകാൻ പറഞ്ഞ ബിജെപി ആർ.എസ്.എസ് പ്രവർത്തകർ കളിക്കുന്നത് കമ്യൂണിസ്റ്റുകാരോടാണെന്ന് ഓർക്കണം. റിയാസിനെ പേടിപ്പിച്ച് പാക്കിസ്ഥാനിലേക്ക് അയക്കാമെന്ന പൂതി മനസ്സിൽ വച്ചാൽമതി. എൽ.ഡി.എഫ് പ്രവർത്തകരെ പാക്കിസ്ഥാനിലേക്ക് അയക്കാൻ തയാറായവരെ എങ്ങോട്ടാണ് അയക്കേണ്ടതെന്ന് ഞങ്ങൾക്കറിയാം. എൽ.ഡി.എഫിനെ ഭയപ്പെടുത്തിക്കളയാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.