- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായം കൂടുന്തോറും വീര്യം കൂടുന്ന വി എസ് മാജിക്ക് കണ്ട് താരങ്ങൾക്ക് പോലും അസൂയ..! 'പ്രേമം' തരംഗം ആഞ്ഞുവീശിയ കാമ്പസുകളിൽ ഇപ്പോൾ വി എസ് തരംഗം; 'കണ്ണേ കരളേ വി എസ്സേ..' വിളി ഒരിക്കൽ കൂടി കേരള രാഷ്ട്രീയം മാറ്റിമറിക്കുമോ?
ആലപ്പുഴ: 2006ലെ ഒരു തിരഞ്ഞെടുപ്പ് കാലം.. ആരൊക്കെ മത്സരിക്കണം എന്ന കാര്യം നിശ്ചയിക്കാനായി ഒരു ദിവസം വൈകുന്നേരത്തോടെ സിപിഐ(എം) സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നു. ചാനലുകളായ ചാനലുകൾ മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്നു. യോഗത്തിൽ നിന്നും ഇറങ്ങിയ വി എസ് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലേക്ക് പോകുന്നു.. പി
ആലപ്പുഴ: 2006ലെ ഒരു തിരഞ്ഞെടുപ്പ് കാലം.. ആരൊക്കെ മത്സരിക്കണം എന്ന കാര്യം നിശ്ചയിക്കാനായി ഒരു ദിവസം വൈകുന്നേരത്തോടെ സിപിഐ(എം) സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നു. ചാനലുകളായ ചാനലുകൾ മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്നു. യോഗത്തിൽ നിന്നും ഇറങ്ങിയ വി എസ് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലേക്ക് പോകുന്നു.. പിന്നാലെ ചാനലുകളിൽ ബ്രേക്കിങ് ന്യൂസ് ആയത് വിഎസിന് സ്ഥാനാർത്ഥിത്വം നിഷേധിച്ചു എന്നതായിരുന്നു. കാട്ടൂതീപോലെ പടർന്ന ഈ വാർത്ത കണ്ട് അന്ന് ആദ്യം സന്തോഷിച്ചത് യുഡിഎഫ് നേതാക്കൾ ആയിരുന്നു. വാർത്ത കണ്ട വി എസ് ആരാധകർ തെരുവിൽ ഇറങ്ങി മുദ്രാവാക്യം വിളികളുമായി നിറഞ്ഞു.. കണ്ണേ കരളേ.. വി എസ്സേ എന്നായിരുന്നു അന്ന് മുഴങ്ങിക്കേട്ട ആ മുദ്രാവാക്യം. ഈ മുദ്രാവാക്യങ്ങളുടെ കരുത്തിൽ പാർട്ടി സ്വന്തം തീരുമാനം തിരുത്തുകയും വിഎസിന് സ്ഥാനാർത്ഥിത്വം നൽകുകയും ചെയ്തു. വിജയിച്ച് അന്ന് കേരളമാകെ വി എസ് തരംഗം ആഞ്ഞുവീശിയപ്പോൾ ഇടതുമുന്നണി അധികാരത്തിൽ വരുകയും ചെയ്തു.
കേരളത്തിലെ അധികാരം പിടിക്കാനായി സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ നവകേരള യാത്രയുമായി മുന്നോട്ടു പോകുമ്പോൾ കേരളത്തിന്റെ പലയിടങ്ങളിലും കണ്ണേ കരളേ വിളി മുഴങ്ങിത്തുടങ്ങിയിട്ടുണ്ട്. കേരളത്തിന്റെ ഏറ്റവും ജനകീയനായ രാഷ്ട്രീയ നേതാവിനെ മാറ്റി നിർത്തി തിരഞ്ഞെടുപ്പിനെ നേരിടാൻ സിപിഐ(എം) തയ്യാറാകുമോ എന്നതാണ് ചോദ്യം. പ്രായം കൂടും തോറും വീര്യം കൂടിവരികയാണ് വി എസ് എന്ന ജനകീയന്. സിനിമാ താരങ്ങളെയും അപ്രസക്തരാക്കുന്ന വിധത്തിൽ ക്രൗഡ് പുള്ളറാണ് വി എസ് ഇപ്പോഴും അതിന്റെ രണ്ട് ഉദാഹരണങ്ങളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രണ്ട് പരിപാടികളിൽ ദൃശ്യമായതും. 93 വയസുകാരൻ കാമ്പസിലെ താരമാകുന്ന കാഴ്‌ച്ചയായിരുന്നു കഴിഞ്ഞ ദിവസം ദൃശ്യമായത്.
പ്രേമം സിനിമയും കഥാപാത്രങ്ങളായ ജോർജും മലരുമൊക്കെ തരംഗമായിരുന്ന കോളേജിൽ വി എസ് എത്തിയപ്പോൾ അദ്ദേഹം തന്നെയായിരുന്നു താരം. ആലപ്പുഴ എസ്ഡി കോളേജ് കാമ്പസിലാണ് വി എസ് ഇന്നലെ എത്തിയത്. ഈ പരിപാടിയിൽ പങ്കെടുക്കാൻ വി എസ് എത്തിയതോടെ എല്ലാ അർത്ഥത്തിലും താരം വി എസ് ആയി. പുന്നപ്ര സമരനായകനെ കണ്ടതോടെ തലമുറ വ്യത്യാസമെല്ലാം മറന്ന് ആൺകുട്ടികൾ മുദ്രാവാക്യം വിളിച്ചു. കണ്ണേ കരളേ വി.എസേ..പുന്നപ്രയുടെ മണിമുത്തേ.. പെൺകുട്ടികളും ഏറ്റുചൊല്ലിയതോടെ വി എസ് കൈവീശി വേദിയിലേക്ക്.
ഒരു വശത്ത് വി.എസിന്റെ ചിത്രം മൊബൈൽ ക്യാമറകളിൽ പകർത്താനും തിരക്കായിരുന്നു കോളേജിൽ. സാധാരണ സിനിമാ താരങ്ങൾ എത്തിയാൽപോലും ലഭിക്കാത്ത ആവേശോജ്ജ്വലമായ സ്വീകരമണ് വിഎസിന് കാമ്പസിൽ ലഭിച്ചത്. നീണ്ട കാലത്തിന് ശേഷം കോളജ് യൂണിയൻ ഉദ്ഘാടനത്തിന് ക്ഷണിച്ചപ്പോൾ അദ്ദേഹം സമ്മതം മൂളി. അരാഷ്ട്രീയതയുടെ ചുവടുപിടിച്ച് ക്യാമ്പസുകളിൽ പിടിമുറുക്കുന്ന വർഗീയതയെയും സ്വാശ്രയ മാനേജ്‌മെന്റ് മേധാവിത്വത്തെയും ചെറുക്കാൻ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ശക്തിപ്പെടണമെന്ന് വി. എസ് അച്യുതാനന്ദൻ ഉദ്ഘടന പ്രസംഗത്തിൽ പറഞ്ഞു.
Posted by V. S. Achuthanandan on Monday, January 18, 2016
വിദ്യാർത്ഥികളിലും യുവാക്കളിലും അരാഷ്ട്രീയബോധം കുത്തിവയ്ക്കാൻ ബോധപൂർവമായ പരിശ്രമം നടത്തുകയാണ്. ഇത്തരം കാമ്പസുകളിലാണ് വർഗീയതയും ഫാസിസ്റ്റ് ചിന്തകളും തലപൊക്കുന്നത്. എതിരഭിപ്രായം പറയുന്നവരെ ഇല്ലാതാക്കുന്നു. മതേതരമായ സാമൂഹ്യാവസ്ഥ സംരക്ഷിക്കാൻ വിദ്യാർത്ഥികളും സമൂഹവും ജാഗരൂഗരായിരിക്കണം. ആധുനിക സാങ്കേതിക വിദ്യകളിലൂടെ ലഭിക്കുന്ന വിജ്ഞാനത്തെ സാമൂഹ്യ പുരോഗതിക്കും സമൂഹത്തെ പുതുക്കിപ്പണിയാനുമായി ഉപയോഗിക്കണം. വിജ്ഞാനവും പേറി പൊങ്ങുതടിപോലെ നടക്കുന്നതുകൊണ്ട് പ്രയോജനമില്ലെന്നും വി എസ് പറഞ്ഞു.
ആലപ്പുഴയിലെ വേദിക്ക് മുമ്പ് കൊച്ചിയിൽ നടന്ന ഒരുപരിപാടിയിലും വി എസ് തന്നെയായിരുന്നു താരം. ഹൈക്കോടതിയിൽ ഒരു പരിപാടിയിൽ എത്തിയ വിഎസിനെ വിദ്യാർത്ഥികൾ പൊതിഞ്ഞിരുന്നു. സെൽഫിയെടുക്കാനും മറ്റുമായി നിയമവിദ്യാർത്ഥികൾ അടക്കമുള്ളവർ ചുറ്റും കുടുന്ന അവസ്ഥയാണ് അന്നുണ്ടായത്. ചടങ്ങിനെത്തിയവർ ഒറ്റയ്ക്കും കൂട്ടമായും വിഎസിനടത്തേക്ക് നീങ്ങി. ലക്ഷ്യം വിപ്ലവനായകനൊപ്പം സെൽഫി. കൈകൊടുത്തും ഫോട്ടോയെടുത്തും വിഎസിനൊപ്പം കൂടി ചിലർ. ഗ്രൂപ്പ് സെൽഫിക്കായി നിയമ വിദ്്യാർത്ഥികൾ ഒന്നടങ്കം വേദിയിലെത്തിയപ്പോൾ വി എസ് കുറച്ച് നേരം വേദിയിൽ ഒറ്റയ്ക്കും ഇരുന്നു കൊടുത്തു. ഇങ്ങനെ പ്രായഭേദമന്യേ വി എസ് തന്നെയാണ് എല്ലാവർക്കും താരം.
ലാവലിൻ കേസിന്റെ പശ്ചാത്തലത്തിലാണ് പിണറായി വിജയന്റെ നവകേരള യാത്ര ഇപ്പോൾ പുരോഗമിക്കുന്നത്. കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ സമർപ്പിക്കപ്പെട്ട അപ്പീലിന്മേൽ കോടതി വിധി പ്രതികൂലമായാൽ പിണറായിക്ക് തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാൻ സാധിക്കാത്ത സ്ഥിതിവിശേഷം ഉണ്ടായേക്കാം. ഇങ്ങനയുള്ള സാഹചര്യത്തിൽ കണ്ണേ കരളേ വി എസ്സേ വിളികൾ ശരിവച്ച് വി എസ് ഒരിക്കൽ കൂടി മുന്നണിയെ നയിക്കുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.