തിരുവനന്തപുരം: പിണറായി വിജയൻ സർക്കാർ 100 ദിവസം പൂർത്തിയാക്കുന്ന ദിവസം ഭരണപരിഷ്‌ക്കരണ കമ്മീഷനെ കുറിച്ച് കൂടുതൽ വ്യക്തമായ ധാരണയായി. ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷൻ വി എസ്. അച്യുതാനന്ദന് പതിമൂന്നംഗ പേഴ്‌സണൽ സ്റ്റാഫിനെ നിയമിച്ച് സർക്കാർ ഉത്തരവിട്ടു.

പ്രൈവറ്റ് സെക്രട്ടറി 1, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി1, പേഴ്‌സണൽ അസിസ്റ്റന്റ് 2, സ്റ്റെനോ1, ക്ലാർക്ക്/ ഓഫീസ് അറ്റൻഡന്റ് 4, ഡ്രൈവർ 2, കുക്ക് 1, പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസർ എന്നിവരാണ് പേഴ്‌സണൽ സ്റ്റാഫംഗങ്ങളിലുള്ളത്. ഇത് കൂടാതെ ഭരണപരിഷ്‌കാര കമ്മിഷനിലും തസ്തികകൾ സൃഷ്ടിച്ച് ഉത്തരവായിട്ടുണ്ട്. തസ്തികകളും എണ്ണവും ഇങ്ങനെയാണ്.

അഡീഷണൽ സെക്രട്ടറി1, ഡെപ്യൂട്ടി കളക്ടർ 1, ഫിനാൻസ് ഓഫീസർ (ഡെപ്യൂട്ടി സെക്രട്ടറി)1, അണ്ടർ സെക്രട്ടറി 2, സെക്ഷൻ ഓഫീസർ1, അസിസ്റ്റന്റ് 3, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഇംഗ്ലീഷ്2, മലയാളം1, ദിവസവേതനക്കാർ: ഓഫീസ് അറ്റൻഡന്റ് 3, ഡേറ്റ എൻട്രി ഓപ്പറേറ്റർ1, ഡ്രൈവർ1.

അതേസമയം ഭരണപരിഷ്‌കാരകമ്മിഷൻ അധ്യക്ഷന്റെ ഓഫീസും ഔദ്യോഗിക വസതിയും സംബന്ധിച്ച് അറിയിപ്പ് നൽകിയിട്ടില്ല. കമ്മീഷന്റെ പ്രവർത്തനം എങ്ങനെ വേണമെന്നത് അടക്കമുള്ള കാര്യങ്ങളിൽ ഇനി തീരുമാനമാകാനുണ്ട്. ഭരണപരിഷ്‌കരണ കമ്മിഷൻ അധ്യക്ഷനായി സെപ്റ്റംബർ രണ്ടാംവാരം വി എസ് ചുമതലയേൽക്കുമെന്നാണു സൂചന. നേരത്തെ മന്ത്രി കടകംപള്ളി സുരേന്ദ്രന് അനുവദിച്ചിരുന്ന കവടിയാർ ഹൗസ് വിഎസിനു നൽകാനാണ് ആലോചന. വിഎസിനെ കൂടാതെ മുൻ ചീഫ് സെക്രട്ടറിമാരായ സി.പി. നായർ, നീലാ ഗംഗാധരൻ എന്നിവരാണ് കമ്മിഷനിലെ മറ്റംഗങ്ങൾ. വിഎസിനു കാബിനറ്റ് പദവിയും അംഗങ്ങൾക്കു ചീഫ് സെക്രട്ടറിയുടെ പദവിയുമാണു നൽകിയിരിക്കുന്നത്.

ഓഗസ്റ്റ് മൂന്നിനു ചേർന്ന മന്ത്രിസഭായോഗം കമ്മിഷനെ നിയമിക്കുന്ന കാര്യം തീരുമാനിച്ചെങ്കിലും ടേംസ് ഓഫ് റഫറൻസ് നിശ്ചയിച്ചിരുന്നില്ല. കമ്മിഷൻ അധ്യക്ഷനായ വിഎസിന് ഔദ്യോഗിക വസതി അനുവദിക്കുന്നതിലും തീരുമാനമായില്ല. ഏറെ കാലതാമസത്തിനുശേഷമാണു സെക്രട്ടേറിയറ്റിന്റെ രണ്ടാം അനക്‌സിലെ നാലാം നിലയിൽ കമ്മിഷന് ഓഫിസ് അനുവദിച്ചത്. ഈ മാസം തന്നെ വിഎസിന് ഔദ്യോഗികവസതി അനുവദിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നാലാമത്തെ ഭരണപരിഷ്‌കാര കമ്മിഷനാണിത്. മുൻ മുഖ്യമന്ത്രി ഇഎംഎസ്, ഇ.കെ.നായനാർ, ഐഎഎസ് ഉദ്യോഗസ്ഥനായ എം.കെ. വെള്ളോടി എന്നിവരാണു മുൻപ് ഭരണപരിഷ്‌കരണ കമ്മിഷൻ അധ്യക്ഷനായിട്ടുള്ളത്.