കോഴിക്കോട്: സംസ്ഥാന രാഷ്ട്രീയത്തിലെ നിർണ്ണായകമായ നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി അനശേഷിക്കുന്നത് ഒരു മാസം മാത്രം. ഇതോടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ കൊഴുപ്പിച്ചു കൊണ്ട് മുന്നണികൾ രംഗത്തെത്തി കഴിഞ്ഞു. എന്തായാലും മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ സിപിഎമ്മിൽ നേതാക്കൾ തമ്മിലുള്ള ഐക്യമാണ് പാർട്ടിക്ക് കരുത്തേകുന്നത്. എല്ലാത്തവണത്തെയും എന്നതും പോലെ ഇടതുമുന്നണിയുടെ പ്രചാരണത്തിന്റെ നേതൃത്വം ഇത്തവണയും വി.സ് അച്യുതാന്ദനുതന്നെയാണ്. പി.ബി അംഗം പിണറായി വിജയൻ മൽസരിക്കുന്ന ധർമ്മടം മണ്ഡലത്തിലടക്കം വി എസ് പ്രചാരണത്തിനത്തെും. സംസ്ഥാനത്ത് മൊത്തത്തിൽ പ്രചാരണത്തിനത്തെുന്നുണ്ടെങ്കിലും വി.എസിന്റെ മലമ്പുഴയിൽ പിണറായിക്ക് പരിപാടികൾ നിശ്ചയിച്ചിട്ടില്ല.

പിണറായിക്ക് വേണ്ടി വോട്ടു ചോദിച്ച് വി എസ് എത്തുമെന്നത് പാർട്ടി അണികൾക്ക് വലിയ തോതിൽ ആത്മവിശ്വാസം പകർന്നിട്ടുണ്ട. രണ്ട് മുതിർന്ന നേതാക്കളും കൈകോർത്ത് പ്രചരണ രംഗത്ത് സജീവമാകുമ്പോൾ അത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. പാർട്ടിയിൽ ഐക്യമുണ്ടെന്ന് തെളിയിക്കാൻ കൂടിയാണ് പിണറായി വിജയന്റെ പ്രചരണത്തിന് വി എസ് എത്തുന്നതിന്റെ കാരണവും. പ്രായത്തെ തോൽപ്പിക്കുന്ന ഊർജ്ജത്തോടെ വി എസ് തന്നെയാണ് ഇപ്പോഴും തെരഞ്ഞെടുപ്പിലെ നായകൻ.

കേരളത്തിലെ തങ്ങൾക്ക് ഏറ്റവും ആളുകളെ കൂട്ടാൻ കഴിവുള്ള നേതാവ് ഇപ്പോഴും വി എസ് ആണെന്ന തിരച്ചറിവിൽ വിപുലമായ പ്രചാരണ പടിപാടികളാണ് പാർട്ടി വി.എസിനെ മൂൻനിർത്തി നടത്തുന്നു. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും വി.എസിന് യാതൊരു അലോസവരും ഉണ്ടാകരുതെന്ന് പറഞ്ഞിട്ടുണ്ട്. മാത്രമല്ല പാർട്ടി ജയിച്ചാൽ മുഖ്യമന്ത്രി വി എസ് ആയിരിക്കുമെന്ന അനൗദ്യോഗിക ഉറപ്പും യെച്ചൂരി വി.എസിന് നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിൽ വി എസ് ശക്തമായ കാമ്പതിനുമായി രംഗത്തത്തെും.
പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദൻ ഈമാസം 21ന് ധർമടത്ത് എത്തും. പിണറായി വിജയൻ 30ന് പാലക്കാട് ജില്ലയിൽ എത്തുന്നുണ്ടെങ്കിലും മലമ്പുഴയിൽ വി.എസിന് വേണ്ടി പ്രചാരണത്തിന് പോകുമോയെന്ന് ജില്ലാ നേതൃത്വം ഇതുവരെ തീരുമാനിച്ചിട്ടില്ല.

കോടിയേരി ബാലകൃഷ്ണനും എം.എ. ബേബിയുമാണ് പ്രചാരണത്തിന് നേതൃത്വം നൽകുന്ന മറ്റ് നേതാക്കൾ.വി.എസിന്റെയും പിണറായിയുടെയും കോടിയേരിയുടെയും ജില്ലാ പരിപാടികൾ 20ന് ആരംഭിക്കും. പിണറായി, കോടിയേരി എന്നിവരുടെ പരിപാടികൾ മെയ്‌ ആറിന് സമാപിക്കും. വി.എസിൻേറത് മെയ്‌ മൂന്നിനാണ് സമാപിക്കുക. ബബിയുടേത് 21ന് ആരംഭിച്ച് മെയ്‌ 13 വരെ തുടരും. ധർമടം ഉൾപ്പെടുന്ന കണ്ണൂരിൽ പ്രചാരണ പരിപാടിക്ക് വി എസ് എത്തുന്ന 21ന് പക്ഷേ, പിണറായി കൊല്ലത്ത് പ്രചാരണത്തിലാവും.

പിണറായി പാലക്കാട് ജില്ലയിൽ എത്തുന്ന 30ന് വി എസ് ആലപ്പുഴയിൽ പ്രചാരണത്തിലായിരിക്കും. നേതാക്കളുടെ ജില്ലകളിലെ പ്രചാരണ പരിപാടികൾ ആരംഭിക്കുന്നതോടെ സിപിഐ.എം സജീവമായി തെരഞ്ഞെടുപ്പിലേക്ക് നീങ്ങും. അതിനു പിന്നാലെ കേരളത്തിൽ കേന്ദ്ര നേതാക്കളുടെ പ്രചാരണ പരിപാടികളും ഉണ്ടാവും.

തദ്ദേശതെരഞ്ഞെടുപ്പിൽ വി എസ് തന്നെയായിരുന്നു തെരഞ്ഞെടുപ്പ് താരം. ഇത്തവണയും അതിന് മാറ്റമുണ്ടാകില്ലെന്ന് വ്യക്തമാക്കി സ്ഥാനാർത്ഥികൾ വിഎസിന്റെ ചിത്രങ്ങൾ അടങ്ങിയ പോസ്റ്ററുകൾ പതിച്ചു കഴിഞ്ഞു. തദ്ദേശത്തിൽ വെള്ളാപ്പള്ളി നടേശനായിരുന്നു വിഎസിന്റെ പ്രധാന ഇര. ബിജെപിക്കും, ഉമ്മൻ ചാണ്ടിക്കും എതിരായ പ്രഹരം ഒട്ടും കുറച്ചതുമില്ല നിയമസഭയിൽ പതിവു തെറ്റിക്കാതെയാണ് വിഎസിന്റെ പ്രചരണം. വിഎസിനെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുപ്പിക്കാൻ വേണ്ടി സ്ഥാനാർത്ഥികൾ പിടിവലി തുടങ്ങിയിട്ടുണ്ട്. വിഎസിന്റെ വിമർശകരായിരുന്നവർ തന്നെയാണ് അദ്ദേഹത്തിന് വേണ്ടി ഇപ്പോൾ വേദിയൊരുക്കുന്നത് എന്നതും ഏറെ കൗതുകം തീർക്കുന്നു.

മലമ്പുഴയിലെ തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാണ് വി എസ്. ഇടതുമുന്നണിക്കായി കേരളത്തിൽ എല്ലായിടത്തും പോകേണ്ടതുള്ളതുകൊണ്ട് തെരഞ്ഞെടുപ്പു കൺവെൻഷനുകൾ കേന്ദ്രീകരിച്ചാണ് വി എസ് മണ്ഡലത്തിൽ വോട്ടു തേടുന്നത്. 2011 നേക്കാൾ ഇരുപതിനായിരം വോട്ടുകൾ ഇത്തവണ മലമ്പുഴയിൽ വർദ്ധിച്ചിട്ടുണ്ട്. ഇത്തവണയും ഇരുപതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം വിഎസിന് നൽകാനാണ് മണ്ഡലത്തിലെ പ്രവർത്തകരുടെ ശ്രമം. ഇത്തവണ വളരെ നേരത്തെയാണ് മലമ്പുഴയിൽ വി എസ് പ്രവർത്തനം തുടങ്ങിയത്. കുറച്ചു ദിവസം മാത്രമേ പ്രചരണ പ്രവർത്തനങ്ങൾക്കായി വി എസ് മണ്ഡലത്തിലുണ്ടാകൂ. ഇക്കാലയളവിൽ പുതുശ്ശേരിയിലെ വാടകവീട്ടിലായിരിക്കും താമസം.