ആലപ്പുഴ: കേരളത്തിൽ താമര വിരിയില്ലെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ. കേരളത്തിൽ എൽഡിഎഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നും താമര വല്ല കുളത്തിലോ വിരിയുമെന്നും, അല്ലെങ്കിൽ താനെ വാടുമെന്നും അദ്ദേഹം പറഞ്ഞു. പുന്നപ്ര പറവൂർ ഗവ. ഹയർ സെക്കന്ററി സ്‌കൂളിലെ ബൂത്തിൽ വോട്ട് ചെയ്തതിനുശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. സ്വന്തം മണ്ഡലമായ മലമ്പുഴയിൽ നല്ല വിജയം ഉണ്ടാവുമെന്നും വി എസ് പറഞ്ഞു.

മലമ്പുഴയിൽ തന്നെ തോൽപ്പിക്കാൻ ശത്രുക്കളായ പലരും ശ്രമിച്ചു. എന്നാൽ അതൊന്നും വിലപ്പോവില്ലെന്നും, തനിക്ക് നല്ല വിജയം ഉണ്ടാകുമെന്നും വി എസ് പറഞ്ഞു. കേരളത്തിൽ പൊൻതാമര വിരിയുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു. വിഎസിന് മലമ്പുഴയിൽ ഭൂരിപക്ഷം കുറയും. താമരവിരിയില്ല കുടം ഉടഞ്ഞുപോകുമെന്നുമൊക്കെ പലരും വ്യാഖ്യാനിക്കുന്നുണ്ടെങ്കിലും 19ന് വോട്ടെണ്ണിക്കഴിയുമ്പോൾ പൊൻകുടം ഉയർന്നുവരും അതിനകത്തു പൊൻതാമര വിരിഞ്ഞുനിൽക്കുകയും ചെയ്യുമെന്ന് വെള്ളാപ്പള്ളി പറഞ്ഞിരുന്നു. വെള്ളാപ്പള്ളിക്കുള്ള മറുപടിയായാണ് വി എസ് താമര വിരിയില്ലെന്ന് വ്യക്തമാക്കിയത്.

നാലു മണിയോടെ കുടുംബസമേതമെത്തിയാണ് വി എസ് വോട്ടു ചെയ്തത്. സാധാരണയായി രാവിലെ വോട്ടു ചെയ്യുന്ന വി എസ് മലമ്പുഴയിൽ നിന്നാണ് ഉച്ച കഴിഞ്ഞ് എത്തിയത്. ഭാര്യ വസുമതി, മകൻ വി.എ. അരുൺ കുമാർ, മരുമകൾ ഡോ. രജനി എന്നിവരും ഒപ്പമുണ്ടായിരുന്നു. മലമ്പുഴയിൽ വോട്ടിങ് ആരംഭിച്ച ശേഷമാണ് വി എസ് ആലപ്പുഴയിൽ എത്തിയത്.

മലമ്പുഴയിൽ നിന്ന് തിരിച്ച അദ്ദേഹം ആലുവ ഗസ്റ്റ് ഹൗസിൽ വിശ്രമിച്ചതിനുശേഷമാണ് പുന്നപ്രയിൽ എത്തിയത്. വി.എസിനെ കാത്ത് വൻ മാദ്ധ്യമപ്പട തന്നെ പുറത്തുണ്ടായിരുന്നു. വിഎസിനൊപ്പം അമ്പലപ്പുഴയിലെ ഇടതു സ്ഥാനാർത്ഥി ജി സുധാകരനും എത്തിയിരുന്നു. മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയ ശേഷമാണ് വി എസ് അവിടെ നിന്നും മടങ്ങിയത്.