- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു; തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വൈറസ് ബാധ സ്ഥിരീകരിച്ചത് പരിചരിക്കുന്ന നഴ്സ് കോവിഡ് പോസിറ്റിവായപ്പോൾ നടത്തിയ പരിശോധനയിൽ; പ്രായം തളർത്താത്ത പോരാളിക്ക് രോഗസൗഖ്യം നേർന്ന് ആരാധകർ
തിരുവനന്തപുരം: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും ജനകീയ നേതാവുമായ വി എസ് അച്യുതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു. വി എസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിഎസിനെ പരിചരിച്ചിരുന്ന നഴ്‌സിന് കോവിഡ് സ്ഥിരീകരിച്ചതോടെ നടത്തിയ പരിശോധനയിലാണ് വിഎസിനും കോവിഡ് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന വിഎശിന്റെ രോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
വിഎസിന്റെ രോഗ ബാധയെ കുറിച്ച് മകൻ വി എ അരുൺ കുമാർ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ-
''മഹാമാരിയുടെ പിടിയിൽ പെടാതെ, ഡോക്ടർമാരുടെ നിർദ്ദേശം കർശനമായി പാലിച്ച് വീട്ടിൽ കഴിച്ചുകൂട്ടിയ അച്ഛനും കോവിഡ് പോസിറ്റീവായിരിക്കുന്നു. സന്ദർശകരെപ്പോലും അനുവദിക്കാതെ, ഒരർത്ഥത്തിൽ ക്വാറന്റൈനിലായിരുന്നു, അച്ഛൻ. നിഭാഗ്യവശാൽ അച്ഛനെ പരിചരിച്ച നഴ്‌സിന് കോവിഡ് പോസിറ്റീവായി. ഇന്നലെ പരിശോധിച്ചപ്പോൾ അച്ഛനും കോവിഡ് പോസിറ്റീവ്. ആരോഗ്യവിദഗ്ധരുടെ നിർദ്ദേശം പാലിച്ച് അച്ഛനിപ്പോൾ ആശുപത്രിയിലാണ്. സുഖവിവരമന്വേഷിച്ച് നിരവധി പേർ വിളിക്കുന്നുണ്ട്. സ്‌നേഹാന്വേഷണങ്ങൾക്ക് നന്ദി.''
രണ്ട് കോവിഡ് വാക്‌സിനും വി എസ് എടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം വിഎശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്വാസ തടസത്തെ തുടർന്ന് കഴിഞ്ഞ വർഷം നവംബറിൽ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഉദര സംബന്ധമായ പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. ഏതാനും ദിവസം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സയ്ക്ക് ശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങിയിരുന്നു.
ആരോഗ്യപരമായ പ്രശ്നങ്ങളെ തുടർന്ന് കുറച്ച് മാസങ്ങളായി പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കുകയാണ് വി എസ്. കഴിഞ്ഞ ഒക്ടോബർ 20നാണ് അദ്ദേഹം 99ാം പിറന്നാൾ ആഘോഷിച്ചത്. അതേസമയം ഇന്നലെ കേരളത്തിൽ പ്രതിദിന കോവിഡ് കേസിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. 46,387 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗ സ്ഥിരീകരണ നിരക്ക് (ടിപിആർ) 40.21. സംസ്ഥാനത്തെ ആകെ മരണം 51,501 ആയി. ചികിത്സയിലായിരുന്ന 15,388 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് 62 പേർക്ക് കൂടി ഓമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ