ആലപ്പുഴ/കോട്ടയം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കവേ രാഷ്ട്രീയ നേതാക്കൾ രാവിലെ തന്നെ വോട്ടു ചെയ്തു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും വോട്ടു ചെയ്തു. ബാർ കോഴ കേസിലെ കോടതി വിധിയുടെ പശ്ചാത്തലത്തിൽ ധനമന്ത്രി കെ.എം.മാണി രാജി വയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിച്ചു. ബാർകോഴയുമായി ബന്ധപ്പെട്ട വിവാദങ്ങൾ യു.ഡി.എഫിന്റെ വിജയത്തെ ബാധിക്കില്ലെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നല്ല ആത്മവിശ്വാസമാണുള്ളത്. ഐക്യവും ഒരുമയുമാണ് യു.ഡി.എഫിന്റെ ശക്തി. ബാർ കോഴ വിവാദമൊന്നും യു,ഡി.എഫിനെ ബാധിക്കില്ല. അരുവിക്കര ഉപതിരഞ്ഞെടുപ്പ് നടന്നപ്പോഴും ബാർ കോഴ വിവാദം ഉണ്ടായിരുന്നു. എന്നിട്ട് എന്താണ് സംഭവിച്ചത്. ജനങ്ങൾ എല്ലാം കാണുന്നും കേൾക്കുന്നുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. മലപ്പുറത്ത് വോട്ടിങ് യന്ത്രം തകരാറിലായ സംഭവത്തെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കട്ടെയെന്നും ഒരു ചോദ്യത്തിനായി മുഖ്യമന്ത്രി മറുപടി നൽകി.

അതേസമയം എൽഡിഎഫ് വലിയ ഭൂരിപക്ഷത്തേടെ വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദൻ അഭിപ്രായപ്പെട്ടു. മൂന്നാം മുന്നണിയുടെ നില പരിതാപകരമാകും. ശാശ്വതീകാനന്ദയുടെ മരണത്തിൽ വെള്ളാപ്പള്ളിക്കും മകനും ബന്ധമുണ്ടെന്നാണ് കേൾക്കുന്നത്. അതിനെക്കുറിച്ച് അന്വേഷിക്കണം. പുറമേ നിയമന മൈക്രോ ഫിനാൻസ് അഴിമതികളുമുണ്ട്. ഈ സാഹചര്യത്തിൽ വെള്ളാപ്പള്ളി യോഗം ജനറൽ സെക്രട്ടറി സ്ഥാനം രാജി വയ്ക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.

അതസമയം യുഡിഎഫ് തിളക്കമാർന്ന വിജയം നേടുമെന്ന് ധനമന്ത്രി കെ എം മാണി പ്രതികരിച്ചു. രാവിലെ 9.15 ന് പാലാ അരുണാപുരം അൽഫോൻസാ കോളേജിലെ 22ാം നമ്പർ ബൂത്തിലാണ് മാണി വോട്ട് ചെയ്യാൻ എത്തിയത്. യുഡിഎഫിന്റെ വിജയത്തിൽ ആർക്കും ആശങ്കവേണ്ടെന്നും ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭാര്യ കുട്ടിയമ്മ, മകൻ ജോസ് കെ. മാണി എംപി, മരുമകൾ നിഷാ ജോസ് കെ. മാണി എന്നിവരോടൊപ്പമാണ് വോട്ട് ചെയ്യാനാത്തിയത്. പാലാ അൽഫോൻസാ കോളേജിൽ ഒ.ബി വാൻ അടക്കമുള്ള സംവിധാനങ്ങളുമായി ഒന്നര മണിക്കൂറോളമാണ് മാദ്ധ്യമപ്രവർത്തകർ മന്ത്രി മാണിയെ കാത്തു നിന്നത്.