കൊച്ചി: പ്രതിപക്ഷ നേതാവ് വി.എസിനെ കണ്ട് അനുഗ്രഹം വാങ്ങി ഇ.കെ. നായനാരുടെ മകളും കൊച്ചി രവിപുരത്തെ ഇടത് സ്ഥാനാർത്ഥിയുമായ ഉഷ പ്രവീൺ. ശനിയാഴ്ച രാത്രിയാണ് ഉഷ പ്രവീൺ ആലുവ പാലസിൽ എത്തി വി എസ് അച്യുതാനന്ദനെ കണ്ടത്.

കൊച്ചി കോർപ്പറേഷനിൽ രവിപുരത്തു നിന്നാണ് ഉഷ മത്സരിക്കുന്നത്. നെടുംകണ്ടത്തെ തിരഞ്ഞെടുപ്പ് പരിപാടിക്ക് ശേഷം രാത്രി 9.30 തോടുകൂടിയാണ് വി എസ് ആലുവ പാലസിൽ എത്തിയത്.

വി എസ് അച്യുതാനന്ദന്റെ അനുഗ്രഹം വാങ്ങാനായി ഉഷയും ഭർത്താവ് പ്രവീണും നേരത്തെ തന്നെ ഇവിടെ എത്തിയിരുന്നു. വി എസ് വന്നയുടനെ 107 ാം മുറിയിലേക്ക് പോയി. ഉഷ വി.എസിന്റെ കാൽ തൊട്ട് വണങ്ങി. പിന്നിട് ഉഷയെ അനുഗ്രഹിച്ചു. എൽ ഡി എഫ് സ്ഥാനാർത്ഥികളെല്ലാം ജയിക്കും, ഉഷ തീർച്ചയായും ജയിക്കുമെന്നും വി എസ് അനുഗ്രഹിച്ചുക്കൊണ്ട് പറഞ്ഞു.

വി എസിനെ കണ്ടതോടെ പുതിയ ഊർജ്ജം ലഭിച്ചുവെന്ന് ഉഷ പറഞ്ഞു. നായനാരുടെ മക്കളിൽ ആദ്യമായാണ് ഒരാൾ തിരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. ഉഷ ഉൾപ്പെടുയുള്ള എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിക്കുമെന്ന് പറഞ്ഞ വി എസ് രവിപുരത്ത് പ്രചാരണത്തിന് എത്താൻ ശ്രമിക്കുമെന്ന ഉറപ്പും നൽകിയാണ് നായനാരുടെ മകളെ യാത്രിയാക്കിയത്.