കോട്ടയം: സംസ്ഥാനത്തെ ആഭ്യന്തര മന്ത്രിക്കുപോലും നാട്ടിലെ ഭരണം അസഹനീയമാണെന്നു പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ പരിഹാസം. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കു രമേശ് ചെന്നിത്തല അയച്ച കത്തിനെ ഉദ്ധരിച്ചായിരുന്നു തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ വി എസിന്റെ പരിഹാസം. കേന്ദ്ര സർക്കാരിനെയും യോഗങ്ങളിൽ വി എസ് രൂക്ഷമായി വിമർശിച്ചു.

അഴിമതിയെ പറ്റി ഇടത് നേതാക്കൾ നടത്തുന്ന എതിർപ്പ് രമേശ് ചെന്നിത്തലയ്ക്കും ഉണ്ടായിരുന്നുവെന്നു വി എസ് പറഞ്ഞു. അതുകൊണ്ടാണ് സഹികെട്ട് ഉമ്മൻ ചാണ്ടിയുടെ അഴിമതിയെക്കുറിച്ച് സോണിയാ ഗാന്ധിക്ക് കത്തെഴുതിയത്. ഉമ്മൻ ചാണ്ടിയുടെ അഴിമതി അസഹനീയമായി മാറിയതിനാൽ കേന്ദ്ര നേതൃത്വത്തെ അറിയിക്കുകയാണ് ചെന്നിത്തല ചെയ്തതെന്നും വി എസ് പറഞ്ഞു.

സ്വന്തക്കാർക്ക് മെത്രാൻ കായലടക്കം നിരവധി പ്രദശേങ്ങൾ പതിച്ചു കൊടുക്കുകയാണ് ഉമ്മൻ ചാണ്ടി. അധികാരം നഷ്ടപ്പെടാൻ ദിവസങ്ങൾ ബാക്കി നിൽക്കെ, ഉള്ള കാശ് വന്നോട്ടേയെന്നാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്. ബാർകോഴയടക്കമുള്ള വിഷയങ്ങളിൽ കോടികളുടെ അഴിമതിയാണ് നടന്നത്. അതിനാലൊക്കെ തന്നെയാണ് യുഡിഎഫിനെ ഇറക്കിവിട്ട് ഇടത് മുന്നണിയെ വീണ്ടും അധികാരത്തിൽ എത്തിക്കാൻ ശ്രമിക്കുന്നതെന്നും വി എസ് പറഞ്ഞു.

കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദിക്കും കേരളം ഭരിക്കുന്ന ഉമ്മൻ ചാണ്ടിക്കും ഒരേ ജനവിരുദ്ധ നയമാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ പിന്നോക്ക വിഭാഗങ്ങൾക്കെതിരെ നരേന്ദ്ര മോദി സർക്കാരും ആർ.എസ്.എസ്. സംഘപരിവാർ സംഘടനകളും കടുത്ത നിലപാടാണ് എടുക്കുന്നത്. സംവരണം ഉൾപ്പെടെയുള്ള ജനാധിപത്യ സ്വാതന്ത്ര്യത്തെ എതിർക്കുന്ന നിലപാടാണ് ഇവർ സ്വീകരിക്കുന്നത്. ജെ.എൻ.യു. സംഭവവും ഹൈദരാബാദ് യൂണിവേഴ്‌സിറ്റി സംഭവവും ഇതിന് ഉദാഹരണമാണെന്നും വി എസ് പറഞ്ഞു.

വിലക്കയറ്റംകൊണ്ട് കേരളത്തിലെ ജനങ്ങളെ പെറുതിമുട്ടിച്ചിരിക്കുകയാണ്. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തുണ്ടായിരുന്ന് അരിയുടെ വില ഇന്ന് എവിടെ നിൽക്കുന്നുവെന്ന് നോക്കണം. കേരളത്തിലെ ഭൂമികൾ മുഴുവനും കള്ളസ്വാമികൾക്കും സ്വന്തക്കാർക്കും പതിച്ച് നൽകുകയാണ് ചാണ്ടിയും കൂട്ടരും ചെയ്യുന്നത്. 20 വർഷം മാത്രമേ കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി ഭരിച്ചിട്ടുള്ളു. ബാക്കിയുള്ള 40 വർഷവും കോൺഗ്രസാണ് ഭരിച്ചതെന്നും അത് എല്ലാവരും മനസ്സിലാക്കണമെന്നും വി എസ്. പറഞ്ഞു. എസ്.എൻ.ഡി.പി. യോഗത്തിന്റെ മൈക്രോ ഫിനാൻസ് പദ്ധതിയിലുടെ പാവപ്പെട്ട ഈഴവ സ്ത്രീകളെ ചതിക്കുകയാണ് വെള്ളാപ്പള്ളി നടേശനെന്നും ഇപ്പോൾ പുതിയ പാർട്ടി രൂപീകരണത്തിലൂടെയും കടുത്ത ചതിയും വഞ്ചനയാണ് നടത്തുന്നതെന്നും വി എസ്. പറഞ്ഞു.