തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് ഉമ്മൻ ചാണ്ടിയോടു പറയാൻ വി എം സുധീരനു ചങ്കുറപ്പില്ലെന്നു പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ പറഞ്ഞു. മുഖത്തുനോക്കി പറയാൻ ധൈര്യമില്ലാത്തതിനാലാണു ടി എൻ പ്രതാപനെ ചാരി ഇതിലേക്കു തന്റെ പേരു വലിച്ചിഴയ്ക്കുന്നതെന്നും വി എസ് പ്രസ്താവനയിൽ പറഞ്ഞു.

താൻ മത്സരിക്കുന്നതു പാർട്ടി തീരുമാനം അനുസരിച്ചാണ്. അതിൽ സുധീരനും കൂട്ടരും വല്ലാതെ വേവലാതിപ്പെടേണ്ടതില്ലെന്നും വി എസ് പറഞ്ഞു.

കഴിഞ്ഞ 46 വർഷമായി എംഎൽഎയും മന്ത്രിയും, പ്രതിപക്ഷനേതാവും, മുഖ്യമന്ത്രിയും ഒക്കെയായിട്ടുള്ള ഉമ്മൻ ചാണ്ടി ഇത് പതിനൊന്നാം തവണയാണ് നിയമസഭയിലേക്ക് മൽസരിക്കുന്നത്. അങ്ങനെയുള്ള ഉമ്മൻ ചാണ്ടി ഇനി മൽസരിക്കാൻ പാടില്ല എന്നതാണ് സുധീരൻ ആഗ്രഹിക്കുന്നത്. എന്നാൽ സുധീരന്റെ വാക്കുകൾക്ക് ഉമ്മൻ ചാണ്ടി പുല്ലുവില പോലും കൽപ്പിക്കുന്നില്ലെന്ന് നാട്ടുകാരെ എല്ലാവരെയും പോലെ സുധീരനും നന്നായി അറിയാം.

ഉമ്മൻ ചാണ്ടി നടത്തിക്കൊണ്ടിരിക്കുന്ന കൊള്ളയ്ക്കും, അഴിമതിക്കുമെതിരെ വലിയ വായിൽ നിലവിളിച്ച് സായൂജ്യമടയാൻ മാത്രമേ സുധീരന് കഴിയുന്നുള്ളൂ എന്നത് ഇതിന് തെളിവാണ്. ഉമ്മൻ ചാണ്ടിയുടെ കൊള്ളയ്‌ക്കെതിരെ എന്തോ ഒക്കെ പറഞ്ഞതിന്റെ പേരിൽ ഇപ്പോൾ ഉമ്മൻ ചാണ്ടി കോൺഗ്രസിലെ സകലമാന ഗ്രൂപ്പുകളെയും ഒരുകൂടക്കീഴിൽ കൊണ്ടുവന്ന് സുധീരനെ പുകച്ചു പുറത്താക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ്. അതുകൊണ്ട് ഉമ്മൻ ചാണ്ടിയുടെ നേരെ നിന്ന് സംസാരിക്കാൻ പോലുമുള്ള ആർജ്ജവം സുധീരന് നഷ്ടപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടാണ് തന്റെ പേര് സുധീരൻ ദുരുപയോഗം ചെയ്യുന്നതെന്നും വി എസ് പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ കൊള്ളയ്ക്ക് കൂട്ടുനിൽക്കാൻ കഴിയില്ല എന്ന് പറയുന്ന സുധീരൻ, ഉമ്മൻ ചാണ്ടി കൊള്ളകൾ തുടർന്നുകൊണ്ടിരിക്കുന്നത് കയ്യുംകെട്ടി നോക്കിനിൽക്കുന്ന ദയനീയതയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നതെന്നും വി എസ് പറഞ്ഞു.