- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനകീയ നേതാവ് ഉണരാൻ കാത്ത് താമസസ്ഥലത്തിനു മുന്നിൽ തടിച്ചുകൂടിയത് നൂറുകണക്കിനു പേർ; ഒന്നടുത്തെത്താനും വാക്കുകൾ കേൾക്കാനും കൊതിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ: വി എസിനെ കാണാനെത്തിയവർ ബഹ്‌റൈൻ ഡ്രീംസ് ടവറിനെ ജനസമുദ്രമാക്കി
മനാമ: വി എസ് എന്ന രണ്ടക്ഷരം കേരളീയർക്ക് ആവേശം തന്നെയാണ്. കേരളത്തിനു പുറത്തു താമസിക്കുന്ന മലയാളികൾക്ക് അതിലേറെ ആവേശമാണ് ഈ ജനനായകനോട്. ബഹ്‌റൈനിലെത്തിയ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ സ്‌നേഹം കൊണ്ടു വീർപ്പുമുട്ടിക്കുകയാണ് പ്രവാസി മലയാളികൾ. പതിറ്റാണ്ടുകൾക്കിപ്പുറം വി എസ് എന്ന ജനകീയ നേതാവ് ഗൾഫ് രാജ്യത്ത് എത്തിയ വിവരം അറിഞ്ഞ്
മനാമ: വി എസ് എന്ന രണ്ടക്ഷരം കേരളീയർക്ക് ആവേശം തന്നെയാണ്. കേരളത്തിനു പുറത്തു താമസിക്കുന്ന മലയാളികൾക്ക് അതിലേറെ ആവേശമാണ് ഈ ജനനായകനോട്.
ബഹ്‌റൈനിലെത്തിയ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ സ്‌നേഹം കൊണ്ടു വീർപ്പുമുട്ടിക്കുകയാണ് പ്രവാസി മലയാളികൾ. പതിറ്റാണ്ടുകൾക്കിപ്പുറം വി എസ് എന്ന ജനകീയ നേതാവ് ഗൾഫ് രാജ്യത്ത് എത്തിയ വിവരം അറിഞ്ഞ് അദ്ദേഹം ഏതു സ്ഥലത്ത് എത്തിച്ചേർന്നാലും തിങ്ങിക്കൂടുകയാണ് പുരുഷാരം.
യാത്രാക്ഷീണം കൊണ്ട് പതിവിലും അൽപ്പം വൈകിയാണ് വി എസ് ഉണർന്നത്. രാവിലെ പതിനൊന്നോടെ അദ്ദേഹം താമസിക്കുന്ന ഡ്രീംസ് ടവറിൽ വാർത്താസമ്മേളനം നിശ്ചയിച്ചതറിഞ്ഞ് സമീപത്തുള്ള മലയാളികളെല്ലാം കുടുംബസമേതമാണ് ഇവിടെ എത്തിച്ചേർന്നത്.
11 മണിക്ക് വി എസ് പത്രസമ്മേളനവേദിയിലേക്ക് എത്തുമെന്നു കരുതി അതിനും ഏറെ മുമ്പു തന്നെ മലയാളികൾ ഇവിടെ എത്തിച്ചേർന്നിരുന്നു. 12 മണിയോടെയാണ് അദ്ദേഹം താമസസ്ഥലത്തുനിന്നു പുറത്തേക്ക് എത്തിയത്. ഡ്രീംസ് ടവറിന്റെ ഏഴു നിലകളിലും വി എസ് എന്ന ജനനായകനെ കാണാൻ വൻ ജനാവലി തിക്കും തിരക്കും കൂട്ടുകയായിരുന്നു.
ഉമ്മൻ ചാണ്ടിയെ വിമർശിച്ചു കൊണ്ട് രമേശ് ചെന്നിത്തല അയച്ചു എന്ന് പറയുന്ന കത്തിലെ ഉള്ളടക്കം ശരിയാണെന്നു വാർത്താസമ്മേളനത്തിൽ വി എസ് പറഞ്ഞു. സർക്കാർ അഴിമതിയിൽ കുളിച്ച് നില്ക്കുകയാണ്. ഇനി വ്യക്തമാകുവാനുള്ളത് കത്ത് ആര് അയച്ചു എന്ന കാര്യം മാത്രമാണ്. അത് വ്യക്തമാക്കേണ്ട കടമ മാദ്ധ്യമങ്ങൾക്കും രമേശ് ചെന്നിത്തലയ്ക്കുമാണ് എന്ന് അദ്ദേഹം പറഞ്ഞു. മാദ്ധ്യമാങ്ങളാണോ ആഭ്യന്തര മന്ത്രിയാണോ ഇതിന് ഉത്തരവാദി എന്ന് പുറത്ത് വരേണ്ടിയിരിക്കുന്നു. ബിജെപി യുടെ രാജ്യാന്തര തലത്തിലുള്ള നയങ്ങൾ രാജ്യത്തിന് ആപത്താണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസ്സിനെ കുറ്റം പറഞ്ഞ് അധികാരത്തിൽ കയറിയിട്ട് കോൺഗ്രസ് പിന്തുടർന്ന പാത തന്നെയാണ് ബിജെപി പിന്തുടരുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മറ്റൊരു നേതാവിനും ലഭിക്കാത്ത തരത്തിലുള്ള വരവേൽപ്പാണ് വി എസിന് ബഹ്‌റൈനിൽ മലയാളികൾ നൽകിയത്. ഡ്രീംസ് ടവറിന്റെ ഓരോ നിലയിൽ നിന്നും ആർപ്പുവിളികളോടെയാണ് ജനങ്ങൾ വി എസിനെ എതിരേറ്റത്. സിപിഐ(എം) അനുഭാവികൾ മുദ്രാവാക്യം വിളിച്ചും വി എസിന് അഭിവാദ്യമർപ്പിച്ചു.
കേരളത്തിലെ ഏതു മുക്കിലും മൂലയിലും വി എസ് അച്യുതാനന്ദൻ എത്തിയാൽ ലഭിക്കുന്ന ആൾക്കൂട്ടം ഇന്നു കേരളത്തിലുള്ള മറ്റൊരു നേതാവിനും ലഭിക്കില്ല എന്നതു യാഥാർഥ്യമാണ്. ഇന്ത്യക്കു പുറത്ത് മലയാളി താമസിക്കുന്ന ഏതിടത്തും വി എസ് എന്ന വ്യക്തിയോടുള്ള ആദരവിനും ആവേശത്തിനും കുറവൊന്നുമില്ലെന്നു തന്നെയാണ് ബഹ്‌റൈനിൽ ലഭിക്കുന്ന പ്രതികരണങ്ങളും വെളിവാക്കുന്നത്.
വി എസിനെ ഒരു നോക്കു കാണാൻ തടിച്ചുകൂടിയ പുരുഷാരം അക്ഷരാർഥത്തിൽ തന്നെ പ്രദേശവാസികളെ ഞെട്ടിക്കുകയും ചെയ്തു. ഡ്രീംസ് ടവറിൽ തന്നെ വാർത്താസമ്മേളനത്തിൽ പത്തുമിനിറ്റോളം സംസാരിച്ച അദ്ദേഹം അതിനുശേഷം ഇന്ത്യൻ സ്‌കൂളിലേക്കു പോകുകയും ചെയ്തു. വാർത്താസമ്മേളനത്തിൽ അദ്ദേഹം സംസാരിക്കുമ്പോഴും ഡ്രീംസ് ടവറിലെ എല്ലാ നിലകളിൽ നിന്നും തങ്ങളുടെ പ്രിയനേതാവിനെ ഒരു നോക്കുകാണാൻ ജനങ്ങൾ തിക്കും തിരക്കും കൂട്ടുകയായിരുന്നു. ഇന്ത്യൻ സ്‌കൂളിൽ കുട്ടികളുമായി സംവദിക്കാൻ അദ്ദേഹം പോകുമ്പോഴേക്കും വലിയൊരു ജനക്കൂട്ടം തന്നെയാണ് അദ്ദേഹത്തെ യാത്രയാക്കാൻ ഇവിടെ എത്തിച്ചേർന്നത്.
കഴിഞ്ഞ ദിവസം എത്തിയ വി എസിനെ സ്വീകരിക്കാൻ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വൻ ജനാവലി എത്തിയത് വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു. നിയന്ത്രിക്കാനാകാത്ത വിധത്തിലുള്ള തിരക്കാണു വി എസ് വന്നപ്പോൾ ഉണ്ടായത്. വെള്ളിയാഴ്ച രാവിലെ 11ഓടെ തിരുവനന്തപുരത്തുനിന്നുള്ള ഗൾഫ് എയർ വിമാനത്തിലാണ് വി എസ് എത്തിയത്. വി എസ് വരുന്നതറിഞ്ഞ് രാവിലെ മുതൽ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ വിമാനത്താവളത്തിൽ എത്തിയിരുന്നു. കഴിഞ്ഞ ദിവസത്തെക്കാൾ ആവേശത്തോടെയാണ് ഇന്നും വി എസിന് ജനാവലി നൽകിയ എതിരേൽപ്പ്.
ഇന്നു വൈകിട്ട് ബഹ്‌റൈൻ കേരളീയ സമാജത്തിൽ കേരളീയ സമാജവും ബഹ്‌റൈൻ പ്രതിഭയും ചേർന്ന് വി എസിന് സ്വീകരണം നൽകും. ഞായറാഴ്ച പുലർച്ചെ അദ്ദേഹം തിരുവനന്തപുരത്തേക്കു മടങ്ങും.