തിരുവനന്തപുരം: അരുവിക്കരയിൽ ഇടതുപക്ഷ സ്ഥാനാർത്ഥി എം വിജയകുമാറിന് ആത്മവിശ്വാസം നൽകി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തി. ഇന്ന് വൈകുന്നേരം അരുവിക്കരയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രസംഗിച്ചുകൊണ്ടാണ് വി എസ് തെരഞ്ഞെടുപ്പ് ഗോദയിൽ സജീവമായത്. വൈകുന്നേരം ആറ് മണിയോടെ തെരഞ്ഞെടുപ്പ് വേദിയിലേക്ക് എത്തിയ വിഎസിനെ പ്രവർത്തകർ ആർപ്പുവിളികളോടെ സ്വീകരിച്ചു. നീട്ടിയും കുറുക്കിയുമുള്ള തന്റെ പ്രസംഗത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും യുഡിഎഫ് സർക്കാറിനെയും അദ്ദേഹം കടന്നാക്രമിച്ചു. വിഴിഞ്ഞം തുറമുഖത്തെ ചൊല്ലിയുള്ള വിവാദം മുതൽ സരിത, സലിംരാജ് വിഷയങ്ങളും വി എസ് തെരഞ്ഞെടുപ്പ് പ്രസംഗത്തിൽ ഉൾപ്പെടുത്തി.

വിഴിഞ്ഞം തുറമുഖ നിർമ്മാണം അഡാനിയെ ഏൽപ്പിച്ച് നാടിനെ പണയപ്പെടുത്താൻ ഉമ്മൻ ചാണ്ടി ശ്രമിക്കുകയാണെന്നായിരുന്നു വിഎസിന്റെ പ്രധാന വിമർശനം. പൊതുമേഖലയിൽ നിർമ്മിക്കാവുന്ന തുറമുഖം സ്വകാര്യ മേഖലയ്ക്ക് കൊടുത്തുകൊള്ളലാഭമുണ്ടാക്കാനാണ് ഉമ്മൻ ചാണ്ടി ശ്രമിക്കുന്നത്. അതിനായി കെ.വി തോമസിന്റെ വീട്ടിൽ രഹസ്യചർച്ചനടത്തി. അഴിമതി നടത്താനാണ് സർക്കാർ അഡാനിയുമായി നീക്കുപോക്ക് നടത്തുന്നത്. അഡാനിയുമായി നടത്തിയ ചർച്ചയുടെ മിനിട്‌സ് വെളിപ്പെടുത്താൻ ഉമ്മൻ ചാണ്ടി തയാറായിട്ടില്ല. വിഴിഞ്ഞം പദ്ധതിയെ അല്ല അതിലെ അഴിമതിയെയാണ് ഇടതുപക്ഷം എതിർക്കുന്നതെന്നും അച്യുതാനന്ദൻ പറഞ്ഞു.

സോളാർ മുതൽ ബാർ കോഴയും ഒടുവിൽ വിഴിഞ്ഞം പദ്ധതിയിൽ വരെ സർവത്ര അഴിമതിയാണ് നടക്കുന്നത്. അഴിമതിയുടെ ദുർഗന്ധം കാരണം ആന്റണിക്ക് കേരളത്തിൽ മൂക്കുപൊത്തിയാണ് നടക്കാനായത്. കേരളത്തിൽ സർവത്ര അഴിമതിയാണെന്ന് ആന്റണി പറഞ്ഞപ്പോൾ ചെന്നിത്തലയും സുധീരനും ശരിവച്ചു. ചെന്നിത്തലയുടെ ലക്ഷ്യം ഉമ്മൻ ചാണ്ടിയുടെ കസേരയാണ്. ഉമ്മൻ ചാണ്ടി സർക്കാർ അഴിമതിയുടെ എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണ്.

കമ്യൂണിസ്റ്റ് പാർട്ടി ഉറങ്ങുകയായിരുന്നുവെന്ന എ.കെ ആന്റണിയുടെ പരാമർശത്തെ കടന്നാക്രമിച്ച വി എസ് കൽക്കരി അഴിമതി നടക്കുന്ന കാലത്ത് ആന്റണിയാണ് ഉറങ്ങിയതെന്ന് കുറ്റപ്പെടുത്തി. ഉറക്കം തൂങ്ങികളും തൻകാര്യം നോക്കികളും കോൺഗ്രസുകാരാണെന്നും അദ്ദേഹം ആരോപിച്ചു. ഉമ്മൻ ചാണ്ടിക്ക് പണം തട്ടാനുള്ള ആർത്തിയാണ്. അത് തന്നെയാണ് മന്ത്രിമാരും ചെയ്യുന്നത്. ദുർഭരണത്തെ അടിച്ചുപുറത്താക്കാനുള്ള അന്തരീക്ഷമാണ് അരുവിക്കരയിൽ ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് വേദിയിൽ വി എസ് എത്തിയതോടെ ഇടതുക്യാമ്പിന് അത് പുതുഊർജ്ജം ആയിട്ടുണ്ട്. വരും ദിവസങ്ങളിൽ എട്ട് മണ്ഡലങ്ങളിലുമായി വി എസ് വിജയകുമാറിന് വേണ്ടി വോട്ടഭ്യർത്ഥിച്ച് രംഗത്തുണ്ടാകും. വിഎസിന്റെ വർണ്ണചിത്രം അടങ്ങിയ പോസ്റ്ററുകൾ പതിച്ചുകൊണ്ടാണ് മണ്ഡലത്തിൽ പ്രചരണം മുറുകുന്നത്. പിണറായി വിജയനും വരും ദിവസങ്ങളിൽ വിജയകുമാറിന് വേണ്ടി വോട്ടഭ്യർത്ഥനയുമയി രംഗത്തിറങ്ങും.