മനാമ: 'പശു അമ്മയെങ്കിൽ കാള ആര്?' സ്വതസിദ്ധശൈലിയിൽ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ ഈ ചോദ്യമുയർന്നപ്പോൾ നിലയ്ക്കാത്ത കരഘോഷവും ആർപ്പുവിളിയുമായിരുന്നു മറുപടി. ബഹ്‌റൈനിലെത്തിയ വി എസ്് കേരളീയ സമാജത്തിൽ സ്വീകരണച്ചടങ്ങിൽ സംസാരിക്കവെയാണ് തന്റെ ശൈലിയിലൂന്നിയുള്ള രാഷ്ട്രീയ പ്രസംഗം നടത്തിയത്.

രണ്ടു ദിവസം മുമ്പ് ബഹ്‌റൈനിൽ എത്തിയ വി എസ് കേരളത്തിലെന്നപോലെ ചെല്ലുന്നിടത്തൊക്കെ വൻ ജനസഞ്ചയത്തെ സാക്ഷിയാക്കിയാണ് ഓരോ ചുവടും മുന്നോട്ടു നീങ്ങുന്നത്. സ്‌നേഹമസൃണ സ്വീകരണവുമായി പ്രവാസികൾ വി എസിനെ പൊതിഞ്ഞപ്പോഴുണ്ടായ അനിയന്ത്രിതമായ തിരക്കിനാൽ പലപ്പോഴും സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിയും വന്നു.

കഴിഞ്ഞ ദിവസം കേരള സമാജത്തിൽ പ്രതിഭ എന്ന സംഘടന വി എസിനു സ്വീകരണം നൽകി. ആവേശ്വോജ്വല സ്വീകരണമാണ് ഇവിടെയും വി എസിനു ലഭിച്ചത്. 'ധീരാ വീരാ വി എസ്സേ, ധീരതയോടെ നയിച്ചോളൂ, ലക്ഷം ലക്ഷം പിന്നാലെ' തുടങ്ങിയ മുദ്രാവാക്യം വിളികളും ആർപ്പുവിളികളുമൊക്കെയായി പ്രവാസികൾ വി എസിനെ എതിരേറ്റു. ചെണ്ടമേളത്തിന്റെ പശ്ചാത്തലവും സദസിൽ ആവേശത്തിരയിളക്കം സൃഷ്ടിച്ചു. സമാജം ഹാൾ നിറഞ്ഞുകവിഞ്ഞതിനെ തുടർന്ന് പുറത്തു സജ്ജമാക്കിയ സ്‌ക്രീനിലും ആയിരങ്ങൾ പരിപാടി വീക്ഷിച്ചു.

ഇന്ത്യ ഭരിക്കുന്ന ഫാസിസ്റ്റ് പാർട്ടിക്കെതിരായ പോരാട്ടത്തിന് എല്ലാവരും കൈകോർക്കണമെന്ന് ചടങ്ങിൽ സംസാരിച്ച വി എസ് ആവശ്യപ്പെട്ടു. പ്രതിഷേധ സ്വരം ഉയർത്തുന്നവരെ ഉടനടി കൊലപ്പെടുത്തുകയെന്ന നയവുമായാണ് മോദി സർക്കാർ മുന്നോട്ടുപോകുന്നതെന്ന് രാജ്യത്ത് അടുത്തിടെയുണ്ടായ സംഭവവികാസങ്ങൾ തെളിയിക്കുന്നു.

പശുവിനെ കൊന്ന് ഇറച്ചി കഴിക്കുന്നത് മഹാപാപമായാണ് പറയുന്നത്. എന്നാൽ രാമായണത്തിലും ഭാഗവതത്തിലുമെല്ലാം ഇറച്ചി കഴിക്കുന്നവരെക്കുറിച്ചുള്ള പരാമർശങ്ങളുണ്ടെന്നും വി എസ് പറഞ്ഞു. ഇതിനെത്തുടർന്നാണ് പശു അമ്മയാണെങ്കിൽ കാള ആരാണെന്ന് തന്റെ സ്വതസിദ്ധമായ ശൈലിയിൽ വി എസ് ചോദിച്ചത്. യുക്തിരഹിതമായ ഇത്തരം കാര്യങ്ങൾ ചോദ്യം ചെയ്തതിനാണ് സാഹിത്യകാരന്മാരെ കശാപ്പ് ചെയ്തത്. കള്ളപ്പണം പിടിച്ചെടുക്കുമെന്ന് വീമ്പ് പറഞ്ഞ് അധികാരത്തിൽ കയറിയ കോൺഗ്രസ്, ബിജെപി സർക്കാറുകൾക്ക് അധികം വൈകാതെ പിന്മാറേണ്ടി വന്നു. വമ്പന്മാരെ തൊടരുതെന്ന് നിർദ്ദേശം വന്നതാണ് കാരണം. വാഗ്ദാന ലംഘനം നടത്തി കള്ളപ്പണം പിടിച്ചെടുക്കാതിരിക്കുന്നത് നെറികേടാണ്. ഇടതുപക്ഷ സർക്കാറിന് മാത്രമേ ഇത്തരം കാര്യങ്ങൾ ചെയ്യാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളീയ സമാജം പ്രസിഡന്റ് വർഗീസ് കാരക്കൽ അധ്യക്ഷനായി. മുൻ മന്ത്രി ബിനോയ് വിശ്വം, സമാജം വൈസ്പ്രസിഡന്റ് അബ്ദുറഹ്മാൻ, സെക്രട്ടറി വി.കെ. പവിത്രൻ, പ്രതിഭ പ്രസിഡന്റ് മഹേഷ്, സെക്രട്ടറി ശരീഫ്, സി.വി.നാരായണൻ, എസ്.എൻ.സി.എസ് ചെയർമാൻ ഷാജി കാർത്തികേയൻ എന്നിവർ സംസാരിച്ചു. സ്വാഗതഗാനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. 'കനൽ വഴിയിലെ രക്ത പുഷ്പങ്ങൾ' എന്ന സംഘനൃത്തവും നടന്നു.

വെള്ളിയാഴ്ച രാവിലെ 11ഓടെ തിരുവനന്തപുരത്തുനിന്നുള്ള ഗൾഫ് എയർ വിമാനത്തിലാണ് വി എസ് ബഹ്‌റൈനിൽ എത്തിയത്. ഞായറാഴ്ച പുലർച്ചെ അദ്ദേഹം തിരുവനന്തപുരത്തേക്കു മടങ്ങും.