കോഴിക്കോട്: കഴിഞ്ഞ ഏതാനും വർഷങ്ങളായുള്ള തുടർച്ചയായ തോൽവികൾക്കിടയിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ നേടിയ തകർപ്പൻ വിജയം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ വീണ്ടും ശക്തനാക്കുന്നു.

സിപിഎമ്മിൽ ഇപ്പോൾ സമ്പൂർണ വി എസ് തരംഗമാണ്. ആരോഗ്യം അനുവദിച്ചാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും പാർട്ടിയെയും മുന്നണിയെയും വി എസ് നയിക്കണം എന്നതാണ് എൽ.ഡി.എഫിൽ ഇപ്പോൾ ഉയരുന്ന പൊതുവികാരം.

ഒരുനേതാവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തിരഞ്ഞെടുപ്പിന് മുമ്പേ ഉയർത്തിക്കാട്ടുന്ന സംഘടനാരീതി സിപിഎമ്മിൽ ഇല്ലെങ്കിലും, കേരളത്തിലെ സവിശേഷ സാഹചര്യങ്ങൾ വച്ച് നിയമസഭാതെരഞ്ഞെടുപ്പ് വി എസ് തന്നെ നയിക്കണമെന്നാണ് സി.പിഎം നേതൃത്വത്തിലും ഇപ്പോഴുള്ള ഭൂരിപക്ഷ അഭിപ്രായം. എൽ.ഡി എഫിലെ രണ്ടാം കക്ഷിയായ സിപിഐ ഈ ആഗ്രഹം തെരഞ്ഞെടുപ്പിന് മുമ്പേതന്നെ പ്രകടിപ്പിച്ചിരുന്നു.

വി.എസിനോട് പണ്ടേ അനുഭാവമുള്ള വ്യക്തിയാണ് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പാർട്ടിയിലുണ്ടായ സമ്പൂർണ ഐക്യത്തിന്റെ ഗുണമാണ് തെരഞ്ഞെടുപ്പിൽ കണ്ടതെന്നായിരുന്നു യെച്ചുരിയുടെ ആദ്യ പ്രതികരണവും. വി.എസിനെതിരെ കേന്ദ്രനേതൃത്വം നൽകിയ മുഴുവൻ പരാതികളിലും നടപടി നേരത്തെതന്നെ മരവിപ്പിച്ചിരുന്നു.

ഡിസംബറിൽ കൊൽക്കൊത്തയിൽ നടക്കുന്ന പാർട്ടി പ്‌ളീനത്തിനുശേഷം വി.എസിനെ ക്രേന്ദകമ്മറ്റിയിലേക്ക് തിരച്ചുകൊണ്ടുവരാനും നീക്കം നടക്കുന്നുണ്ട്. നിലവിൽ കേന്ദ്രകമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവ് അദ്ദേഹം. വെള്ളാപ്പള്ളി പ്രശ്‌നത്തിലും ബാർകോഴയിലുമൊക്കെ വി എസ് തുടങ്ങിയ ശക്തമായ ആക്രമണം പാർട്ടിക്ക് നന്നായി ഗുണം ചെയ്‌തെന്ന് സിപിഐ(എം) നേതാക്കൾ വിലയിരുത്തി. പൂഴിയിട്ടാൻ കാണാത്ത ജനാവലിയായിരുന്നു അദ്ദേഹത്തിന്റെ ഓരോ പൊതുയോഗത്തിലും തിങ്ങിനിറഞ്ഞത്.

വി എസ് ഒരുങ്ങിയറങ്ങിയില്ലായിരുന്നെങ്കിൽ ഈ തെരഞ്ഞെടുപ്പിൽ ഇത്ര വലിയ വിജയം ഇടതുപക്ഷത്തിന് കിട്ടില്ലായിരുന്നെന്ന് കണ്ണൂർ നേതാക്കൾവരെ ഇപ്പോൾ വിലയിരുത്തുന്നുണ്ട്.

സിപിഎമ്മിലെ ഗ്രൂപ്പ് സമവാക്യങ്ങളിൽ അതിശയകരമായ മാറ്റം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണ രംഗത്തുതന്നെ പ്രകടമായിരുന്നു. വിഭാഗീയത അതിശക്തമായ കാലത്ത് കെട്ടകാരണവർ എന്ന് വരെ വി സിനെ വിളിച്ചിരുന്ന കണ്ണുർ നേതാക്കൾക്കുപോലും ഇന്ന് വി എസ് ഹീറോയാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്ത് വി.എസിനെ കണ്ണൂരിലേക്ക് പ്രചാരണത്തിനുപോലും ഇവർ അടുപ്പിച്ചിട്ടില്ലായിരുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.കെ ബാലൻ കഴിഞ്ഞ ദിവസം ഒരു ചാനൽ ചർച്ചക്കിടെ വി എസ് തന്നെ നയിക്കണം എന്ന രീതിയിൽ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. നേതാക്കൾ ഇനിയും ഭിന്നിച്ചു നിന്നാൽ ബംഗാൾമോഡൽ സർവനാശമാണെന്ന തിരിച്ചറിവ് ഇപ്പോൾ എല്ലാവർക്കുമുണ്ട്.

അതേസമയം പാർലിമെന്റി രംഗത്തേക്ക് വീണ്ടുമെത്തുന്ന പിണറായി വിജയൻ എന്തു പദവി വഹിക്കണം എന്നകാര്യത്തിൽ പാർട്ടിയിൽ സമവായമുണ്ടായിട്ടില്ല. വി എസ് അടുത്ത തെരഞ്ഞെടുപ്പിലും മുന്നണിയെ നയിക്കണമെന്ന സിപിഐ നേതാവ് സി ദിവാകരന്റെ അഭിപ്രായത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനടയിൽ തന്നെ പിണറായി കളിയാക്കിയിരുന്നു. പക്ഷേ പാർട്ടി പൊതുവെ വി.എസിനോട് ഐക്യപ്പെട്ടതിനാൽ മറിച്ചൊരു നിലപാടെടുക്കാൻ പാർട്ടിക്ക് പ്രായാസമാണ്.

കേന്ദ്ര നേതൃത്വത്തിന്റെ താൽപ്പര്യം, വി.എസും പിണറായിയും അടുത്ത തെരഞ്ഞെടുപ്പിൽ മൽസരിക്കണം എന്നതാണ്. മുന്നണിക്ക് ഭൂരിപക്ഷം കിട്ടിയാൽ, കഴിഞ്ഞ വി എസ് മന്ത്രിസഭാകാലത്ത് കോടിയേരി ആഭ്യന്തരമന്ത്രിയായതുപോലെ, ഇത്തവണ ആ പദവി പിണറായിക്ക് ആയിരിക്കും. പക്ഷേ ഇക്കാര്യങ്ങളിൽ സിപിഐ(എം) ഔദ്യോഗികമായി ഒരു തീരുമാനവും എടുത്തിട്ടില്ല. ആരാണ് നയിക്കുകയെന്നത് വിഷയത്തിൽ നിയമസഭാതെരഞ്ഞെടുപ്പിന്റെ സമയത്ത് തീരുമാനിക്കാമെന്നാണ് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിക്കുന്നത്. വി എസ് ആദ്യം മുഖ്യമന്ത്രിയാകുകയും പിന്നീടു പിണറായിക്കു വേണ്ടി മാറിക്കൊടുക്കുകയും ചെയ്യുമെന്ന നിലയിലേക്കു കാര്യങ്ങൾ പോകുമെന്നും രാഷ്ട്രീയ നിരീക്ഷകർ കരുതുന്നുണ്ട്.