- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീ സുരക്ഷയും പരാതിയും സംസ്ഥാന സർക്കാർ ഗൗരവമായി എടുക്കുന്നില്ല; പരാതിയുമായെത്തുന്ന പെൺകുട്ടികൾ സ്റ്റേഷനിൽ അപമാനിക്കപ്പെടുന്നു; എന്ത് നീതിയാണ് പൊലീസ് സ്റ്റേഷനിൽ നിന്നും സ്ത്രീകൾക്ക് ലഭിക്കുന്നത്? ആലുവ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ആലുവ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഭർതൃവീട്ടുകാർ പീഡിപ്പിച്ചെന്നും ആലുവ സിഐ മോശമായി പെരുമാറിയെന്നും കുറിപ്പെഴുതി നിയമ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്ത്രീ സുരക്ഷയും പരാതിയും സംസ്ഥാന സർക്കാർ ഗൗരവമായി എടുക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വാദിയായ യുവതിയോട് മോശമായാണ് പൊലീസ് പെരുമാറിയത്. യുവതിയെയും പിതാവിനെയും ആലുവ സ്റ്റേഷനിൽവെച്ച് അപമാനിച്ചു. പരാതിയുമായി എത്തുന്ന പെൺകുട്ടികളെ പൊലീസുകാർ അപമാനിക്കുന്നത് കേരളത്തിൽ പതിവായിരിക്കുകയാണ്. എന്ത് നീതിയാണ് പൊലീസ് സ്റ്റേഷനിൽ നിന്നും സ്ത്രീകൾക്ക് ലഭിക്കുന്നതെന്നും വി.ഡി. സതീശൻ ചോദിച്ചു.
ഭർതൃവീട്ടുകാർ പീഡിപ്പിച്ചെന്നും ആലുവ സിഐ മോശമായി പെരുമാറിയെന്നും ആരോപിച്ച് ആലുവ എടയപ്പുറം ടൗൺഷിപ് റോഡിൽ കക്കാട്ടിൽ 'പ്യാരിവില്ല'യിൽ ദിൽഷാദിന്റെ മകളും നിയമ വിദ്യാർത്ഥിനിയുമായ മൂഫിയ പർവീനാണ് (21) തൂങ്ങിമരിച്ചത്. തിങ്കളാഴ്ച ഉച്ചക്കുശേഷം മുറിയിൽ കയറിയ യുവതി മൂന്നരയായിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് വീട്ടുകാർ ജനൽ ചില്ല് പൊട്ടിച്ച് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഭർതൃപീഡന പരാതിയിൽ പൊലീസ് സ്റ്റേഷനിൽ അനുരഞ്ജന ചർച്ച നടന്നിരുന്നു. ഇതിനുശേഷം വീട്ടിലെത്തി സിഐക്കെതിരെ കത്ത് എഴുതിവച്ചാണ് തൂങ്ങിമരിച്ചത്.
കോതമംഗലം സ്വദേശി സുഹൈലുമായി ഏപ്രിൽ മൂന്നിനായിരുന്നു നിക്കാഹ്. നിക്കാഹിന്റെ ഭാഗമായുള്ള വിരുന്ന് കോവിഡ് ഇളവിനെ തുടർന്ന് ഡിസംബറിൽ നടത്താനിരിക്കുകയായിരുന്നു. ഇതിനിടെ സ്ത്രീധന തർക്കത്തെ തുടർന്ന് ഭർത്താവും ഭർതൃമാതാവും പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവതി മൂന്ന് മാസമായി സ്വന്തം വീട്ടിലായിരുന്നു. ഭർതൃപീഡനം ആരോപിച്ച് ആലുവ പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി.
സിഐ സി.എൽ. സുധീറിന്റെ സാന്നിധ്യത്തിൽ ഇരുവരെയും തിങ്കളാഴ്ച രാവിലെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇവിടെവെച്ച് സിഐ മോശമായി പെരുമാറിയതായി ആത്മഹത്യക്കുറിപ്പിലുണ്ട്. ഒക്ടോബർ 28ന് കോതമംഗലത്തെ മഹല്ലിൽ മുത്തലാഖ് ചൊല്ലുന്നതിന് സുഹൈൽ കത്ത് നൽകിയിരുന്നു. ഇതിന് യുവതിയും വീട്ടുകാരും വിസമ്മതിച്ചതും പീഡന കാരണമായെന്നും പറയുന്നു.
തൊടുപുഴ അൽ അസ്ഹർ ലോ കോളജിൽ മൂന്നാം വർഷ നിയമ വിദ്യാർത്ഥിനിയാണ് മൂഫിയ. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും വീട്ടുകാരുമായി ആലോചിച്ചാണ് വിവാഹിതരായത്. ബിരുദാനന്തര ബിരുദധാരിയാണ് സുഹൈൽ. നിക്കാഹ് സമയത്ത് സുഹൈലോ വീട്ടുകാരോ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നില്ല. എന്നാൽ, പിന്നീട് പണം ആവശ്യപ്പെട്ട് പീഡിപ്പിച്ചിരുന്നതായി യുവതിയുടെ ബന്ധുക്കൾ പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ