തൃശൂർ: ജില്ലയിലെ ചേർപ്പിൽ നിന്നും കയ്പമംഗലത്തുനിന്നുമെല്ലാം നിയമസഭയിലെത്തി എംഎൽഎ ഹോസ്റ്റലിൽ വി എസ് സുനിൽകുമാർ സ്വന്തമാക്കിയ മുറി അദ്ദേഹത്തിന് കിടന്നുറങ്ങാൻ ഒരിക്കലും കിട്ടിക്കാണില്ല. കാൻസറിനും മറ്റും ചികിത്സതേടി തിരുവനന്തപുരം ആർസിസിയിലേക്കും മെഡിക്കൽ കോളേജിലേക്കും വണ്ടികയറുന്ന നാട്ടുകാരിൽ മിക്കവർക്കും തലസ്ഥാനത്തെ അഭയകേന്ദ്രമായിരുന്നു ആ മുറി. എന്നും രോഗികളെക്കൊണ്ടും അവരെ കാണാനും കൂട്ടിരിക്കാനും എത്തുന്നവരെക്കൊണ്ടും നിറഞ്ഞുകിടന്ന മുറി ഒഴിഞ്ഞ്, മന്ത്രിയാകുന്നതോടെ മന്ത്രിമന്ദിരത്തിലേക്ക് തൃശൂരിന്റെ സ്വന്തം എംഎൽഎ താമസം മാറ്റുമ്പോൾ ചാനൽ ചർച്ചയ്ക്കിടെ ഒരു ചോദ്യമുയർന്നു. ഇനി അങ്ങനെയെത്തുന്ന രോഗികളും മറ്റും എവിടെക്കിടക്കും. ഉടൻ വന്നു ചെറുചിരിയോടെ സുനിലിന്റെ മറുപടി. ' അവർക്കിനി മന്ത്രിയുടെ വീട്ടിൽ കുറച്ചുകൂടി സൗകര്യത്തോടെ താമസിക്കാമല്ലോ' !

എന്നും ഇതായിരുന്നു സിപിഐ നേതാവും ഇപ്പോൾ മന്ത്രിയുമാകുന്ന വി എസ് സുനിൽകുമാർ. തൃശൂരുകാരുടെയും സുഹൃത്തുക്കളുടെയും വി എസ്. സിപിഐ മന്ത്രിമാരിൽ വികസനത്തിനും നവകേരളസൃഷ്ടിക്കും കാർഷിക മേഖലയ്ക്കുമെല്ലാം തനതായ സ്വപ്‌നങ്ങളും പ്രകൃതിക്കനുയോജ്യമായ രീതികളും മനസ്സിൽ സൂക്ഷിക്കുന്ന സുനിൽ മന്ത്രിയാകുമ്പോഴും കേരളം പ്രതീക്ഷിക്കുന്ന നിരവധി നന്മകളുണ്ട്. വികസന മാതൃകകളും. സംസ്ഥാനത്തിന്റെ പല പ്രശ്‌നങ്ങളിലും വിഷയങ്ങളിലും ഇടപെടുമ്പോഴും ഉറച്ച നിലപാടുകളുമായി എന്നും ജനപക്ഷത്തുനിന്ന നേതാവാണ് വി എസ് സുനിൽകുമാർ. എ.ആർ.മേനോന് ശേഷം തൃശൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് അര നൂറ്റാണ്ടിനുശേഷം ഒരു മന്ത്രിയായി സുനിൽകുമാർ എത്തുമ്പോൾ ജില്ലയും വൻ പ്രതീക്ഷയിലാണ്.

ജനകീയ വിജയത്തിനും മന്ത്രിപദ ലബ്ധിക്കുമിടയിൽ സുനിൽകുമാർ അഭിനയരംഗത്തും കൈവച്ചിരുന്നു. ആദ്യമായി അഭിനയിച്ച 'നീ മറന്ന നിലാവ്' എ്ന്ന സിനിമയുടെ ആദ്യ പ്രദർശനം ഇന്നലെ തൃശൂർ ശ്രീരാമ തിയേറ്ററിൽ ഹൗസ്ഫുള്ളായി അരങ്ങേറി. ചിത്രത്തിൽ എംഎൽഎയുടെ വേഷത്തിൽത്തന്നെയാണ് സുനിൽകുമാർ എത്തുന്നത്. മൊബൈൽ ഫോൺ ദുരുപയോഗം ചെയ്യുന്നത് വിഷയമാക്കിയുള്ള സിനിമ സംവിധാനം ചെയ്തത് ദീപക് പെരിങ്ങോട്ടുകരയാണ്.

അന്തിക്കാട്ടെ ചെത്തുതൊഴിലാളി കുടുംബത്തിൽ 1967 മെയ് 30ന് അന്തിക്കാട് വെളിച്ചപ്പാട്ട് സുബ്രഹ്മണ്യന്റെയും സി.കെ. പാർവതിയുടെയും മകനായാണ് സുനിൽകുമാറിന്റെ ജനനം. ബാലവേദിയിലൂടെ പിന്നീട് എ.ഐ.എസ്.എഫിന്റെയും എ.ഐ.വൈ.എഫിന്റെയും സംസ്ഥാന സെക്രട്ടറിവരെയായി സുനിൽ. 1998ൽ എ.ഐ.എസ്.എഫ്. ദേശീയ സെക്രട്ടറി. സംസ്ഥാനത്താദ്യമായി ഇലക്ട്രിക് ലാത്തി ഉപയോഗിച്ച് പൊലീസ് നടത്തിയ ക്രൂരമായ ആക്രമണത്തിൽ തല തകർന്ന് മാസങ്ങളോളം ചികിത്സയിലായിരുന്നു സുനിൽകുമാർ. അതിനുശേഖവും സമരങ്ങളെ മുന്നിൽ നിന്നു നയിച്ച സുനിൽ അതിനാൽത്തന്നെ പാർട്ടിയിൽ എന്നും മുന്നിലാണ്. നിലവിൽ സിപിഐ. സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. 2006ൽ ചേർപ്പിൽ നിന്നും 2011ൽ കയ്പമംഗലത്തു നിന്നുമാണ് നിയമസഭയിലെത്തിയത്. പതിമൂന്നാം നിയമസഭയിൽ ഏറ്റവും അധികം അടിയന്തര പ്രമേയങ്ങൾ അവതരിപ്പിച്ചത് സുനിൽ കുമാറായിരുന്നു. തൃശൂർ കേരളവർമ കോളജ്, തിരുവനന്തപുരം ലോ അക്കാഡമി എന്നിവിടങ്ങളിലായിരുന്നു ഉപരിപഠനം. അഡ്വ. രേഖ സുനിൽകുമാറാണ് ഭാര്യ. ഒമ്പതാംക്ലാസ് വിദ്യാർത്ഥിയായ നിരഞ്ജൻ കൃഷ്ണയാണ് മകൻ.

സി. അച്യുതമേനോൻ, വി.വി. രാഘവൻ, വി.കെ. രാജൻ, കൃഷ്ണൻ കണിയാംപറമ്പിൽ, കെ.പി. പ്രഭാകരൻ, കെ.പി. രാജേന്ദ്രൻ, പി.കെ. ചാത്തന്മാസ്റ്റർ തുടങ്ങിയവർക്കു പിന്നാലെയാണ് സുനിൽകുമാർ മന്ത്രിപദത്തിലെത്തുന്നത്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിനു ശേഷമുള്ള മന്ത്രിസഭകളിൽ മുതിർന്ന നേതാവ് അച്ചുതമേനോൻ ഒഴികെയുള്ളവർക്ക് പ്രധാനമായും ലഭിച്ചത് കൃഷിയും ആരോഗ്യവും റവന്യൂ വകുപ്പുമായിരുന്നു. ഇതിൽ ജില്ലയെ പ്രതിനിധീകരിച്ച ഭൂരിപക്ഷം പേർക്കും ലഭിച്ചത് കൃഷിവകുപ്പും.

ചേർപ്പ്, കൈപ്പമംഗലം മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് പത്തുവർഷം പിന്നിടുന്ന സുനിൽകുമാറിനെ പത്തുവർഷമായി തേറമ്പിൽ കുത്തകയാക്കി വച്ചിരുന്ന തൃശൂർ മണ്ഡലം പിടിക്കാൻ പാർട്ടി ചുമതലയേൽപിക്കുകയായിരുന്നു. സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങളുടെ പ്രശ്‌നങ്ങൾക്കും ആരോഗ്യ, മാലിന്യനിർമ്മാർജന, കാർഷിക മേഖലകളിലെ പ്രശ്‌നങ്ങൾക്കും പരിഹാരമുണ്ടാക്കാനായിരിക്കും മുൻഗണനയെന്ന് സുനിൽ നയം വ്യക്തമാക്കുമ്പോൾ കേരളത്തിന്റെ പ്രതീക്ഷയും വർദ്ധിക്കുകയാണ്. അർബുദ-വൃക്ക രോഗികൾക്ക് ക്ഷേമനിധി അനുവദിക്കുന്നതിനുള്ള സ്വകാര്യ ബിൽ, യാത്രാവകാശ ബിൽ എന്നിവ അവതരിപ്പിച്ച് സഭയിലെ പ്രകടനത്തിലൂടെ ശ്രദ്ധനേടിയ സുനിൽകുമാർ ഇനി മന്ത്രിയെന്ന നിലയിൽ എന്തെല്ലാം ചെയ്യുമെന്ന് കാത്തിരിക്കുകയാണ് ജനം.