- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജില്ലാ സെക്രട്ടറിമാർക്കു പാർലമെന്ററി വ്യാമോഹം വേണ്ടെന്നു സംസ്ഥാന സമിതി; പി രാജീവും വി എൻ വാസവനും സജി ചെറിയാനും പുറത്ത്; മൂന്നു സെക്രട്ടറിമാർക്ക് ഇളവ്; വി എസിനെതിരെ വിമർശനം ഉയർത്തിയ നേതാവിനെ ശാസിച്ചു യെച്ചൂരി; ജി സുധാകരനും ആരിഫിനും വീണ്ടും മത്സരിക്കാം; വി എസ് മലമ്പുഴയിൽ തന്നെ
തിരുവനന്തപുരം: സിപിഐ(എം) സംസ്ഥാന സെക്രട്ടറിയറ്റിന്റെ തീരുമാനത്തിനു സംസ്ഥാന സമിതിയിലും അംഗീകാരം. പ്രതിപക്ഷനേതാവ് വി എസ് മലമ്പുഴയിൽ തന്നെ മത്സരിക്കും. ജില്ലാ സെക്രട്ടറിമാർക്കു പാർലമെന്ററി വ്യാമോഹം വേണ്ടെന്നു സംസ്ഥാന സമിതി വിലയിരുത്തി. നേരത്തെ മത്സരിക്കുമെന്നു വാർത്തകളുണ്ടായിരുന്ന പി രാജീവും വി എൻ വാസവനും സജി ചെറിയാനും മത്സരിക്കേണ്ടെന്നാണു സംസ്ഥാന സമിതി തീരുമാനം. എന്നാൽ, മൂന്നു സെക്രട്ടറിമാർക്ക് ഇളവ് നൽകിയിട്ടുണ്ട്. ജില്ലാ സെക്രട്ടറിമാരായ സികെ ശശീന്ദ്രൻ, എസി മൊയ്തീൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവരാണു മത്സരിക്കുന്നത്. അതിനിടെ, വി എസിനെതിരെ വിമർശനം ഉയർത്തിയ നേതാവിനെ യോഗത്തിൽ സീതാറാം യെച്ചൂരി ശാസിച്ചു. ജി സുധാകരനും എ എം ആരിഫിനും വീണ്ടും മത്സരിക്കാനും അനുമതി ലഭിച്ചു. ജി സുധാകരൻ അമ്പലപ്പുഴയിലും എ എം ആരിഫ് അരൂരിലും ജനവിധി തേടും. വിജയസാധ്യത പരിഗണിച്ചാണ് എ എം ആരിഫ്, ജി സുധാകരൻ, എസ് ശർമ്മ, സാജു പോൾ, പി ശ്രീരാമകൃഷ്ണൻ, എ പ്രദീപ്കുമാർ, എന്നിവരെ വീണ്ടും മത്സരിപ്പിക്കാൻ തീരുമാനിച്ചത്. പിബി അംഗം പിണറായി വി
തിരുവനന്തപുരം: സിപിഐ(എം) സംസ്ഥാന സെക്രട്ടറിയറ്റിന്റെ തീരുമാനത്തിനു സംസ്ഥാന സമിതിയിലും അംഗീകാരം. പ്രതിപക്ഷനേതാവ് വി എസ് മലമ്പുഴയിൽ തന്നെ മത്സരിക്കും. ജില്ലാ സെക്രട്ടറിമാർക്കു പാർലമെന്ററി വ്യാമോഹം വേണ്ടെന്നു സംസ്ഥാന സമിതി വിലയിരുത്തി.
നേരത്തെ മത്സരിക്കുമെന്നു വാർത്തകളുണ്ടായിരുന്ന പി രാജീവും വി എൻ വാസവനും സജി ചെറിയാനും മത്സരിക്കേണ്ടെന്നാണു സംസ്ഥാന സമിതി തീരുമാനം. എന്നാൽ, മൂന്നു സെക്രട്ടറിമാർക്ക് ഇളവ് നൽകിയിട്ടുണ്ട്. ജില്ലാ സെക്രട്ടറിമാരായ സികെ ശശീന്ദ്രൻ, എസി മൊയ്തീൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവരാണു മത്സരിക്കുന്നത്.
അതിനിടെ, വി എസിനെതിരെ വിമർശനം ഉയർത്തിയ നേതാവിനെ യോഗത്തിൽ സീതാറാം യെച്ചൂരി ശാസിച്ചു. ജി സുധാകരനും എ എം ആരിഫിനും വീണ്ടും മത്സരിക്കാനും അനുമതി ലഭിച്ചു. ജി സുധാകരൻ അമ്പലപ്പുഴയിലും എ എം ആരിഫ് അരൂരിലും ജനവിധി തേടും. വിജയസാധ്യത പരിഗണിച്ചാണ് എ എം ആരിഫ്, ജി സുധാകരൻ, എസ് ശർമ്മ, സാജു പോൾ, പി ശ്രീരാമകൃഷ്ണൻ, എ പ്രദീപ്കുമാർ, എന്നിവരെ വീണ്ടും മത്സരിപ്പിക്കാൻ തീരുമാനിച്ചത്.
പിബി അംഗം പിണറായി വിജയൻ ധർമടത്തും മത്സരിക്കുന്ന കാര്യത്തിലും തീരുമാനമായി. ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടണമെന്നു സീതാറാം യെച്ചൂരി അണികളോട് ആഹ്വാനം ചെയ്തു. അതിനിടെയാണു വിഎസിന്റെ സ്ഥാനാർത്ഥിത്വത്തെ സംസ്ഥാന കമ്മറ്റിയിലെ ചില നേതാക്കൾ എതിർത്തത്. ഇതിനു യെച്ചൂരി മറുപടി നൽകുകയും ചെയ്തു.
സ്ഥാനാർത്ഥി പട്ടികയിലുണ്ടായിരുന്ന ജില്ലാസെക്രട്ടറിമാരായ പി രാജീവ്,സജി ചെറിയാൻ, വി എൻ വാസവൻ എന്നിവർ മത്സരിക്കില്ല. നേരത്തെ പി രാജീവ് തൃപ്പൂണിത്തുറയിൽ മത്സരിക്കുമെന്ന വാർത്തകളുണ്ടായിരുന്നു.
നേരത്തെ വി എസ് അച്യുതാനന്ദന്റെ പേര് ഒഴിവാക്കിയായിരുന്നു പാലക്കാട് ജില്ലാ കമ്മറ്റിയുടെ സാധ്യതാ സ്ഥാനാർത്ഥി പട്ടിക വന്നത്. സെക്രട്ടറിയറ്റ് ഇതു തിരുത്തുകയും ചെയ്തിരുന്നു. നിലവിൽ വി എസ് എംഎൽഎ ആയിരിക്കുന്ന പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തിൽ പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും സിഐടിയു നേതാവുമായ എ പ്രഭാകരന്റെ പേരാണ് നിർദ്ദേശിച്ചിരുന്നത്. മണ്ഡലത്തിലെ വിഎസിന്റെ ചുമതലക്കാരനായിരുന്നു എ.പ്രഭാകരൻ.
കഴിഞ്ഞ ദിവസം തന്നെ സെക്രട്ടറിയറ്റ് തീരുമാനം വന്നപ്പോൾ വി എസിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ആശങ്കൾ അവസാനിച്ചിരുന്നു. പാർട്ടി പ്രവർത്തകർക്ക് ആശ്വാസം പകരുന്ന വാർത്തയായിരുന്നു അതും. മലമ്പുഴ വി എസും ധർമടം പിണറായിയും ഉറപ്പിച്ചതോടെ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഇനി പ്രതിസന്ധിയില്ലാതെ തന്നെ സിപിഎമ്മിനു മുന്നോട്ടു പോകാം.
വി എസ് അച്യുതാനന്ദന്റെ സ്ഥാനാർത്ഥിത്വം നിഷേധിച്ച പാലക്കാട് ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തെ പോളിറ്റ് ബ്യൂറോ നിർദ്ദേശപ്രകാരം സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് തള്ളിയതോടെയാണ് വിഎസിന്റെ സ്ഥാനാർത്ഥിത്വം ഉറപ്പായത്.
പിണറായി വിജയന് പുറമെ ഇ.പി. ജയരാജൻ (മട്ടന്നൂർ), തോമസ് ഐസക് (ആലപ്പുഴ), എ.കെ. ബാലൻ (തരൂർ), ടി.പി. രാമകൃഷ്ണൻ (പേരാമ്പ്ര), എം.എം. മണി (ഉടുമ്പൻചോല) എന്നീ സെക്രട്ടറിയറ്റ് അംഗങ്ങൾ മത്സരിക്കുന്ന കാര്യവും കഴിഞ്ഞ ദിവസം ധാരണയായിരുന്നു. കേന്ദ്ര കമ്മിറ്റി അംഗമായ കെ.കെ. ഷൈലജയും മത്സരിക്കും. അതേസമയം സംഘടനാ ഭാരവാഹിത്വം വഹിക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളെ മത്സരരംഗത്തുനിന്ന് ഒഴിവാക്കാനും തീരുമാനിച്ചു. ഇതനുസരിച്ച് സിഐടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം, പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ എന്നിവർ ഇത്തവണയുണ്ടാവില്ല.
ജില്ലാ സെക്രട്ടറിമാർ, രണ്ടുതവണ മത്സരിച്ചവർ എന്നിവരെ ഒഴിവാക്കണമെന്ന മാർഗനിർദ്ദേശത്തിൽ ഇളവുനൽകുകയും ചെയ്തു. വിജയസാധ്യതയാണ് സ്ഥാനാർത്ഥിത്വത്തിൽ മുഖ്യ ഘടകമായി പരിഗണിക്കുക. ഇതനുസരിച്ചാണു തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രൻ, തൃശൂർ ജില്ലാ സെക്രട്ടറി എ.സി. മൊയ്തീൻ, വയനാട് ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രൻ എന്നിവർക്ക് ഇളവ് നൽകിയത്.
ടി എൻ സീമ (വട്ടിയൂർക്കാവ്), വി ശിവൻകുട്ടി (നേമം), ഐ ബി സതീഷ് (കാട്ടാക്കട), ഡി കെ മുരളി (വാമനപുരം) തുടങ്ങിയവരുടെ സ്ഥാനാർത്ഥിത്വവും സംസ്ഥാനസമിതി അംഗീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ചില മണ്ഡലങ്ങളിലെ നിർദ്ദേശങ്ങൾ പുനഃപരിശോധിക്കണമെന്നും സംസ്ഥാന സമിതി നിർദ്ദേശിച്ചിട്ടുണ്ട്. ഇതനുസരിച്ച് നാളെ കൊല്ലത്തെയും തിരുവനന്തപുരത്തെയും ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങൾ ചേരാനും നിർദ്ദേശമുണ്ട്.