പെരുമ്പാവൂർ: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ജിഷയുടെ അമ്മയെ സന്ദർശിക്കാനെത്തിയപ്പോൾ അരങ്ങേറിയത് വികാരനിർഭര രംഗങ്ങൾ. ആശുപത്രിയിലായിരുന്നു വി എസ് ജിഷയുടെ അമ്മയെ സന്ദർശിച്ചത്. പ്രതിപക്ഷ നേതാവ് എത്തിയതോടെ ഹൃദയം നുറുങ്ങുന്ന വിലാപമായിരുന്നു ജിഷയുടെ അമ്മയിൽ നിന്നുയർന്നത്. ആശുപത്രിയിൽ ഉണ്ടായിരുന്നവരുടെയെല്ലാം കണ്ണുകൾ നിറയ്ക്കുന്നതായിരുന്നു അമ്മയുടെ അടങ്ങാത്ത നൊമ്പരം.

വി എസിന്റെ കൈകൾ പിടിച്ചു പൊട്ടിക്കരഞ്ഞ ആ അമ്മ മനസിലെ ദുഃഖം വി എസിന്റെ മുഖത്തും പ്രകടമായിരുന്നു. വി എസിനു മുന്നിൽ ദുഃഖത്തിന്റെ ഭാരം മുഴുവൻ ഇറക്കിവച്ച ആ അമ്മയുടെ കരച്ചിൽ നിർത്താൻ ഒപ്പമുണ്ടായിരുന്നവർ ശ്രമിച്ചെങ്കിലും ഫലിച്ചില്ല.

ജിഷയുടെ അമ്മയെ സന്ദർശിച്ചു മടങ്ങിയ വി എസ് പ്രത്യേക സംഘത്തെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഇപ്പോഴത്തെ അന്വേഷണം കാര്യക്ഷമമല്ലെന്നും വി എസ് ആരോപിച്ചു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ജിഷ എന്ന പെൺകുട്ടിയെ ക്രൂരമായി ബലാൽസംഗം ചെയ്തുകൊലപ്പെടുത്തിയ സംഭവത്തെപ്പറ്റിയുള്ള അന്വേഷണത്തിൽ സർക്കാരിന്റെയും പൊലീസിന്റെയും ഭാഗത്തുനിന്ന് കടുത്ത അനാസ്ഥയാണ് ഉണ്ടായത്. കൂലിവേല ചെയ്ത് തന്റെ മകളെ എംഎയും, എൽഎൽബിയും വരെ പഠിപ്പിച്ച അമ്മയുടെ ദുഃഖം സഹിക്കാൻ കഴിയുന്നതല്ലെന്നും വി എസ് പറഞ്ഞു. ഡൽഹിയിലെ പെൺകുട്ടിക്ക് സംഭവിച്ചതിനേക്കാൾ വലിയ ആക്രമണമാണ് ഈ പാവം കുട്ടിക്ക് നേരെയുണ്ടായത്. എന്നിട്ടും കേസന്വേഷണത്തിൽ ജാഗ്രത കാണിക്കാത്ത പൊലീസ് നയത്തിനെതിരെ കേരളത്തിലെ എല്ലാ സ്ത്രീകളും ഒറ്റക്കെട്ടായി ശബ്ദമുയർത്തണമെന്നും വി എസ് ആവശ്യപ്പെട്ടു.

സ്ത്രീകളുടെ മാനത്തിന് യാതൊരു വിലയും നൽകാത്ത നിലയാണ് കേരളത്തിൽ ഇപ്പോഴുണ്ടായത്. വർക്കലയിൽ മറ്റൊരു പെൺകുട്ടിയെ ബലാൽസംഗം ചെയ്ത് ഉപേക്ഷിച്ച സംഭവവും പുറത്തുവന്നു. എല്ലാവിധ ക്രിമിനലുകൾക്കും അഴിഞ്ഞാടാനുള്ള സൗകര്യമാണ് സർക്കാർ ഉണ്ടാക്കിയിരിക്കുന്നത്. ഏതു കുറ്റകൃത്യം ചെയ്താലും അവരെ സംരക്ഷിക്കാൻ പൊലീസ് ഉണ്ടാകുമെന്ന അവസ്ഥയാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. സ്ത്രീകളുടെ മാനത്തിനുവേണ്ടി പടപൊരുതേണ്ട അടിയന്തിര സാഹചര്യമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. കേസ് അന്വേഷിക്കുന്ന ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ പോലും ലൈംഗികാരോപണങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. ഇത്തരക്കാർ അന്വേഷിച്ചാൽ ഇതുപോലുള്ള ബലാൽസംഗ കേസുകളും, കൊലക്കേസുകളും ഒരുകാലത്തും പുറത്തുവരികയില്ല. ഏതെങ്കിലും ഒരാളെ കണ്ടുപിടിച്ച് കൊലയാളിയാണെന്ന് പ്രഖ്യാപിച്ച് ബലിയാടാക്കുന്ന നടപടിയാണ് പൊലീസ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ അതിശക്തമായ പ്രതികരണം ഉയർന്നുവരണമെന്നും വി എസ്. ആവശ്യപ്പെട്ടു.

സിപിഐ(എം) ജില്ലാ സെക്രട്ടറി പി രാജീവും വി എസിനൊപ്പമുണ്ടായിരുന്നു. വിഎസിന്റെ സന്ദർശനമുണ്ടാകുമെന്നറിഞ്ഞതോടെ പെരുമ്പാവൂരിൽ പൊലീസ് സുരക്ഷ കർശനമാക്കിയിരുന്നു. സ്ഥലത്ത് ഇപ്പോഴും വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയുന്നുണ്ട്. മുതിർന്ന പൊലീസുദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സ്ഥലത്ത് സുരക്ഷയൊരുക്കിയിരിക്കുന്നത്. നേരത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഇവിടെ എത്തിയിരുന്നു. മുഖ്യമന്ത്രി എത്തിയപ്പോൾ ഡിവൈഎഫ്ഐ -യൂത്ത്കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ചെറിയ തോതിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ കൂടുതൽ ശക്തമാക്കിയിരിക്കുന്നത്.