തിരുവനന്തപുരം: തെരഞ്ഞെടുപ്പു ഗോദയിൽ തന്റെ ശക്തമായ സാന്നിധ്യമുണ്ടാകുമെന്നു പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ. താൻ വരില്ലെന്നും പ്രചാരണത്തിനിറങ്ങില്ലെന്നും ഗണിച്ച് റിപ്പോർട്ടുകൾ തയ്യാറാക്കിയവർക്കെല്ലാം ശക്തമായ മറുപടി നൽകിയാണ് വി എസ് അച്യുതാനന്ദൻ പ്രസ്താവനയിറക്കിയത്.

യുഡിഎഫ് സർക്കാരിന് ചുട്ട പ്രഹരം നൽകാനുള്ള അവസരമായി അരുവിക്കരയിലെ ഉപതിരഞ്ഞെടുപ്പിനെ വോട്ടർമാർ കാണണമെന്നും അദ്ദേഹം പറഞ്ഞു. അവസാനവട്ട പ്രചാരണം കൊഴുക്കുമ്പോൾ സ്ഥാനാർത്ഥിക്കൊപ്പം എല്ലാ പഞ്ചായത്തുകളിലും കയറിയിറങ്ങി വോട്ടഭ്യർഥിക്കാൻ താനുമുണ്ടാകുമെന്ന വ്യക്തമായ സൂചന തന്നെയാണ് വി എസ് നൽകിയത്.

അരുവിക്കരയിൽ താൻ പോകുമോ എന്ന കാര്യത്തിൽ വാർത്ത നൽകിയവരും വാർത്ത ഗണിച്ചവരും മറുപടി നൽകട്ടെയെന്നും വി എസ് പരിഹസിച്ചു. അതിനിടെ, വി എസിന്റെ പേരിൽ വിവാദങ്ങളുടെ കാര്യമൊന്നുമില്ലെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു.

എൽഡിഎഫ് സ്ഥാനാർത്ഥി എം വിജയകുമാറിന്റെ വിജയത്തിനായി വി എസ് സജീവമായി രംഗത്തിറങ്ങുമെന്നു തന്നെയാണ് കോടിയേരിയുടെ വാക്കുകളും സൂചിപ്പിക്കുന്നത്. വി എസ് പങ്കെടുക്കുന്ന കാര്യത്തിൽ വിവാദങ്ങളൊന്നും പാടില്ലെന്ന് പ്രാദേശിക നേതാക്കൾക്ക് നിർദ്ദേശം നൽകിയതായാണു റിപ്പോർട്ട്.

വി എസ് തന്റെ ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയാണ് സ്ഥാനാർത്ഥിയായ എം വിജയകുമാറിനുമുള്ളത്. അഴിമതി സർക്കാരിനെതിരായ പോരാട്ടത്തിൽ വി എസ് എന്നും ഒപ്പമുണ്ടെന്ന പ്രതീക്ഷ തന്നെയാണ് വിജയകുമാറിന്. അരുവിക്കരയിൽ തിങ്കളാഴ്ച മുതൽ വി എസ് അച്യുതാനന്ദൻ പ്രചാരണത്തിനിറങ്ങുമെന്നും എൽഡിഎഫ് സ്ഥാനാർത്ഥി വെളിപ്പെടുത്തി. എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ നിന്ന് വി എസിനെ മാറ്റിനിർത്തിയതിന്റെ പേരിലുണ്ടായ വിവാദങ്ങൾ അവസാനിക്കുകയാണെന്നാണ് എം വിജയകുമാർ പറഞ്ഞത്. വി എസിന്റെ പേരിലുള്ള വിവാദങ്ങൾ തുണയാകുന്നത് എൽഡിഎഫിനുതന്നെയാണെന്നും വിജയകുമാർ പ്രതീക്ഷ പ്രകടിപ്പിച്ചു.