തിരുവനന്തപുരം: നേമം മണ്ഡലം ബിജെപിയിൽ നിന്ന് തിരിച്ചുപിടിച്ച് ഒരു വർഷം പൂർത്തിയായപ്പോൾ, ബിജെപിയെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി. രണ്ട് പോസ്റ്റുകളാണ് മന്ത്രി ശിവൻകുട്ടി പങ്കുവച്ചത്. 'നേമം മണ്ഡലത്തിലെ കാവിക്കറ കഴുകിക്കളഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം' എന്ന തലക്കെട്ടോടെ ചിത്രം പങ്കുവച്ചായിരുന്നു ശിവൻകുട്ടിയുടെ ആദ്യ പരിഹാസം. പിന്നാലെ 'ഇനി പൂജ്യത്തിന്റെ കാര്യത്തിൽ തർക്കം വേണ്ട. പൂജ്യം കണ്ട് പിടിച്ചത് നമ്മൾ തന്നെയാണ്' എന്ന ക്യാപ്ഷനോടെ 'താമര'യെ ഫ്ളഷ് ചെയ്യുന്ന ചിത്രവും മന്ത്രി പങ്കുവച്ചു.

കേരളമാകെ ചർച്ചയായ നേമം മണ്ഡലം ശക്തമായ പോരാട്ടത്തിനൊടുവിലാണ് സിപിഎം തിരിച്ചുപിടിച്ചത്. 3,949 വോട്ടുകൾക്കാണ് വി.ശിവൻകുട്ടി ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തിയത്. കോൺഗ്രസ് സ്ഥാനാർത്ഥി കെ.മുരളീധരൻ മൂന്നാം സ്ഥാനത്തായി.

2016 ൽ ഒ.രാജഗോപാലിനോട് പരാജയപ്പെട്ട ശിവൻകുട്ടിക്ക് ഇത് മധുര പ്രതികാരമായിരുന്നു. ഒ. രാജഗോപാൽ ജയിച്ച മണ്ഡലം കൈവിട്ടത് ബിജെപിക്കു ക്ഷീണമാകുകയും ചെയ്തു. 2016ൽ വി ശിവൻകുട്ടിയെ പരാജയപ്പെടുത്തിയായിരുന്നു ബിജെപി ഒ രാജഗോപാലിലൂടെ സംസ്ഥാനത്ത് അക്കൗണ്ട് നേടിയത്. 8671 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു അന്ന് ബിജെപി വിജയിച്ചത്. എന്നാൽ 2021ൽ അത് ആവർത്തിക്കാനായില്ല. സംസ്ഥാനത്താകെ ആഞ്ഞടിച്ച ഇടതുതരംഗത്തിൽ നേമത്തും ബിജെപിക്ക് കാലിടറുകയായിരുന്നു.

പാർട്ടി വോട്ടുകൾക്ക് പുറമെ ന്യൂനപക്ഷ വോട്ടുകളിൽ വലിയൊരു ശതമാനം ലഭിച്ചതും എൽ.ഡി.എഫിന് തുണയായി. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ േവോട്ട് വർധനയുൾപ്പെടെ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചു.മണ്ഡലത്തിലെ മുൻ എംഎ‍ൽഎ എന്ന നിലയിലുള്ള പ്രവർത്തനങ്ങളും സർക്കാറിൻ മേലുള്ള വോട്ടർമാർക്കുള്ള വിശ്വാസവുമാണ് മണ്ഡലം തിരിച്ചുപിടിക്കാൻ സഹായകമായത്.